Jump to content

താൾ:Kristumata Nirupanam.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നി‌ഷേധത്തെ വിധിയെന്നു മയങ്ങി വിപരീതമായിട്ടു ധരിക്കുന്നതിലേയ്ക്കു കാരണമായ അജ്ഞാനം എങ്ങനെയുണ്ടായി? ആ മയക്കം പിശാചിനാൽ വന്നതാകുന്നു. എന്നാൽ പുറമെയുള്ള കാരണമായ ആയിരം പിശാചു കൂടിയാലും ഉള്ളിലെ കാരണമായ അജ്ഞാനമില്ലാത്തപ്പൊഴെങ്ങും മയക്കത്തേ ഉണ്ടാക്കുവാൻ കഴികയില്ല.

ഇനി സർവ്വജ്ഞാനത്തിന്റെ ഇല്ലായ്മയാണ് മയക്കത്തിലേയ്ക്കു കാരണം എങ്കിൽ മോക്ഷവാസികളും മയക്കമുള്ളവരായിപ്പോകും. അല്ലാതെയും സർവ്വജ്ഞാനശുന്യം എന്നത് എത്താത്തകാര്യങ്ങളെ അറിയാതെ ഇരിക്കുന്നതിനു കാരണമായി ഭവിക്കും എന്നല്ലാതെ എത്തി അറിഞ്ഞ കാര്യത്തെ വിപരീതമായി ധരിച്ചുകൊള്ളുന്നതിനു കാരണമാകയില്ലാ.

ആത്മാവിനു ദൈവത്തിനാൽ കൊടുക്കപ്പെട്ട സ്വാധികാരമാണ് മയക്കത്തിന്റെ ഉൾക്കാരണമെങ്കിൽ സ്വാധികാരം എന്നതു വേറൊന്നിന്റെ വശപ്പെട്ട് മയക്കത്തിനു കാരണമാകുന്നതല്ല. തന്റെ വശപ്പെട്ടു മയങ്ങാതെയിരിക്കുന്നതിലേയ്ക്കു കാരണമായിരിക്കുന്നതാണ് എന്നുള്ളത് യുക്തിസിദ്ധമായിരിക്കെ അതാണ് മയങ്ങുന്നതിനു കാരണമെന്നു പറയുന്നത്, പുക കാണുക കൊണ്ട് അഗ്നി ഇല്ലാ എന്നു പറയുന്നപോലെ വിരോധമാകുന്നു.

എന്നാൽ ഒരു കാരണവും കൂടാതെ ചുമ്മാ മയങ്ങിപ്പോയി എങ്കിൽ അപ്രകാരം തന്നെ മോക്ഷവാസികളും ഒരു കാരണവും കൂടാതെ മയങ്ങിപ്പോകുമെന്നു വരും. അല്ലാതെയും ഒരു മോക്ഷവാസി ആന്തര കാരണമായിട്ടു യാതൊന്നും ബാഹ്യകാരണമായ പിശാചും കൂടാതെ തന്നെത്താനെ മയങ്ങിത്തിരിഞ്ഞു പിശാചായിപ്പോയി എന്നു ബൈബിൾ പറകകൊണ്ട് മുക്തി സിദ്ധിച്ചവരും ചിലപ്പോൾ മയങ്ങി പാപികളായി നരകത്തിലേയ്ക്കു പോകുമെന്നും ആ സ്ഥിതിക്ക് ആ മുക്തി അനിത്യമായി ഭവിക്കുമെന്നും ആകയാൽ അതിനെ പ്രാപിച്ചിട്ടു ഫലമില്ലെന്നും കൂടി നിശ്ചയമാകും.

ഇനിയും ദൈവം ആദ്യം ഇല്ലാതിരുന്ന ആത്മാക്കളെ ഇടക്കാലത്തിൽ സൃഷ്ടിക്കുമെന്നു പറഞ്ഞല്ലോ? അദ്ദേഹം സൃഷ്ടിക്കുന്നതിനു മുമ്പിൽ ആത്മാക്കൾ ഒരുത്തരുമില്ലാതിരുന്നതുകൊണ്ട് അവരാൽ ചെയ്യപ്പെട്ട യാതൊരു കാര്യങ്ങളും ഇല്ലാതെതന്നെയിരിക്കും. അങ്ങനെയിരിക്കുമ്പോൾ ദൈവം ആത്മാക്കളിൽ ചിലരെ ഉത്തമശരീരികളായിട്ടും, ചിലരെ മദ്ധ്യമശരീരികളായിട്ടും, ചിലരെ അധമശരീരികളായിട്ടും, ചിലരെ കുരുടന്മാരായിട്ടും, ചിലരെ ചെകിടന്മാരായിട്ടും, ചിലരെ മുടന്തന്മാരായിട്ടും,

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/75&oldid=162602" എന്ന താളിൽനിന്ന് ശേഖരിച്ചത്