താൾ:Kolampu Yathravivaranam.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പലക നിരത്തിയും എത്ര വെള്ളം പൊങ്ങിയാലും തരക്കേടില്ലാത്തതും ആകുന്നു. പിന്നീട് കടപ്പുറം മുതലായ സ്ഥലങ്ങൾ കണ്ടു. യാത്രയിൽ റോമാക്കാർ, ഇംഗ്ലീഷുകാർ, മഹമ്മദുകാർ മുതലായവരുടെ പള്ളികളും കെട്ടിടങ്ങളും കണ്ട് തിരിച്ചെത്തി. പിന്നീട് ഡോക്ടർ പിന്റോയുടെ ബംങ്കളാവിൽ നമ്മുടെ യാത്രക്കാരെ സല്ക്കരിച്ചു. 20 ന് തിരുമേനികൾ പോയശേഷം ആ പള്ളിയുടെ കൈക്കാരനും പ്രധാനിയുമായ പെരോരയുടെ ക്ഷണിതപ്രകാരം അയാളുടെ വീട്ടിൽ എല്ലാവരും പോയി. തീറ്റിക്കു റോമാ സമ്പ്രദായത്തിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു. അനേകതരത്തിൽ വിശേഷ സാമാനങ്ങൾ ഉണ്ടായിരുന്നു. അയാൾ ഒരു കച്ചവടക്കാരനും ആകുന്നു. 21 ന് ഷാപ്പുകളിൽ കൊട മുതലായ സാമാനങ്ങൾ വാങ്ങിക്കുന്നതിനായി പോയി തിരിച്ചു വന്നു.

25 ന് അൻപതാം പെരുന്നാളിന് കൊച്ചുകോശി കത്തനാർ കുർബ്ബാന ചൊല്ലി. പെരുന്നാളിന്റെ ഒരു ബെശുമെശ്ത്താ കഴിച്ചു. പിന്നീട് അൽവാറീസ് മെത്രാച്ചനും മറ്റും അവരുടെ ക്രമപ്രകാരം ശുശ്രൂഷകൾ കഴിച്ച് 3 പ്രാവശ്യം വെള്ളം തളിക്കയും ഒരു പ്രസംഗം പറയുകയും ചെയ്തു. 12 മണി കഴിഞ്ഞ് യൗവനക്കാർ വന്ന് കളിസ്ഥലം ഒരുക്കുകയും പെൺകുട്ടികൾ വന്ന് ഓട്ടം, ചാട്ടം മുതലായ കളികൾ കാണിക്കയും പെൺകുട്ടികൾ ഓട്ടത്തിൽ സൂചിക്കുഴയിൽ നൂൽകോർക്കയും മറ്റും ഉണ്ടായി. ജയിച്ചവർക്ക് ഓരോ തരം പടങ്ങളും മറ്റും സമ്മാനിക്കയും ചെയ്തു. 5 മണിക്ക് മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തായ്ക്കും മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്കും കൂടി ഇംഗ്ലീഷിൽ ഒരു മംഗളപത്രം സമർപ്പിക്കയും അവർ സമയോചിതമായി മറുപടി പറയുകയും കൊളംബിലേയും അമെരിക്കയിലേയും സഭയെപ്പറ്റി അല്പം പ്രസംഗിക്കയും ചെയ്ത ശേഷം പുതിയ മെത്രാപ്പോലീത്തായ്ക്ക് ഒരു മംഗളപത്രം സമർപ്പിക്കയും മറുപടി പറയുകയും ചെയ്തു. ഒടുവിൽ ചീയർ വിളിച്ച് കൈകൊട്ടി സന്തോഷിച്ച് പിരിയുകയും രാത്രി 8 മണി മുതൽ 9 മണി വരെ മാജിക്കലാണ്ട് കാണിക്കുകയും കരിമരുന്ന് പ്രയോഗം നടത്തുകയും ചെയ്തു,

25 ന് തിരിച്ച് യാത്രക്കുള്ള കപ്പൽ അന്വേഷിച്ചെങ്കിലും ഏനമായി കിട്ടിയില്ല. 26 ന് 12 പേർക്കും കപ്പൽ കൂലി ഒടുക്കി ടിക്കറ്റും വാങ്ങിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/14&oldid=162341" എന്ന താളിൽനിന്ന് ശേഖരിച്ചത്