തന്നെ വഞ്ചകമല്ലയോ? എന്നാൽ അങ്ങനെ അല്ല ആ വൃക്ഷത്തിനു സ്വയമേ ഗുണദോഷജ്ഞാനം അറിയിക്കുന്ന ഒരു ശക്തി ഇല്ലാ,യഹോവാ വിധിച്ച പ്രകാരം ചെയ്യുന്നതു നല്ലതെന്നും, വിലക്കിയതിനെ ചെയ്യുന്നതാണ് ചീത്ത എന്നും അറിയുന്നതിലേയ്ക്ക് ഒരു അറികുറിയായി നിൽക്കകൊണ്ട് അതിനെ ഗുണദോഷത്തെ ഉണർത്തുന്ന വൃക്ഷമെന്നു പറഞ്ഞു, എന്നു വരികിൽ ഈ അർത്ഥത്തെ സമ്മതിക്കുന്നതിലേയ്ക്കു പ്രമാണമൊന്നുമില്ലാതെയും ആ കനിയെ ഭക്ഷിച്ചുപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു എന്നു പറഞ്ഞു ഇരിക്കകൊണ്ട് ആയത് തീരെ ചേരുകില്ല.
ഇനിയും എന്തെങ്കിലുമാകട്ടെ, വൃക്ഷത്തെ അവിടെ വയ്ക്കുകയും ഇതിന്റെ പഴത്തെ ഭക്ഷിക്കരുതെന്നു വിലക്കുകയും ചെയ്തത് എന്തിനായിട്ട്? തന്റെ വിധിക്ക് അടങ്ങുന്നത് ഗുണം, അടങ്ങാത്തത് ദോഷം എന്നുള്ളതിനെ ആ മരം വഴിയായി അവർക്ക് അറിവുകൊടുക്കണമെന്നു നിരൂപിച്ചിട്ടാകുന്നു എങ്കിൽ തനിക്കും പരന്മാർക്കും ഉപകാരപ്പെടത്തക്കതായ വേറെ വല്ല കൽപനകളെയും കൽപിക്കാമായിരുന്നല്ലോ, ഒരു ഫലവും ഇല്ലാത്തതായ ഈ വൃഥാകൽപനയെ കൽപിച്ചത് എന്തിന്?
അതും ആത്മാക്കൾക്കു വിവേകത്തെ കൊടുത്തതാണ് എങ്കിൽ ദൈവമാകുന്നു സർവകാരണനെന്നും അതുകൊണ്ട് അവന്റെ വിധിയെ അനുസരിക്കുന്നതാണു ഗുണമായിട്ടുള്ളതെന്നും അല്ലാത്തത് ദോഷമാണെന്നും അവർ നല്ലതിൻവണ്ണം അറിയുമായിരുന്നു. അപ്പോൾ അതിലേക്കായിട്ട് ഈ വിഷവൃക്ഷം വേണമെന്നിലല്ലോ? വേണമെങ്കിൽ മുക്തന്മാരായവർക്കും ഇങ്ങനെയുള്ള കൽപന കൊടുക്കേണ്ടതാണ്.
അല്ലാതെയും, തന്റെ ആജ്ഞയിൽ ഉൾപ്പെടുമോ ഇല്ലയോ എന്നു പരീക്ഷിക്കുന്നതിനു വിഷവൃക്ഷത്തെവച്ചു വിലക്കിനോക്കി എന്നു വരുമ്പോൾ മുമ്പിൽക്കൂട്ടി അറിയാത്തതുകൊണ്ട് സർവ്വജ്ഞനല്ലെന്നു വന്നുപോകുമല്ലോ.
ദൈവം മനുഷ്യർക്കു സ്വാധീനത്വത്തെ കൊടുത്തിരുന്നു. അതുകൊണ്ട് അവരുടെ പേരിൽ അല്ലാതെ ദൈവത്തിന്റെ പേരിൽ കുറ്റമില്ല. എങ്കിൽ,
ഒരു പിതാവ് വിവേകമില്ലാത്ത കുട്ടികൾക്കു സ്വാധീനതയെ കൊടുക്കുകയും അതു ഹേതുവായിട്ട് അവർ വലിയ ദോഷങ്ങളെ ചെയ്യുകയും ചെയ്താൽ ആ ദോഷങ്ങൾ ആരുടെ പേരിൽ ഇരിക്കും? വിവേകമില്ലാത്തവർക്കു സ്വാധീനതയെ കൊടുത്തതു നീതിയോ? അതും ഇരിക്കട്ടെ. ദൈവം തന്റെ രൂപമായിട്ടു സൃഷ്ടിച്ച മനുഷ്യരെ വഞ്ചിച്ചുകെടുതൽ ചെയ്യുന്നതിന് ഒരു പിശാച് ശക്തനാകുമോ? അപ്രകാരം പിശാചു