കഴിക്കയും പാത്രിയർക്കീസ് ബാവായുടെ കല്‌പന വായിക്കയും മറ്റും ചെയ്ത്, റെനി വിലാത്തിക്ക് മൂന്നു പേരും കൂടി കൈവച്ച് തീമൊഥയൊസെന്ന സ്ഥാനപ്പേർ കൊടുത്തു അമോലോഗിയ വായിച്ച് ഒപ്പു വച്ച് വാങ്ങിച്ചു. പിന്നെ കുറെയാശ്വസിച്ച ശേഷം എല്ലാവരും പള്ളിയകത്തു പോയി. അൽവറീസ് കുർബാന ചൊല്ലുകയും ഏതാനും ക്രമങ്ങൾ കഴിക്കയും ചെയ്തു. പള്ളിയിൽ അമെറീക്ക കൊൻസൽ മുതലായ മഹാന്മാരും വളരെ ജനങ്ങളും കൂടിയിരുന്നു. ഇവരെ കഴിഞ്ഞ് തിരുമേനികൾ മുറിയിൽ വന്നപ്പോൾ ഡോക്ടർ പിന്റോ തിരുമേനികൾക്ക് വെവ്വേറെ വന്ദനവുകൾ പറയുകയും അവർ യഥോചിതമായ മറുപടി പറയുകയും ചെയ്തു. അന്ന് രാത്രി 8 മണി മുതൽ പിന്റോ മുതൽ പേർ മാജിക്കലാണ്ട് എന്ന സൂത്രം കാണിച്ച് രസിപ്പിച്ചു.
18 ന് റെനിവിലാത്തി തിമൊത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പാത്രിയർക്കീസ് ബാവായുടെ അധികാരപത്രവും മൂന്ന് മെത്രാന്മാരും കൂടി അധികാര സാക്ഷ്യപത്രവും കൊടുത്തു.19 ന് യാത്രക്കാർ കൊളംബിലുള്ള കൊപ്രാ ആട്ടുന്ന ചക്കും മറ്റും കാണുന്നതിനായി പോയി. ആ കെട്ടിടം വളരെ വലിപ്പമുള്ളതും വളരെ വേലക്കാർ ഉള്ളതും ആകുന്നു. അതു കഴിഞ്ഞ് പെൻസൽ ഉണ്ടാക്കുന്നതിനുള്ള ഈയം വെലം ചെയ്യുന്ന സ്ഥലവും ചെന്ന് കണ്ടു തിരിച്ചു വന്നു. പട്ടംകൊടയുടെ സംഗതികളെ കുറിച്ചും മറ്റും പാത്രിയർക്കീസ് ബാവായ്ക്ക് എഴുത്തയച്ചു. ഉച്ച കഴിഞ്ഞ് ശെമ്മാശൻമാർ അവിടെയുള്ള കാഴ്ച ബങ്കളാവ് കാണുന്നതിനായി പോയി. അവിടെ തിരുവനന്തപുരത്തെപ്പോലെ കാഴ്ചകൾ ഉണ്ടെങ്കിലും ജീവനുള്ളതായിരുന്നില്ല. സിംഹം, കരടി, ആന മുതലായ അനേക മൃഗങ്ങളുടെയും അനേക തരത്തിലുള്ള പക്ഷികളുടെയും തോലുകൾ ഉണക്കി സാക്ഷാൽ എന്ന് തോന്നിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചിരുന്നു. അനേകം ആളു രൂപങ്ങളും കാട്ടാളന്മാരുടെ വേഷങ്ങളും സാക്ഷാൽ ഉള്ളതെന്ന് തോന്നിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചിരുന്നു. വലിയ തിമിംഗലങ്ങളുടെ അസ്ഥികളും തോലുകളും ഉണക്കി വച്ചിട്ടുണ്ട്. കാഴ്ച ബംങ്കളാവിന്റെ മിറ്റത്ത് ഒരു തറയിൽ കാട്ടാളന്റെ ഒരു വലിയ രൂപം കരിങ്കല്ല് കൊണ്ടു തീർത്ത് സ്ഥാപിച്ചിരുന്നു. അതു കഴിഞ്ഞ് ഒരു പാലം കാണുന്നതിനായി പോയി. ആ പാലം വെള്ളത്തിൽ അനേക വള്ളങ്ങൾ നിരത്തിയിട്ടു അതിന്മേൽ തുടൽ വലിച്ച് കെട്ടി