താൾ:Kolampu Yathravivaranam.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മുപ്പതിന് തിരുവിതാംകോട്ട പള്ളിയിൽ എത്തി. ഈ പള്ളി ധരിയാക്കളായ സുറിയാനിക്കാരുടെ പള്ളി ആകുന്നു. അന്ന് ആ പള്ളിയിൽ പുതുപ്പള്ളിക്കാരൻ കുരുവിള ഇഞ്ചിനീയർ താമസിക്കുന്നുണ്ടായിരുന്നു. ഈ പള്ളി വളരെ പുരാതന പള്ളിയും മുമ്പ് വളരെ ഇടവകക്കാർ ഉണ്ടായിരുന്നതും ആകുന്നു. ഇപ്പോൾ ഒന്ന് രണ്ട് വീട്ടുകാർ മാത്രമേ ഇടവകക്കാരായി ഉള്ളു. അവർക്ക് കുടുമ്മ ഉണ്ട്. സ്ത്രീകൾ പാണ്ടിക്കാരുടെ വസ്‌ത്രധാരണയിലും ആണ്‌ നടക്കുന്നത്‌. ഈ പള്ളി ജീർണ്ണിതപ്പെട്ടു കിടന്നിരുന്നതു എഞ്ചിനീയറിന്റെ ഉത്സാഹത്താൽ നന്നാക്കി. പിറ്റെ ദിവസം ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്താ ആ പള്ളിയിൽ കുർബാന ചൊല്ലി പ്രസംഗിച്ചു. അന്യ ജാതിക്കാർ പലരും വെളിക്ക്‌ കൂടിയിരുന്നു. അവിടെ വെച്ചുണ്ടായ ചിലവ് ഇഞ്ചിനീയറുടെ വകയായിരുന്നു. ഉച്ചകഴിഞ്ഞ് അവിടെ നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് തിരുവനന്തപുരത്ത് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ താമസിച്ചിരുന്ന ബങ്കളാവിൽ എത്തി യാത്രയിൽ ഉണ്ടായ വിവരങ്ങൾ അറിയിക്കുകയും സകല അപകടങ്ങളിൽ നിന്നും രക്ഷിച്ച ദൈവത്തെ സ്തുതിക്കയും ചെയ്തു.

മിഥുനം 2 ന് പുത്തൻകച്ചരി മുതലായതു കാണുന്നതിനായി പോയപ്പോൾ ജഡ്ജിമാരുടെ വിസ്താരവും മറ്റും കണ്ട് തിരികെ ബങ്കളാവിൽ എത്തിയശേഷം തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന സുറിയാനി വിദ്യാർത്ഥികൾ, വക്കീലന്മാർ മുതലായവർ തിരുമേനികൾ കൊളംബിലേക്ക് സുവിശേഷ പ്രചാരണത്തിനായി പോയി തിരിച്ചുവന്നതിന്റെ സന്തോഷം നിമിത്തം ഒരു മംഗളപത്രം അച്ചടിച്ച് വായിക്കുന്നതിനായി നാലര മണിക്ക് ഒരു യോഗം കൂടുകയും പുതുപ്പള്ളി കൊച്ചുപാറേട്ട് പീലിപ്പോസ്‌ ബി. എ. വായിക്കയും ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മറുപടി പറയുകയും അത്തനാസ്യോസ്‌ മെത്രാപ്പോലീത്താ കൊളമ്പിലേയും അമേരിക്കയിലേയും സഭയെക്കുറിച്ചും യാത്രയിൽ വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രസംഗിക്കുകയും പ്രസിഡന്റ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ പാത്രിയർക്കീസു ബാവായെയും നമ്മുടെ സത്യവിശ്വാസത്തെയും കാനോനുകളെയും സത്യകൈവെപ്പിനെയും കുറിച്ച്

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/16&oldid=162343" എന്ന താളിൽനിന്ന് ശേഖരിച്ചത്