താൾ:Kristumata Nirupanam.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുന്നു എന്നു നിശ്ചയിക്കാമല്ലോ. എങ്കിൽ നി‌ഷ്ക്കളങ്കനും നിർവ്വികാരനുമായ ദൈവത്തിനു കുറേ ഭാഗമെങ്കിലും കളങ്കം ഭവിച്ചാൽ മേൽ പറഞ്ഞ നി‌ഷ്ക്കളങ്കാദിനാമങ്ങൾ ചേരാത്തവയായിത്തീരും. അല്ലാതെയും കളങ്കപ്പെട്ട ഭാഗം ഒഴിച്ചു മറ്റേ ഭാഗമെങ്കിലും നി‌ഷ്ക്കളങ്കമായിരിക്കുമോ? എന്നാൽ അതുമില്ല. എന്തുകാരണത്താൽ ഒരിക്കൽ കുറേഭാഗം കളങ്കപ്പെട്ടുവോ ആ കാരണത്താൽ തന്നെ മറ്റൊരിക്കൽ മറ്റേഭാഗവും കടശിയിൽ മുഴുവനും കളങ്കപ്പെട്ടുപോകും. ഒരുവേള ക്ഷണംകൊണ്ടു മുഴുവനും കളങ്കപ്പെട്ട് വികാരത്തെ പ്രാപിക്കാതിരിന്നാലും സാവകാശത്തിൽ അപ്രകാരമായിപ്പോകുമെന്നുള്ളതിലേയ്ക്കു സന്ദേഹമില്ല. പിതാവിന്റെ കാലം ഇത്രത്തോളം എന്നു ഗണിക്കുന്നതിലേയ്ക്ക് ഒരുത്തരാലും കഴികയില്ലെന്ന് നിങ്ങൾ തന്നെ സമ്മതിക്കകൊണ്ട് ഇതിനു മുമ്പിൽതന്നെ പിതാവ് കളങ്കപ്പെട്ടു നശിച്ചുപോയിരിക്കണം. പാലു നാശിച്ചു തൈരായാൽ വീണ്ടും പാലാകയില്ല. അതുപോലെ പിതാവു നശിച്ചു പുത്രനായാൽ *മറുപടിയും[1] പിതാവാകയില്ല. ഈ സ്ഥിതിക്ക് പിതാവ് ഇപ്പോഴും ഇരിക്കുന്നു എന്നു പറയുന്നതു കള്ളമായിപ്പോകും. ഇനി വേറെ ഒരുവിധത്തിൽ നോക്കാം! മണ്ണു കുടമാകുന്നതുപോലേ പിതാവ് പുത്രനാകുന്നു. ഇതിൽ മണ്ണു നശിക്കാതെ കുടമാകുന്നതൊന്ന്, കുടം മടങ്ങിയും മണ്ണാകുന്നതൊന്ന്. ഇപ്രകാരം പിതാവ് നശിക്കാതെ പുത്രനാകുന്നതൊന്ന് പുത്രൻ മടങ്ങിയും പിതാവാകുന്നതൊന്ന്, മൃത്തികയും ഘടവും പോലെ. പിതാവു പുത്രൻ ഈ രണ്ടുപേരും ഒരുത്തനാകുന്നു എങ്കിൽ മണ്ണും കുടവും വേവേറെ അല്ല ഒരേ വസ്തുവത്ര. പിതാവും പുത്രനും അങ്ങനെയല്ല. വേറെവേറെ ആണല്ലോ. മണ്ണ് ഒരു സ്ഥലത്തും കുടം മറ്റൊരു സ്ഥലത്തും ഇരിക്കുകയില്ല. പിതാവ് ഒരു സ്ഥലത്തും പുത്രൻ (ക്രിസ്തു) മറ്റൊരു സ്ഥലത്തും അതായത് പരമമണ്ഡലത്തിലും ഭൂമിയിലും ഇരുന്നുവെന്നു ബൈബിൾ പറയുന്നു. ആകയാൽ മൃൽഘടദൃഷ്ടാന്തം ചേർച്ചയുള്ളതല്ല. മണ്ണാകട്ടെ **കംബുഗ്രീവാദിവികാരങ്ങളെ[2] പ്രാപിച്ചു കുടമാകുന്നു. അപ്രകാരം പിതാവായ യഹോവായും വികാരപ്പെട്ടു പുത്രനായെന്നും പറയേണ്ടതാണ്. മണ്ണിന്റെ വികാരത്തിനത്രേ കുടമെന്നു പേർ. അതുപോലെ യേശു എന്ന നാമവും പിതാവിന്റെ വികാരത്തിനുള്ളതാണെന്നു വന്നുപോകും. അല്ലാതെയും മണ്ണും കുടവുംപോലെ അഭിന്നമായിട്ടു പറയുന്നതിൽ ഇനിയും ദോ‌ഷങ്ങളായിരിക്കുന്നു. യേശു മുള്ളു മുടി ധരിച്ചു. പിതാവും നിലവിളിച്ചോ? യേശു കുരിശിൽ തൂങ്ങി മരിച്ചു. പിതാവും

  1. മറുപടിയും = വീണ്ടും (തമിഴ്)
  2. കംബുഗ്രീവാദിവികാരങ്ങൾ = ശംഖിന്റെ കഴുത്ത് ഇടുങ്ങിയിരിക്കുന്നതുപോലെയാണെല്ലോ കുടത്തിന്റെ കഴുത്ത് ആകാരം പ്രാപിക്കുന്നത് അഥവാ രൂപം കൊള്ളുന്നത്‌.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/68&oldid=162594" എന്ന താളിൽനിന്ന് ശേഖരിച്ചത്