കാക്കയെ എല്ലാവരും കണ്ടിരിക്കും. എന്നുവച്ചു്, എല്ലായിടത്തും കാണുന്ന പക്ഷിയാണ് കാക്ക എന്നു വിചാരിക്കരുതു്. സിംഗപ്പൂരിൽ കാക്ക ഇല്ലത്രെ. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലിൽ കിടക്കുന്ന ലക്ഷദ്വീപുകളിൽ പലതിലും കാക്ക ഇല്ല.
നമ്മുടെ നാട്ടിൽ സാധാരണമായി രണ്ടുതരം കാക്കകളെ കാണാം. മുഴുവനും കറുത്തത് ഒരു വക. കഴുത്തിൽമാത്രം പുകനിറമുള്ളതു് മറെറാരു വക ഈ ഇനത്തിലുള്ള കാക്കയ്ക്ക് വലുപ്പം കുറച്ചു കുറവായിരിക്കും. ആദ്യത്തെ ഇനം കാക്കയെ 'ബലിക്കാക്ക' എന്നു വിളിക്കുന്നു. കഴുത്തിനു നിറം മങ്ങിയ വർഗ്ഗത്തിനു 'പറയൻകാക്ക' എന്നും 'കാവതിക്കാക്ക' എന്നും പേരുകളുണ്ടു്.
കാക്കയുടെ കാലുകൾ സൂക്ഷിച്ചുനോക്കുക. നന്നാലു വിരലുകളാണു് ഓരോ കാലിലും അവയ്ക്കുള്ളതെന്നു കാണാം. ഇവയിൽ മൂന്നു വിരൽ മുമ്പിലും ഒന്നു് പിന്നിലുമാണു്. കാക്കയുടെ ചാടിച്ചാടിയുള്ള നടത്തം നോക്കിയിട്ടുണ്ടോ? അതിന്റെ കാലുകൾക്കും നല്ല ബലമുണ്ടു്. കൊക്കിനും നല്ല കരുത്തുണ്ടു്. കൊക്കിന്റെ മുകളിൽ ഇരുവശങ്ങളിലുമായിട്ടാണു് നാസാ