ചാട്ടം! നിലത്തു വീണില്ല. എന്താണു കാരണം? ഞാൻ പറക്കാൻ കഴിവുള്ള ഒരു ചിത്രശലഭമായിത്തീൎന്നിരുന്നു.
മുമ്പിലത്തെപ്പോലെ ഇല കാൎന്നുതിന്നാൻ നിവൃത്തിയില്ല. ഞാൻ പരിഭ്രമിച്ചുപോയി. എന്തു വേണ്ടു എന്നറിയാതെ ഞാൻ നാലുപുറവും നോക്കി. അപ്പോഴാണ്, ബാലന്റെ പനിനീർപ്പൂ എന്നെ ആകൎഷിച്ചത്. എന്തു ശോഭ! എന്തു മണം!
വിശന്നു വലഞ്ഞ ഞാൻ ആ പൂവിൽ കയറിയിരുന്നു. അപ്പോഴാണ്, മുമ്പില്ലാതിരുന്ന ഒരവയവം ചുണ്ടിൽനിന്നു തുങ്ങിക്കിടക്കുന്നതു് ഞാൻ കണ്ടതു്. അതു് ഒരു നീണ്ട കുഴൽപോലെയായിരുന്നു. അതുപയോഗിച്ചു പൂവിനകത്തു് ഊറിനില്ക്കുന്ന തേൻ കുടിക്കാൻ ഒരു പ്രയാസവുമില്ല. ഇത്ര മധുരമായ ഭക്ഷണം കിട്ടുമെങ്കിൽ ആൎക്കുവേണം ചവൎക്കുന്ന ഇല?
ഇനി എത്രകാലം ഇങ്ങനെ ആഹ്ലാദിച്ചു ജീവിക്കുവാൻ സാധിക്കുമോ ആവോ? ബാലനും ബാലനെപ്പോലുള്ളവരും പൂന്തോട്ടങ്ങൾ വളൎത്തുന്നകാലത്തോളം എനിക്കു ഭക്ഷണത്തിനു വിഷമമില്ല. ശത്രുക്കളെയാണ് എനിക്കു പേടി; ആ കുരുവികളേയും കിളികളേയും. മനുഷ്യർ ആരും ഞങ്ങളുടെ ശത്രുക്കളല്ല. സുന്ദരന്മാരും സുന്ദരികളുമായ ഞങ്ങളെക്കാണുക അവൎക്കുവളരെ ഇഷ്ടമാണ്. മനുഷ്യർ എത്ര നല്ലവർ!"