ണത്തെ മുഴുവൻ, മിന്നൽപ്പിണർകൊണ്ടെന്നപോലെതന്നെ, ദ്യോതിപ്പിക്കുന്ന ഒരുപമയാണത്. ആ ഒരൊറ്റ നന്മയുടെ വീര്യത്തെ കുറയ്ക്കാതെ, ഇത്രമേൽ വിനയത്തെ കുറിക്കുന്ന വേറൊരു വാക്യത്തെ പിടിക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കൊണ്ടലും മിന്നലും എത്ര പ്രാവശ്യം കവികൾ ഉപയോഗിച്ചു കഴിഞ്ഞിട്ടുള്ള ഉപമാനങ്ങളാണ.! എങ്കിലും ഈ പ്രത്യേക സന്ദർഭത്തിൽ അവയെ പുത്തനാക്കിത്തീർക്കുന്ന ഔചിത്യം നോക്കുക!
ആനന്തമൗലിയായി മുമ്പിൽ നിൽക്കുന്ന കർണ്ണനെ ജഗച്ചക്ഷുസ്സ് നോക്കുന്നത്.
"ആയിരം കണ്ണുള്ളോരണ്ടർകോൻ തന്റെ നേ-
ർക്കായതമായെഴുമീർഷ്യ "യോടുകൂടിയാണു.
ഈ സമാഗമമുഹൂർത്തത്തിൽ ആ "നിർവൃതിമണ്ഡലമദ്ധ്യവർത്തി" സർവ്വവും വിസ്മരിച്ചു നിൽക്കുന്നു.
സൂര്യൻ ഒന്നാമതു നീക്കുന്നത്, താൻ അതിരഥനെന്ന സൂതന്റെയും രാധയുടേയും മകനാണെന്നുള്ള കർണ്ണന്റെ അബദ്ധധാരണയേയാണു.
"പാലാഴിപ്പൈതലാം പാരിജാതത്തെയോ
കാലിക്കുളമ്പുചാൽ പെറ്റിടുന്നു ?"
എന്നാണു ഈ പ്രകൃതത്തിൽ ആദിത്യൻ ചോദിക്കുന്ന ചോദ്യം. കർണ്ണനായ കർണ്ണന്റെ വാസുദേവനാണു താനെന്നും, അധിരഥൻ നന്ദഗോപൻ മാത്രമാണെന്നുമുള്ള വസ്തുത അദ്ദേഹം വെളിവാക്കുന്നു.