ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വാസുകി നീർക്കോലിയാകുമെന്നോർക്കുന്നു
വാസവൻ, ഭോഷനോ കുണ്ഡലീശൻ ?
നീരദമാകുമോ സർവജ്ഞഭൂഷയെ
നീരദവാഹനയാച്ഞായന്ത്രം ? '
XIV
ഇത്തരം വാക്കോതിപ്പത്മാക്ഷൻ നോക്കിനാൻ
പുത്രൻതൻ നന്മുഖമൊന്നുവീണ്ടും.
ആ മുകുരത്തിങ്കൽ വ്യക്തമായ് വീക്ഷിച്ചാ-
നാഗാമിയാകും തന്നാശാഭങ്ഗം: 340
സ്ഫീതപ്രസാദമാമാവദനേന്ദുവി-
ലാദിയിലല്പമാം മ്ലാനഭാവം
പേർത്തുമൊരങ്കത്തിൻ രീതിയിൽ കണ്ടതു
വീർത്തു വിധുന്തുദരൂപമേന്തി
അത്തിങ്കളെ ഗ്രസിച്ചാർക്കുന്നു. ചീർക്കുന്നു
മിത്രന്റെ മുന്നിൽ നിന്നന്ധകാരം !
ഇപ്പുലർവേളയെന്തന്തിയായ്, മാറുവാൻ ?
ഇശ്ശരത്തിന്നേതു വർഷാരാത്രം ?
താൻ വേണ്ടതെന്തിനിമേലെന്നു ചിന്തിച്ചു
പോംവഴിയൊന്നുമേ കണ്ടിടാതെ, 350