Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്താണ് സ്ത്രീധനത്തുക ക്രമാതീതമായി വർദ്ധിച്ചതും അനിയന്ത്രിതമായിത്തീർന്നതും. 1930കൾ ആയപ്പോഴേക്കും 'സാമ്പത്തിക കുഴപ്പത്തിന്റെ' നീരാളിപ്പിടുത്തംമൂലം കൃഷിയെ ആശ്രയിച്ചുജീവിച്ച കുടുംബങ്ങൾ വല്ലാത്ത പ്രതിസന്ധിയിലായി.

സ്ഥിരവരുമാനമുള്ള വരന്റെ വില കുതിച്ചുയരുകയുംചെയ്തു. പല സ്ത്രീകളും വിവാഹം വേണ്ടെന്നുവച്ച് ഉന്നതവിദ്യാഭ്യാസംനേടി ഉദ്യോഗസ്ഥകളും അദ്ധ്യാപികമാരും മറ്റുമായി. പരമ്പരാഗതകുടുംബങ്ങളിൽ വരവില ഉണ്ടാക്കിയ നഷ്ടത്തിന്റെയും വേദനകളുടെയും ഏറ്റവും മിഴിവുറ്റ ചിത്രങ്ങൾ 1940കളിലും 1950കളിലും ചെറുകഥകളെഴുതി പ്രസിദ്ധീകരിച്ച കെ. സരസ്വതിയമ്മയുടെ രചനകളിലാണുള്ളത്. > കാണുക പുറം 121 <

സുറിയാനി ക്രിസ്ത്യാനികളിൽ പലരും വരവിലയുടെ വരവുകൊണ്ടുള്ള അപകടം നേരത്തെ തിരിച്ചറിയുകയും അതിനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്നു. സി.അന്തപ്പായി, കൊച്ചീപ്പൻ തരകൻ മുതലായ സമുദായസ്നേഹികൾ സ്ത്രീധനത്തിന്റെ അധഃപതനത്തെ എതിർക്കുകയും ആണ്മക്കളെ വിറ്റുകാശാക്കുന്ന കുടുംബക്കാരെ സമുദായത്തിനു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1927ൽ ശ്രീമതി ഐ.സി. ചാക്കോ ഇങ്ങനെയെഴുതി:

...ഒരാൾ കുറേ പണംകൊടുത്ത് ഒരു കാളയെയോ കുതിരയെയോ വിലയ്ക്കുവാങ്ങിക്കുന്നതുപോലെ ഒരു പിതാവ് തന്റെ പുത്രിക്ക് ഒരു വരനെ അവന്റെ യോഗ്യതാനുസരണം കൂടുതലായോ കുറവായോ ഉള്ള ഒരു വില അവന്റെ പിതാവിനു കൊടുത്തു വാങ്ങിക്കുന്നു. ആ വിലയാണ് നമ്മുടെ സ്ത്രീധനം. ആ ധനം ഭർത്താവിന്റെ പിതാവ് അയാളുടെ സ്വന്തംപോലെ ഉപയോഗിക്കുന്നു. സ്ത്രീ അതു കണികാണുകപോലും ചെയ്യുന്നില്ല. ഈ ഏർപ്പാടിനെ എത്ര പഴിച്ചാലും മതിയാവകയില്ല. ഇങ്ങനെ പുത്രന്മാരെ വിറ്റു ചെലവുകഴിക്കുന്ന മാതാപിതാക്കന്മാരുടെയും ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് അവളുടെ പിതാവിനോടു സ്ത്രീധനമെന്നുപറഞ്ഞു കൈക്കൂലിവാങ്ങിക്കുന്ന ഭർത്താക്കന്മാരുടേയും പേരുകൾ... പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി അവരുമായി സമുദായനിസ്സഹകരണമനുഷ്ഠിക്കുന്നത് ഇതിനൊരു പ്രതിവിധിയായിരിക്കുമെന്ന് തോന്നുന്നു.

('നമ്മുടെ സ്ത്രീകൾ', വനിതാകുസുമം 1(6) 1927)


Dorothea Lange, Migrant Mother, 1936
1930കളിലെ സാമ്പത്തികമാന്ദ്യം
1920കളോടെ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥ വലിയ ഒരളവുവരെ ലോകവിപണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. വാണിജ്യവിളകൾ വ്യാപകമാവുകയും പണമിടപാട് സാധാരണമാവുകയും ചെയ്തു. തെങ്ങുകൃഷി 1900നുശേഷം വളരെ വിപുലമായിത്തീർന്നു; അക്കാലത്ത് തേങ്ങയ്ക്കു നല്ല വിലകിട്ടുകയും ചെയ്തു. പക്ഷേ, 1920കളുടെ ഒടുക്കം ലോകവിപണിയെ മുഴുവൻ ബാധിച്ച ഒരു വൻസാമ്പത്തികമാന്ദ്യം (Great Depression) പൊട്ടിപ്പുറപ്പെട്ടതോടെ നെല്ലിനും തേങ്ങയ്ക്കും വല്ലാതെ വിലയിടിഞ്ഞു. ചെറുകിടകർഷകരുടെ നട്ടെല്ലൊടിക്കുന്ന ഇടിവായിരുന്നു ഇത്. മരുമക്കത്തായകൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നിയമം തിരുവിതാംകൂറിൽ 1925ൽ നടപ്പിലായതിനുപുറകെയായിരുന്നു ഈ ആഘാതം. 1925നും 1931നുമിടയ്ക്ക് 33,000 ഭാഗപത്രങ്ങളാണ് തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്! കൃഷി ഗുണകരമല്ലെന്നുംകൂടിവന്നപ്പോൾ സ്വത്തുക്കളുടെ വില്പനയും വർദ്ധിച്ചു. കരത്തിലും സ്കൂൾഫീസിലുംമറ്റും തിരുവിതാംകൂർ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഭൂനികുതി അടയ്ക്കാൻ നിവൃത്തിയില്ലാതെ പുരയിടം വിറ്റവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മലബാറിലാണെങ്കിൽ, ഭൂനികുതിയിലുണ്ടായ വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാഴ്ത്തി; കൊച്ചിയിലും പണയഭൂമികളുടെ എണ്ണം വർദ്ധിക്കുകയും വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുകയും ചെയ്തു.


കീഴാളവിഭാഗക്കാരുടെയിടയിൽനിന്ന് ഇതേകാലത്ത് പെൺപണം തിരോധാനം ചെയ്തെങ്കിലും സ്ത്രീധനം വന്നുതുടങ്ങിയിരുന്നു. പുലയസമുദായ സംഘടനകൾ ഇതിനെ പുരോഗതിയുടെ ലക്ഷണമായി എണ്ണിയെന്ന് കെ.സി. അലക്സാണ്ടർ Social Mobility in Kerala (1968) എന്ന പുസ്തകത്തിൽ വാദിക്കുന്നു. ഈ മാറ്റത്തിന്റെ നല്ലൊരു ചിത്രം,


107


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/107&oldid=162736" എന്ന താളിൽനിന്ന് ശേഖരിച്ചത്