താൾ:Kristumata Nirupanam.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആത്മാവിനെ *ഉപാദാനകാരണത്തിൽ[1] നിന്നും സൃഷ്ടിച്ചുവെങ്കിൽ അതു പിന്നീടും നശിച്ച് ആ കാരണത്തിൽതന്നെ ഒടുങ്ങിപ്പോകും. ശൂന്യത്തിൽനിന്നും സൃഷ്ടിച്ചുവെങ്കിൽ അതു പിന്നീടും അങ്ങനെതന്നെ അഴിഞ്ഞു ശൂന്യമായിപ്പോകും. എന്നുതന്നെയല്ലാ ശൂന്യത്തിൽനിന്നും സൃഷ്ടിയെന്നു പറയുന്നതേ ചേരുകയില്ല. സ്ഥാവരങ്ങളെയും മനു‌ഷ്യശരീരത്തെയും മൽസ്യങ്ങളെയും സൃഷ്ടിക്കുന്നതിലേയ്ക്കു മണ്ണിനെയും ജലത്തെയും ഉപാദാനകാരണമായിട്ട് എടുത്ത ദൈവം ഉപാദാന കാരണംകൂടാതെ ശൂന്യത്തിൽ നിന്നും സൃഷ്ടിക്കയില്ല.

ദേവസമാനമായിട്ടു ശുദ്ധി, ജ്ഞാനം,ആനന്ദം, ഇവകൾ ഉള്ളതായി സൃഷ്ടിക്കപ്പെട്ട ആത്മാവിന് അനന്തരം ശരീരത്തെയും കൂടി കൊടുക്കണമെന്നില്ലല്ലോ. ആത്മാവിനു സഹജമായി പ്രകാശിച്ചിരുന്ന ജ്ഞാനത്തെയും ആനന്ദത്തെയും തെളിയുക്കുന്നതിലേയ്ക്കു ശരീരം വേണമെങ്കിൽ ആത്മാവ് ശുദ്ധജ്ഞാനിയായിട്ടല്ല സൃഷ്ടിക്കപ്പെട്ടതെന്നും ആത്മാവിന്റെ ജ്ഞാനം, കൃത്യം, പ്രകാശം ഇവകൾക്കു തടവുണ്ടായിരുന്നു എന്നും ആ തടവിനെ ഉണ്ടാക്കിയതുകൊണ്ടു ദൈവം കൃപയില്ലാത്തവനെന്നും സമ്മതിക്കേണ്ടിവരും. ആത്മാക്കൾക്കു ആദ്യം കൊടുത്ത ശരീരം ശുദ്ധശരീരംതന്നെ ആയിരുന്നുവെങ്കിൽ അതിന്നു വിശപ്പ് മുതലായ ദോ‌ഷങ്ങൾ ഉണ്ടാവാൻ ഇടയില്ല. ആ സ്ഥിരിക്കു സ്ഥാവരഭോജനം വിധിച്ചു എന്നും ഒരു പഴം തിന്നു എന്നും പറയുന്നതു കള്ളമായിപ്പോകും. ശുദ്ധജ്ഞാനികൾക്കു ശുദ്ധശരീരംപോലും വേണമെന്നില്ലല്ലോ. ശുദ്ധ ജ്ഞാനികളായ മോക്ഷവാസികൾ എന്നെന്നേയ്ക്കും ശുദ്ധജ്ഞാനികളായിരിക്കുമെന്നു ബൈബിളിൽ കാണുന്നുവെങ്കിൽ (2 കൊളന്തിയക്കാർ 4 അ - 18 വ) കാണപ്പെട്ടവ അനിത്യങ്ങളാകുന്നു എന്നു പറഞ്ഞപ്രകാരം തന്നെ മോക്ഷവാസികളും ശരീരത്തോടുകൂടിയവരാകയാൽ അഴിഞ്ഞുപോകുമെന്നുള്ളതു നിശ്ചയമാകുന്നു. ആദിമനു‌ഷ്യൻ ശരീരം വിശപ്പു മുതലായവയോടുകൂടി ഇരുന്നതുകൊണ്ട് മോക്ഷവാസികൾക്കും അതുപോലെ വിശപ്പു മുതലായവ സംഭവിക്കുകയും ബൈബിൾ കള്ളമായിപ്പോകയും ചെയ്യും. ആകയാൽ ശുദ്ധജ്ഞാനികൾക്കു കൊടുക്കപ്പെട്ട ശരീരം ശുദ്ധമുള്ളതല്ല. ഒരുവേള ശുദ്ധമുള്ളതെന്നു വരികിലും ആയത് വേണമെന്നുള്ളതല്ല.

ആദ്യം സൃഷ്ടിക്കപ്പെട്ടപ്പൊഴെതന്നെ ആത്മാവിന്നു ശുദ്ധിയും ജ്ഞാനവും ഉണ്ടായിരുന്നുവെങ്കിൽ ആയതിനു വിധിയെ നി‌ഷേധമെന്നും

  1. ഉപാദാനകാരണം = ബൈബിൾ പറയുന്നത് ദൈവം ഭൂമിയിലെ പൊടികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തി എന്നാണു. ആത്മാവിനെയും ഇതുപോലെ രൂപപ്പെടുത്തിയെങ്കിൽ ഭൂമിയിലെ പൊടിയാണ് ഉപദാന കാരണം.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/74&oldid=162601" എന്ന താളിൽനിന്ന് ശേഖരിച്ചത്