വർണ്ണം, ജഡത്വം, പ്രകാശം അല്ലെങ്കിൽ അപ്രകാരം; ഉഷണം അല്ലെങ്കിൽ ശീതം ഇവകളും ഇരിക്കയാൽ ക്രമത്തിനു ചതുരേകത്വം, പഞ്ചൈകത്വം, ദ്വ്യേകത്വം, ത്യ്രകത്വം, ഷഡേകത്വം, ദശൈകത്വം എന്നും ഇങ്ങനെ ഗുണങ്ങൾ പലതായിരിക്കയാൽ ഓരോ വസ്തുവിന് ഒന്നുമുതൽ അനേകൈകത്വം പറയേണ്ടതായി വരും. സൂര്യനു നിങ്ങൾ (ക്രിസ്ത്യന്മാർ ) പറയുന്നപ്രകാരം, നിറം, ഉഷ്ണം ഈ മുന്നു ഗുണങ്ങൾ മാത്രമല്ല സ്പർശം, ജഡം, ദൂരം, വൃത്തം, അളവ്, ആകൃതിവിശേഷം മുതലായ ഗുണങ്ങൾ ഇരിക്കുന്നു. പിതാവ്, പുത്രൻ, ആത്മാവ് ഇവർ മൂന്നുപേരും ഗുണങ്ങളാണെങ്കിൽ അതിനു 1ഗുണി[1] ഏത്? ആ ഗുണിക്ക് ഈ ഗുണങ്ങൾ ഭിന്നങ്ങളോ, അഭിന്നങ്ങളോ? ഗുണിക്കു ഗുണങ്ങൾ അഭിന്നങ്ങളാണെന്നുള്ളത് ആർക്കും അനുഭവമത്ര. ഗുണങ്ങളായവ ഗുണിയോടു വേർപ്പെട്ടു തനിച്ചു പ്രവർത്തിക്കുമോ? ഉദരത്തിൽചെന്നു ജനിച്ച് അന്തഃകരണ ബഹിഷ്ക്കരണങ്ങളോടുകൂടി മനുഷ്യാകൃതിഎടുത്തു ഉണ്ടുടുത്ത് വാഴ്ന്ന് ചിരിച്ചുകരഞ്ഞ് മരിക്കുമോ? ഇതി തീരേ ചേർച്ചയില്ലാത്തതാകയാൽ ഇച്ചെയ്വനകൾക്കുൾപ്പെട്ടവരായ പിതാവ്, പുത്രൻ, ആത്മാവ് ഈ മൂവരും ഗുണങ്ങളെന്നു പറയുന്നത് ശരിയല്ലാത്തതാകുന്നു.
ഇനി ചിലർ ഹസ്തകരപാണി എന്നപോലെ ഒന്നെന്നു പറയുന്നു. ഇത് ഒരു വസ്തുവിനുതന്നെ മൂന്നു നാമങ്ങളാണ്. ഇങ്ങനെ ഒരുവനുതന്നെ പിതാവ്, പുത്രൻ, ആത്മാവ് എന്നു മൂന്നു നാമങ്ങളായിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ പിതാവ് ഒരു സ്ഥലത്തും പുത്രൻ വേറൊരു സ്ഥലത്തും ആത്മാവ് മറ്റൊരിടത്തും ഇരുന്നു കൂടാ. ഒരു സ്ഥലത്ത് ഹസ്തവും ഒരു സ്ഥലത്ത് കരവും ഒരു സ്ഥലത്ത് പാണിയും വേറെ വേറെയിരിക്കുന്നുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് ഈ ഉപമാനവും ചേരുന്നില്ല.
മനുഷ്യൻ ഒരുത്തൻതന്നെ ജീവനും, ദേഹവും എന്ന രണ്ടും ആയിരിക്കുന്നു. അതുപോലെ ഒരുത്തൻ മൂന്നു പേരായിരിക്കുമെന്നു പറയുന്നുവെങ്കിൽ നിങ്ങൾ എടുത്തു കൊണ്ടുവരുന്ന 2ദൃഷ്ടാന്തത്തിനു[2] പറഞ്ഞ 3ദൃഷ്ടാന്തികം[3] ചേരുകയില്ല 4നിസ്സർഗ്ഗേണ[4] ചേതനത്വം, അചേതനത്വം,