അതല്ല, തന്റെമഹിമ മുമ്പേതന്നെ കുറവുകൂടാതെ സ്വയം പ്രകാശിച്ചിരുന്നു എങ്കിൽ ആ മഹിമയേ വീണ്ടു പ്രകാശിപ്പിക്കുന്നതിനുവേണ്ടി ചെയുന്ന പ്രവൃത്തി നിഷ്ഫലമാകുന്നു. ആ മഹിമയെ ജീവന്മാരിൽ പ്രകാശിപ്പിക്കുന്നതിലേയ്ക്ക് പ്രവേശിച്ചിരുന്നു എങ്കിൽ അതും തന്റെ നിമിത്തമായാൽ മുൻപറയപ്പെട്ട ദോഷം പറ്റും.
ജീവന്മാർനിമിത്തം തന്നെ ജീവന്മാരിൽ പ്രകാശിപ്പിപ്പാൻ തുടങ്ങി എങ്കിൽ സൃഷ്ടിക്കുമുമ്പേ ജീവന്മാരില്ലാതിരുന്നതുകൊണ്ട് അതും വിരുദ്ധം തന്നെ.
തന്നാൽ സൃഷ്ടിക്കപ്പെടുവാൻ പോകുന്ന ജീവന്മാരിൽ തന്റെ മഹിമയെ പ്രകാശിപ്പിക്കണമെന്നായിരുന്നു എങ്കിൽ സൃഷ്ടിപ്പു പ്രകാശിപ്പിന്നും പ്രകാശിപ്പു സൃഷ്ടിപ്പിന്നും നിമിത്തമെന്നുവരികയാൽ *അന്യോന്യാശ്രയമെന്ന[1] ദോഷത്തിനു സംഗതിയാകും.
മുമ്പിനാലെ പ്രകാശിച്ചുതന്നെയിരുന്നു എങ്കിലും തന്നെയനുഭവിക്കുന്നതിലേയ്ക്ക് ആരുമില്ലാതെയിരുന്നതു കൊണ്ട് ഉപയോഗപ്പെടാതെ വൃഥാ കിടന്ന ആ മഹിമയെ അനുഭവിപ്പിക്കുന്നതിനുവേണ്ടിയാണ് ജീവന്മാരെ സൃഷ്ടിച്ചതെങ്കിൽ തന്റെ മഹിമക്കു താൻ തന്നെ ഭോക്താവായിരിക്കെ മേൽപ്രകാരം വൃഥാ കിടന്നു എന്നുള്ളത് യുക്തമാകുന്നില്ല. ജീവന്മാരില്ലാതിരുന്നതുകൊണ്ട് താൻ തന്റെ മഹിമയെ അവരെ അനുഭവിപ്പിക്കയും വേണ്ട. വേണമെങ്കിൽ അനുഭവിപ്പിക്കണമെന്നുള്ളത് സൃഷ്ടിക്കണമെന്നുള്ളതിന്നും നിമിത്തമെന്നു വരികയാൽ ഇവിടെയും അന്യോന്യാശ്രയമെന്ന ദോഷം അനുവർത്തിക്കും. ആകയാൽ ഏതുപ്രകാരം പറഞ്ഞാലും മഹിമ പ്രകാശിക്കാതെ ഇരുന്നത് എങ്ങനെയും യഹോവായ്ക്ക് ഒരു കുറച്ചിൽ തന്നെ ആയിരുന്നു. അല്ലെങ്കിൽ പ്രകാശിപ്പിക്കുന്നതിലേയ്ക്കു വേണ്ടി പ്രയത്നിക്കണമെന്നില്ലായിരുന്നു. ആ കുറച്ചിൽ മുമ്പില്ലാതിരുന്ന ജീവന്മാരെ അല്ലാ മുമ്പേ ഉണ്ടായിരുന്ന യഹോവയെതന്നെ സംബന്ധിക്കും. ആകയാൽ യഹോവ തന്റെ മഹിമ പ്രകാശിക്കാതിരുന്നതിനെപ്പറ്റി കുറവുള്ളവനായി തീർന്നു എന്നു വന്നുപോയതിനാൽ കുറവോടുകൂടിയവനെന്നും അപ്പോൾ അതിന് എതിരായി നിറവില്ലാത്തവനെന്നും ആ കുറച്ചിൽകൊണ്ടു അതിനെ നിവർത്തിപ്പിക്കണമെന്നും പ്രയത്നിക്കകൊണ്ടും, വ്യകുലപ്പെട്ടി
- ↑ അന്യോന്യാശ്രയമെന്ന ദോഷം = കുടമുണ്ടാക്കുന്നതിനു കളിമണ്ണാണ് ആശ്രയം. അതിനാൽ കുടം കളിമണ്ണിനെ ആശ്രയിക്കുന്നു. കളിമണ്ണില്ലായിരുന്നുവെങ്കിൽ കുടം ഉണ്ടാകുമായിരുന്നില്ല. ഇവിടെ കുടത്തിനു കളിമണ്ണിനോട്മാത്രമേ ആശ്രയമുള്ളൂ. അല്ലാതെ മറിച്ചല്ല. ബൈബിൾ പ്രകാരം ആദിമ മനുഷ്യന്റെ സൃഷ്ടിക്കു കാരണം, ആശ്രയം, യാഹോവയാണ്. അപ്പോൾ യഹോവ തന്റെ മഹിമക്കുവേണ്ടി തന്റെ സൃഷ്ടിയായ മനുഷ്യനെ ആശ്രയിക്കുക എന്നത് അന്യോന്യാശ്രയദോഷമാണ്. ഇങ്ങനെ ആശ്രയിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്.