താൾ:Karnabhooshanam.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ആ മട്ടിൽ മാളികയ്ക്കുള്ളിലുറങ്ങും ത-
   ന്നോമനയുണ്ണിതൻ മുന്നിൽ വേഗാൽ       110

 ചേരുകയായ് ചെന്നു നന്ദനവാത്സല്യ-
   പരവശാകുലൻ ഭാനുമാലി.


VI




 അന്നന്മണിയറയാകവേ പൂത്തോരു
   കൊന്നപൂന്തോട്ടമായ് മിന്നിനിൽക്കേ

 മഞ്ഞനീരാടിന മന്നവൻ തന്മിഴി-
   മഞ്ജുളച്ചെന്താർ മലർന്നു മെല്ലെ,

 ആഗന്തുകനൊരാൾ, അന്തണൻ, കാല്യത്തിൽ-
   ആഗമവിഗ്രഹ, നത്ഭുതാഭൻ,

 കാണികൾക്കുപ്പൂ കുളിർപ്പിക്കും ചെന്തീയായ്,
   കാഞ്ചനവർണ്ണമാം കർപ്പൂരമായ്,       120

 ചേണുറ്റ തൻ പൂർവപുണ്യത്തിൻ സൽഫലം
   പാണിയിൽ പക്വമായ് വീണപോലെ,

 ആസന്നനായതു കണ്ടെഴുന്നേറ്റെങ്ങ-
   ങ്ങാസന, മെങ്ങർഘ്യ, മെങ്ങു പാദ്യം,

 എങ്ങുമധുപർക്ക, മെന്നുരചെയ്തുകൊ-
   ണ്ടങ്ഗേശ, നാതിഥ്യജാഗരൂകൻ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/10&oldid=161830" എന്ന താളിൽനിന്ന് ശേഖരിച്ചത്