കൊണ്ട് സൂര്യൻ പ്രതിബിംബിക്കുന്നു. സൂര്യൻ ഇടവിടാതെ എങ്ങും പരിപൂർണ്ണനായിരുന്നു എങ്കിൽ ജലമിരിക്കുന്നതിനു സ്ഥലവുമില്ല. അപ്പോൾ പ്രതിബിംബവും ഉണ്ടാകയില്ല. നിങ്ങൾ പിതാവിനെ പരിപൂർണ്ണനെന്നു പറയുന്നുമുണ്ട്. ആ സ്ഥിതിക്കു പിതാവിന്റെ പ്രതിബിംബമാണ് യേശു എന്നു പറയുന്നത് ഒരിക്കലും ശരിയായിട്ടുള്ളതല്ല.
ഇനി വേറെ ഒരു ഉപമാനം പറഞ്ഞുനോക്കാം. അതായത് രജ്ജുവിൽ സർപ്പവും കാനലിൽ ജലവും പോലെയാകുന്നു. ഇതിൽ ഉപമേയം കയറ്റിന്റെ സ്ഥാനത്ത് പിതാവും പാമ്പിന്റെ സ്ഥാനത്ത് യേശുവും ആകുന്നു. ഇനി ഇതിലുള്ള ദോഷമെങ്ങനെയെന്നാൽ കയറ്റിൽ പാമ്പും കാനലിൽ ജലവും എങ്ങനെ മിഥ്യയോ എങ്ങനെ സങ്കൽപം മാത്രമായിട്ടിരിക്കുന്നോ (അങ്ങനെ) കയറ്റിനെയും കാനലിനെയും ഒഴിച്ചു സർപ്പവും ജലവും എങ്ങനെയില്ലയോ അപ്രകാരംതന്നെ യേശുവും മിഥ്യാഭൂതനും പിതാവിനെ ഒഴിച്ചു വേറെ ഇല്ലാത്തവനുമാകുന്നു. കയറ്റിൽ മയക്കം ഹേതുവായിട്ട് കാണപ്പെടുന്ന പാമ്പും കാനലിൽ തോന്നുന്ന ജലവും ഒരു സ്ത്രീയുടെ ഉദരത്തിൽ ചെന്നു ജനിക്കുമോ? *ചിജ്ജഡകർമ്മങ്ങളിലെന്തിനെ[1] എങ്കിലും ചെയ്യുമോ? ഇല്ലല്ലോ. ഇത് ശുദ്ധമേ നുണതന്നെയാണ്. അപ്രകാരംതന്നെ യേശു എന്നൊരാൾ ഉണ്ടായിരുന്നെന്നും അനേക കാര്യങ്ങളേ ചെയ്തു എന്നും പറയുന്നതും കള്ളമായിത്തീരും. കയറ്റിൽ തോന്നുന്ന പാമ്പിനെയും കാനലിൽ തോന്നുന്ന ജലത്തേയും പോലെയാണെന്നു പറഞ്ഞേച്ച പിന്നെ യേശു എന്നൊരാൾ വാസ്തവമായിട്ടുണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ? ഈ സ്ഥിതിയിലുള്ള ഒരാളക്കുറിച്ച് ഒരു മതവും വേണമെന്നുണ്ടോ? ഉള്ളപക്ഷം ആ മതത്തെ ബുദ്ധിമാന്മാർ അനുസരിക്കണമെന്നും അതിനെ സത്യമായിട്ടുള്ളതാണെന്നും ശാസ്ത്രജ്ഞന്മാരായിരിക്കുന്ന പണ്ഡിതന്മാരുടെമുമ്പാകെ പ്രസംഗിക്കണമെന്നുംകൂടിയുണ്ടോ? കഷ്ടം! കഷ്ടം!
പിതാവ്, പുത്രൻ, ആത്മാവ് ഈ മുന്നുപേരും ഒന്നാണെന്നുള്ളതിലേയ്ക്ക് ഇനിയുമൊരു ദൃഷ്ടാന്തം പറയുന്നു. അതായതു (സൂരൻ) പ്രകാശം, വർണ്ണം, ഉഷ്ണം ഈ മൂന്നും ഒന്നായിരിക്കുന്നതുപോലെ ഈ മൂന്നുപേരും ഒരുവൻതന്നെ എന്നാകുന്നു. ഇതുകൊണ്ട് ഒരോ പദാർത്ഥങ്ങൾക്കും ഇതുപോലെതന്നെ ദ്വ്യേകത്വം, ത്യേകത്വം, ചതുരേകത്വം, പഞ്ചൈകത്വം, ഷഡേകത്വം, അഷ്ടൈകത്വം മുതലായ അനേകം ഏകത്വങ്ങൾ പറയേണ്ടിവരും. പൃഥിവിക്കു കഠിനഗുണമിരിക്കകൊണ്ട് ഏകൈകത്വമെന്നും ആ പൃഥിവിക്കുതന്നെ കഠിനത്തോടുകൂടി ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം,
- ↑ ചിജ്ജഡകർമ്മങ്ങൾ = ചിത്, ജഡവസ്തു എന്നിവയുടെ കർമ്മങ്ങൾ.