അങ്ങനെ മരിച്ചോ? യേശു നിലവിളിച്ചു. പിതാവും നിലവിളിച്ചോ? യേശു പിതാവിനെ നോക്കി എന്നെ എന്തുകൊണ്ടു കൈവിട്ടു എന്നു പറഞ്ഞു നിലവിളിച്ചു. പിതാവും തന്റെ പിതാവിനെ നോക്കി അപ്രകാരം നിലവിളിച്ചു പറഞ്ഞോ? അപ്രകാരം വിളിച്ചു പറഞ്ഞു എങ്കിൽ ആ പിതാവിന്റെ പിതാവായിട്ടു വേറൊരുത്തനും അവന്റെ പിതാവായിട്ടു മറ്റൊരുത്തനും ഇരിക്കണം. ഇങ്ങനെ *അനവസ്ഥാദോഷമുണ്ടാകും[1]. യേശു ദൈവവും മനുഷ്യനുമായിരുന്നു. പിതാവും അപ്രകാരം ആയിരുന്നോ? യേശു മറിയത്തിന്റെ ഉദരത്തിൽ ജനിച്ചു. പിതാവും അപ്രകാരം ജനിച്ചോ? പിതാവ് പുത്രൻ ഈ രണ്ടുപേരും പരമണ്ഡലത്തിൽ വലതുവശത്തും ഇടതുവശത്തുമായിട്ട് ഇരിക്കുന്നു എന്നു പറയുന്നതിൽ വലതുഭാഗത്തിരിക്കുന്നവൻ ഇടതുഭാഗത്തും ഇടതുഭാഗത്ത് ഇരിക്കുന്നവൻ വലതുഭാഗത്തുമില്ല. ഇതുപോലെ മണ്ണും കുടവും വെവ്വേറെ സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടോ? കാരണമായ മണ്ണിൽ നിന്നും കുടത്തെ ഉണ്ടാക്കുന്നതിന് കുശവൻ വേണമെന്നുള്ളതുപോലെ കാരണമായ പിതാവിൽ നിന്നും യേശുവിനെ ഉണ്ടാക്കുന്നതിലേയ്ക്ക് ഒരുത്തൻവേണം.അവൻ ആർ? അവനെ സൃഷ്ടിച്ചവൻ ഏവൻ? ഇപ്രകാരം അനേക ദോഷങ്ങൾ നേരിടുന്നതുകൊണ്ടും മൃത്ഘടദൃഷ്ടാന്തം[2] ചേരുകയില്ല.
ഇനി ബിംബപ്രതിബിംബദൃഷ്ടാന്തം നോക്കാം, സൂര്യനായ ബിംബം ജലത്തിൽ പ്രതിബിംബിക്കുന്നതുപോലെ പിതാവായ സൂര്യൻ പ്രതിബിംബിച്ചു യേശുവായിത്തീർന്നു. ഇതിലും ദോഷമില്ലാതിരിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്ത് സൂര്യനും യേശുവിന്റെ സ്ഥാനത്ത് പ്രതിബിംബസൂര്യനുമാകുന്നു. ഇവയിൽ സൂര്യൻ ഉള്ള വസ്തു. അപ്രകാരം തന്നെ പിതാവ് ഉള്ളവനും യേശു ഇല്ലാത്തവനും തോന്നൽ മാത്രവും എന്നുവരണം. അപ്പോൾ യേശു ജനിച്ചു കുരിശിൽ തൂങ്ങി മരിച്ച് അത്ഭുതങ്ങളെ ചെയ്തു സ്വർഗ്ഗത്തിരിക്കുന്നു, ന്യായവിധിക്കുവരുമെന്നും മറ്റും ഇതുപോലെയുള്ള അദ്ദേഹത്തിന്റെ ചരിത്രങ്ങൾ അശേഷവും ഇല്ലാത്തവകളാണെന്നു തീർച്ചയാകും. യേശു ഇല്ലാത്തവനെന്നു വരുമ്പോൾ **തച്ചരിത്രങ്ങൾ[3] നേരാകുമോ? ചരിത്രങ്ങൾ കള്ളമെന്നുവരുമ്പോൾ ബൈബിൾ മാത്രം സത്യമാകുമോ? ഈ ബിംബപ്രതിബിംബദൃഷ്ടാന്തത്തിൽതന്നെ ഇനിയുമൊരു ദോഷമിരിക്കുന്നു. ഈ ദൃഷ്ടാന്തം അപരിപൂർണ്ണ വസ്തുവിലല്ലാതെ പരിപൂർണ്ണവസ്തുവിൽ ചേരുകയില്ല. സൂര്യൻ ആകാശത്തു നിൽക്കുന്നു. ജലം താഴത്തും ഇരിക്കുന്നു. സൂര്യൻ ഇരിക്കുന്നിടത്തു ജലവും ജലം ഇരിക്കുന്നിടത്തു സൂര്യനും ഇല്ല. ആയതു