താൾ:Kristumata Nirupanam.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അല്ലയോ ക്രിസ്തീയ പ്രസംഗികളേ,

ദൈവം മനു‌ഷ്യന്റെ മൂക്കിന്റെ ഓട്ടയിൽകൂടെ ജീവശ്വാസത്തെ ഊതി, അതുകൊണ്ട് അവൻ ജീവാത്മാവോടുകൂടിയവനായി എന്നു നിങ്ങൾ പറയുന്നല്ലോ. ജീവശ്വാസം തന്നെ ആത്മാവായി എന്നു സമ്മതിക്കുന്നപക്ഷം അത് അണുകൂട്ടമായി ഭൂതത്തിൽ ഒന്നായി ജഡമായി നശ്വരവസ്തുവായിരിക്കും. അല്ലാതെ ചേതന വസ്തു ആകയില്ല. ആയതുകൊണ്ടും നിദ്രയിൽ പ്രാണവായു യാതൊന്നും അറിയുന്നതായി കാണാത്തതുകൊണ്ടും ഈ പറയുന്നതു ചേരുകയില്ല. അതിനെ കൂടാതെ വേറെ ഒരു ആത്മാവ് സൃഷ്ടിക്കപ്പെട്ടതായി വിചാരിക്കുന്നു എങ്കിൽ അതിനു വാക്യപ്രാമാണവും ഇല്ല.

ഇനി ജീവശ്വാസത്തെ ആകട്ടെ അല്ലെങ്കിൽ വേറെ ഏതിനെ എങ്കിലും ഒന്നിനെ ആകട്ടെ ആത്മാവ് എന്നു സമ്മതിക്കുന്നപക്ഷം ആത്മാവ് അനാദിയിലേ ഉള്ളതായിരുന്ന ഇടയ്ക്ക് ദൈവത്തിനാൽ വിശേ‌ഷപ്പെടുത്തി ശരീരത്തോടുകൂടി സൃഷ്ടിക്കപ്പെട്ടു എങ്കിൽ അതൊരുവിധം നമുക്കും സമ്മതമാകും. ഇടയ്ക്കു നൂതനമായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിൽ അത് ഒരുപ്രകാരത്തിലും ചേരുകയില്ലെന്നുള്ളതിലേയ്ക്കു പല ന്യായങ്ങളെയും കൂടി കാണിക്കാം. എങ്ങനെ എന്നാൽ ആദ്യം ഇല്ലാതിരുന്ന ആത്മാവിനെ നൂതനമായിട്ടു സൃഷ്ടിക്കുന്നതിലേയ്ക്കു യാതൊരു നിമത്തവും ഇല്ലാ.

നമുക്ക് അറിവാൻ പാടില്ലാതെ ഒരു നിമിത്തം ഉണ്ടായിരിക്കും ആ നിമിത്തം അനാദിയായിട്ടുള്ളതെന്നു വരികയും ചെയ്തു എങ്കിൽ സൃഷ്ടിയും അനാദിയായിട്ടുള്ള താണെന്നു പ്രസംഗിക്കേണ്ടിവരും.

ഇടക്കാലത്ത് താനായിട്ടുതന്നെ വന്നതെന്നോ അന്യന്മാരാൽ വന്നതെന്നോ പറയുന്നുവെങ്കിൽ ദൈവം സർവ്വ കർത്താവല്ലെന്ന് ആയിത്തീരും. ദൈവത്തിനാൽ ചെയ്യപ്പെട്ടതാ കുന്നു ഏങ്കിൽ ആ നിമിത്തത്തെ ചെയ്യുന്നതിന് വേറെ ഒരു നിമിത്തം വേണ്ടിവരും. ഇപ്രകാരം ഒരു വരമ്പില്ലാതെ അനവസ്ഥ വന്നുപോകും.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/73&oldid=162600" എന്ന താളിൽനിന്ന് ശേഖരിച്ചത്