താൾ:Kulastreeyum Chanthapennum Undayathengane.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദായക്കാരെപ്പോലെ സ്ത്രീധനസമ്പ്രദായം ഏർപ്പെടുത്തിയത്. അദ്ദേഹം എഴുതുന്നു: "ഇവർ ഭാര്യമാരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം ഉള്ളവരായിരുന്നു. ഭാര്യയെ ഇഷ്ടമല്ലെങ്കിൽ അവളെ തിരികെ വീട്ടിൽ കൊണ്ടുവിട്ടിട്ട് പണം മടക്കിവാങ്ങും... ക്രിസ്ത്യാനികളായ പുലയരും പെണ്മക്കളെ വിവാഹത്തിനു കൊടുക്കുമ്പോൾ വരനിൽനിന്ന് 'പുരുഷധനം' (പെൺപണം) വാങ്ങുന്ന പതിവു തുടർന്നു. വധുവിനുവേണ്ടി പണം നൽകാൻ വരന് പ്രയാസമാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ അടിമസഭകളിലും ഞാൻ സമരംതന്നെ നടത്തിയിട്ടുണ്ട്. ഒടുവിൽ വിജയിച്ചു. ഇപ്പോൾ വിവാഹിതരാകുന്ന പെൺകുട്ടികൾ അവരുടെ പിതൃസ്വത്തിന്റെ ഒരുഭാഗം - അല്പം തുണികളും പാകംചെയ്യാനുള്ള മൺകലവും ചട്ടികളുംമാത്രം - ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുവരുന്നു." (സാമുവൽ നെല്ലിമുകൾ, കേരളത്തിലെ സാമൂഹ്യപരിവർത്തനം, കോട്ടയം, 2003, പുറം 239-40)

ഇത് വരവിലയായി മാറാൻ കുറേക്കാലംക്കൂടി പിടിച്ചു. എങ്കിലും വിവാഹവേളയിൽ പെൺവീട്ടിൽനിന്ന് ചെറുക്കൻവീട്ടിലേക്ക് ധനം കൈമാറുന്ന രീതിയാണ് 'പരിഷ്കൃത'മായത് എന്ന ധാരണയ്ക്ക് വേരോട്ടമുണ്ടാകാൻ ഇതൊക്കെ സഹായകമായി.

കേരളചരിത്രരചനയെ ഇത്തരം ധാരണകൾ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഈ കാലഘട്ടത്തെ 'കേരളീയനവോത്ഥാനം' എന്നാണല്ലോ നാം വിളിക്കാറ്. ഈ സമൂഹത്തിന്റെ ആണിക്കല്ലുകളായ എല്ലാ സ്ഥാപനങ്ങളും ആശയധാരകളും വിമർശനാത്മകമായ വിലയിരുത്തലിനു വിധേയമായ കാലം എന്ന അർത്ഥത്തിലാണിത്. പക്ഷേ, ഈ വിലയിരുത്തൽ വലിയൊരളവുവരെ പുരുഷപക്ഷത്തുനിന്നായിരുന്നു എന്ന തിരിച്ചറിവ് സ്ത്രീപക്ഷചരിത്രരചനയുടെ വളർച്ചയിലൂടെ ഉണ്ടായതാണ്. അതുവരെ മരുമക്കത്തായം, പെൺപണം മുതലായവ 'വെറും അപരിഷ്കൃത'മായ ഏർപ്പാടുകളായിരുന്നുവെന്ന അവകാശവാദമായിരുന്നു ആധുനിക കേരളത്തെക്കുറിച്ചുള്ള ചരിത്രരചനയുടെ അടിസ്ഥാനധാരണകളിലൊന്ന്.

'പാണ്ഡവാചാരം' പോലുള്ള സമ്പ്രദായങ്ങളിൽ ദമ്പതിമാർ തമ്മിലുള്ള സ്നേഹമോ ബഹുമാനമോ അസാദ്ധ്യമാണെന്നായിരുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പല നാട്ടുകാരുടെയും ബ്രിട്ടിഷ് സദാചാരത്തിന്റെ ചില്ലുകളിലൂടെ കേരളത്തെ നോക്കിക്കണ്ട മറ്റു പലരുടെയും അഭിപ്രായം. ഇത്തരം വികാരങ്ങൾ ഈ സമ്പ്രദായക്കാർ പ്രകടിപ്പിച്ചാലും, അതു തിരിച്ചറിയാനും അംഗീകരിക്കാനും ആധുനികർക്കു കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു മുൻവിധിയായിരുന്നു. പഴയ സി.എം.എസ് രേഖകളിൽ കണ്ട ഒരു കഥയാണ് ഇവിടെ ഓർമ്മവരുന്നത്. ഏകദേശം 1850കളിൽ നടന്നതാണ്. സംഭവത്തിനു സാക്ഷിയായിരുന്ന ഒരു സി.എം.എസ്. മിഷണറി തന്റെ മേലധികാരികൾക്കെഴുതിയ കത്താണ് ഇതിനാധാരം. പാണ്ഡവാചാരപ്രകാരം വിവാഹംകഴിച്ചിരുന്ന ഒരു തിരുവിതാംകൂറുകാരൻ നായർയുവാവ് ബ്രിട്ടിഷ്കൊച്ചിയിൽ ജോലിനോക്കുകയായിരുന്നു. കുറച്ചുനാൾകഴിഞ്ഞ് അയാൾ ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ചു. പാണ്ഡവാചാരം ക്രിസ്തുമതപ്രകാരം പാപമായതുകൊണ്ട് അയാൾ ബന്ധമൊഴിയാൻ തീരുമാനിച്ചു. ആദ്യം ഭാര്യയോട് 'പാപകരമായ' അവളുടെ ജീവിതംവിട്ട് തന്നോടൊപ്പം ക്രിസ്തുമതം സ്വീകരിച്ച് തന്റെമാത്രം പത്നിയായി കഴിയണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇതുകേട്ട് അമ്പരന്നുപോയ ഭാര്യ നെഞ്ചത്തടിച്ചു കരഞ്ഞുതുടങ്ങിയത്രെ. യുവാവ് നിരാശനായി മടങ്ങി. ഇതേത്തുടർന്നുണ്ടായ സംഭവങ്ങൾ തനിക്ക് തീരെ മനസ്സിലാകുന്നില്ലെന്ന് മിഷണറി തന്റെ കത്തിൽ തുറന്നു സമ്മതിക്കുന്നു! ഭർത്താവ് വിട്ടുപോയതിനെത്തുടർന്ന് ഈ ഭാര്യ നിത്യരോഗിയായിത്തീർന്നത്രെ. ഇതുകണ്ട് അവരുടെ മറ്റു (മൂന്നു) ഭർത്താക്കന്മാർ ആകെ ദുഃഖിതരായി; അവരുടെ കോപംമുഴുവൻ വിട്ടുപോയ സഹോദരന്റെ നേരെയായി. അയാളെ മർദ്ദിച്ചവശനാക്കി തങ്ങളുടെയൊപ്പം കൊണ്ടുപോകാൻ അവർ ശ്രമിച്ചു. നാലുപേരിൽ ഒരാൾ പോയതിന് ഈ സ്ത്രീ എന്തിനിത്ര ദുഃഖിച്ചു? ഒരാൾ ഒഴിഞ്ഞുപോയപ്പോൾ മത്സരം അത്രയും കുറഞ്ഞല്ലോ എന്നോർത്ത് മറ്റു മൂന്നുപേർ സന്തോഷിക്കാത്തതെന്തുകൊണ്ട്? ഇതായിരുന്നു മിഷണറിയുടെ സംശയം.

മിഷണറിയുടെ ഈ പ്രതികരണത്തിൽ രണ്ടു മുൻവിധികളാണുള്ളത്. ഒന്ന്, നാലു ഭർത്താക്കന്മാരുള്ള സ്ത്രീക്ക് വെറും 'കച്ചവടബന്ധം' മാത്രമേ ഈ നാലുപേരുമായി ഉണ്ടാകാനിടയുള്ളൂ എന്ന വിചാരം. അതായത് അവർക്ക് ഈ നാലുപേരെയും സ്നേഹിക്കാൻ കഴിയില്ല എന്ന തോന്നൽ. അതുകൊണ്ടാണ് ഒരാൾ നഷ്ടമായപ്പോൾ ഈ സ്ത്രീ വികാരാധീനയായതെന്തുകൊണ്ടെന്ന് മിഷണറി ചോദിച്ചത്. രണ്ട്, ഒരേ സ്ത്രീയുമായി വിവാഹത്തിലേർപ്പെടുന്ന പുരുഷന്മാർ തമ്മിൽ മത്സരം, അസൂയ മുതലായ ദുഷിച്ച വികാരങ്ങൾമാത്രമേ ഉണ്ടാകാനിടയുള്ളു എന്ന മുൻവിധി. അതാണ് നാലാളിൽ ഒരാൾ ഒഴിഞ്ഞുപോയാൽ മറ്റു മൂന്നുപേർ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് മിഷണറി ചോദിച്ചത്. ഈ മിഷണറിയുടെ അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. മുമ്പ് ഉദ്ധരിച്ച നരവംശശാസ്ത്രജ്ഞൻ ഫാസറ്റ് തിരുവിതാംകൂറിൽ മിഷണറിവേല ചെയ്തവരിൽ പ്രമുഖനായിരുന്ന റവ. സാമുവൽ മറ്റീയർ (Samuel Mateer) സൂചിപ്പിച്ച ഒരു സംഭ

104

'വരവില' എന്ന നുകം രൂപമെടുക്കുന്നു


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/104&oldid=162733" എന്ന താളിൽനിന്ന് ശേഖരിച്ചത്