Jump to content

താൾ:Kristumata Nirupanam.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർക്കു കൊടുക്കുകയും പിശാചിനെ നശിപ്പിച്ചുകളയുകയോ വിലക്കിനിർത്തുകയോ ചെയ്യാതെ ഭൂമിയിൽ ജീവന്മാരെ പരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തി വിടുകയും ആ ആദിമമനു‌ഷ്യർ ബുദ്ധിമോഹത്താലും വി‌ഷയേച്‌ഛയാലും പിശാചിന്റെ ദുർബ്ബോധനയാലും കൽ‌പ്പനയെ ലംഘിച്ചു പാപികളായിപ്പോകയും ചെയ്തു.

അനന്തരം വേറെയാതൊരു മാർഗ്ഗവും നോക്കാതെ ആ പാപികളുടെ സന്താനരൂപമായിട്ടുതന്നെ പിന്നെയും സൃഷ്‌ടിക്കപ്പെട്ടതുകൊണ്ട് എല്ലാ ജീവന്മാരും പാപികളായിത്തീർന്നു. പാപികളുണ്ടായതുകൊണ്ട് അനുഗ്രഹവും അപേക്ഷിതമായി. അങ്ങനെ പാപികളുണ്ടായതിനു ഹേതുവാകയാൽ ഈ സൃഷ്ടി അനുഗ്രഹത്തിനു നിമിത്തമായും ഭവിച്ചു. പാപികൾക്കു പരീക്ഷാരൂപമായിട്ട് മുക്‌ത്യുപായങ്ങൾ അറിയിക്കപ്പെട്ടു. ആ ഉപായങ്ങളോടു ചേർന്നവരെ ദേവനെ അനുസരിക്കുകയെന്ന ഗുണമുള്ള ശുദ്ധന്മാരെന്നും അല്ലാത്തവരെ ദൈവവിരോധഗുണമുള്ള അശുദ്ധന്മാരെന്നും അറിയുന്നതിനും ശുദ്ധന്മാർക്ക് പരലോകകാര്യങ്ങളെ ഉണർത്തുന്നതിനുമാണ് [1]അഴിവോടുകൂടിയ ഭൂമിയിൽ പാപികൾക്ക് അധിവാസം നിയമിക്കപ്പെട്ടത്. അതുകൊണ്ട് ഈ വിധമുള്ള സ്‌ഥിതി(രക്ഷയും സ്‌ഥിതിയുടെ അനന്തരം സംഹാരവും അനുഗ്രഹനിമിത്തങ്ങളാകും.) മുക്‌തിയിൽ ഇരിക്കുന്ന ശുദ്ധന്മാരെ ദേവോപചാരവൃത്തിയിൽ നിന്നും മാറിക്കളയാതിരിക്കത്തക്കവണ്ണം ദണ്ഡഭയംകൊടുക്കുന്നതിനാണ് അശുദ്ധന്മാരെ അഴിച്ചുവിടാതെ ദണ്ഡിപ്പിക്കുന്നതായ നിഗ്രഹം. അതുകൊണ്ട് നിഗ്രഹം അനുഗ്രഹംനിലനിൽക്കുന്നതിലേയ്ക്കു നിമിത്തമാകും. ഇപ്രകാരം സൃഷ്‌ടിസ്‌ഥിതിസംഹാരം. നിഗ്രഹങ്ങൾകൊണ്ട് നിറവേറ്റപ്പെട്ട അനുഗ്രഹമാണ് പ്രധാനകൃത്യം, ആ അനുഗ്രഹമേ ദേവോപചാരത്തിനു നിമിത്തമാകു. അതുകൊണ്ടു ദേവമഹിമ പ്രകാശിക്കും. പരമപ്രയോജനം യഹോവയുടെ ആനന്ദാനുഭവം തന്നെ. ഇപ്രകാരം അനുഭവത്തെക്കൊണ്ടുനോക്കുമ്പോൾ സൃഷ്‌ടിയുടെ സ്വാർത്ഥകത്വം സ്‌പഷ്‌ടതയെത്തന്നെ പ്രാപിക്കുന്നു.

ജീവന്മാർ തന്റെ മഹിമയെ അറിഞ്ഞുഭയപ്പെട്ട് തന്നെ സ്‌തുതിച്ചു വണങ്ങുന്നതിനും തന്നിമിത്തം തന്റെമഹിമ സംപ്രകാശിക്കുന്നതിനും വേണ്ടിയാണ് യഹോവ ലോകത്തെ സൃഷ്ടിച്ചത്. ആകയാൽ സൃഷ്‌ടികാലത്തിനുമുമ്പ് തന്റെ മഹിമ പ്രകാശിക്കാതെയും അതു തനിക്കു ഒരു കുറവായിട്ടും തന്നെയിരുന്നു എന്നും, ആ കുറവിനെ നീക്കുന്നതിലേക്ക് കാംക്ഷിച്ചാണ് സൃഷ്‌ടിപ്പാൻ തുടങ്ങിയതെന്നും നിശ്ചയമാകുന്നു.

  1. അഴിവ്=പ്രളയം അഥവാ സമ്പൂർണ്ണമായ മാറ്റം.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/14&oldid=162535" എന്ന താളിൽനിന്ന് ശേഖരിച്ചത്