2 മണിക്ക് പള്ളിയിൽ നിന്നും കടവിലേക്ക് യാത്ര തിരിച്ചു. പുതിയ മെത്രാപ്പോലീത്തായും അമെറിക്കയിലേക്ക് യാത്ര തിരിച്ചു. ഒന്നിച്ചു പുറപ്പെട്ട് കടവു വരെ എത്തി. കടവു വരെ അൽവാറീസ് മെത്രാപ്പോലീത്തായും മറ്റും വന്നിരുന്നു. തമ്മിൽ സമാധാനം പറഞ്ഞ് വള്ളത്തിൽ കയറി കപ്പലിൽ ചെന്നെത്തുകയും കപ്പലിൽ നടന്ന് എല്ലാ സ്ഥലങ്ങളും കാണുകയും ചെയ്തു. തിരുമേനികൾ മുമ്പേപ്പോലെ 2--ാം ക്ലാസിലും ശേഷം പേർ 3--ാം ക്ലാസ്സിലും ആണ് കേറിയത്. ശീമക്കാരൻ മല്കി എന്നവൻ ഞങ്ങളിൽ നിന്നു പിരിഞ്ഞു ശീമയ്ക്ക് യാത്രയാവുകയും ചെയ്തു. രാത്രി 8 മണിക്ക് കപ്പൽ നീങ്ങി. പിറ്റെ ദിവസം കാലത്തു തൂത്തുക്കുടിയിൽ കപ്പൽ അടുത്തില്ല. അതു നിമിത്തം പലരും വ്യസനിച്ചു. വഴി തെറ്റിപ്പോയിട്ടാണെന്നും മറ്റും പലരും പറഞ്ഞു. ഞങ്ങളിൽ പലർക്കും കപ്പൽ ചൊരുക്കുണ്ടായിരുന്നതിനാൽ ഒന്നും ഭക്ഷിക്കുന്നതിനും പാടില്ലാതെ ക്ഷീണതയിൽ ആയിപ്പോയി. ബുധനാഴ്ച രാത്രി 12 മണിക്ക് തൂത്തുക്കുടി തുറമുഖത്ത് വിളക്ക് കണ്ട് ആശ്വസിച്ചു. കാലത്തെ കരയിൽ നിന്നും വള്ളം കപ്പലിങ്കൽ കൊണ്ടു വന്ന് അതിൽ എല്ലാവരും കേറി കരയിലേക്ക് യാത്ര തിരിച്ചു. ആ വള്ളത്തിൽ കരയിലേക്കിറങ്ങുന്നതിനായി ചില സായ്‌പന്മാരും മദാമ്മമാരും ഉണ്ടായിരുന്നു. അവർ മെത്രാന്മാരെ കണ്ടപ്പോൾ വർത്തമാനങ്ങൾ ചോദിക്കുകയും സുറിയാനി സഭയെക്കുറിച്ച് ഒരു വിവരണം അവരെ മനസിലാക്കയും ഓരോ പുസ്തകങ്ങൾ അവർക്ക് സമ്മാനിക്കയും ചെയ്തു. വള്ളം കരക്കടുപ്പിച്ച് ഇറങ്ങി മുൻ താമസിച്ചിരുന്ന മുറാൾ എന്ന കച്ചവടക്കാരന്റെ ആപ്പീസിൽ എത്തി ഭക്ഷണം കഴിച്ചാശ്വസിക്കയും 4 മണിക്ക് യാത്ര പറഞ്ഞ് തീവണ്ടിയിൽ കേറി രാത്രി 7 മണിക്ക് തിരുനെൽവേലീൽ എത്തി. മുൻ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ എത്തി താമസിച്ച സായ്പിന്റെ ബങ്കളാവിൽ താമസിച്ചു. അയാൾ നമ്മുടെ യാത്രക്കാരുടെ മേൽ ദയയുള്ള ആളായിരുന്നു. അയാളുടെ മകൾക്ക് ചില സമ്മാനങ്ങളും മറ്റും കൊടുത്തു. വെള്ളിയാഴ്ച ഭക്ഷണവും മറ്റും കഴിച്ച് തിരുവനന്തപുരത്തേക്ക് തഫാൽ വണ്ടിയിലായി യാത്ര തിരിച്ചു. വണ്ടി 1ക്ക് പന്ത്രണ്ട് രൂപാ വീതം കൂലിയായിരുന്നു.
താൾ:Kolampu Yathravivaranam.djvu/15
ദൃശ്യരൂപം