ശാസ്താംകോവിലുകളും ഉണ്ടു്. ഇവ പരശുരാമക്ഷേത്രങ്ങളാണു്. ശാസ്താംകോവിലുകളിൽ പ്രധാനം ശബരിമലയും കുളത്തൂപുഴയുമാകുന്നു. വടക്കൻതാലൂക്കുകളിൽനിന്നു് അനവധി ജനം ആണ്ടുതോറും ശബരിമല മകരവിളക്കിനു ശാസ്താവിനെ ദർശിക്കുന്നതിനായിട്ടു പോകുന്നു. ഇവരെ അയ്യപ്പന്മാരെന്നാണു വിളിക്കുന്നതു്. ശബരിമലയാത്രയ്ക്കിടയ്ക്കു് 'എരുമേലി' പേട്ടതുള്ളലും 'പമ്പ'യിലെ സദ്യയും വിളക്കും ഭക്തന്മാരെ വളരെ പ്രസാദിപ്പിക്കുന്നു. തെക്കൻതിരുവിതാംകൂറിൽ ൧൨ ശിവാലയങ്ങൾ മുഖ്യമായിട്ടുണ്ടു്. കുംഭമാസത്തിൽ ശിവരാത്രിദിവസം ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലും ചെന്നു കുളിച്ചുതൊഴുന്നതു പാപമോചനത്തിനുള്ള ഒരു മാർഗ്ഗമാണെന്നു വിചാരിക്കപ്പെട്ടുവരുന്നു. ഇതിലേക്കായി ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഒരുദിവസംകൊണ്ടു കുളിച്ചുതൊഴുന്നതിനായി യത്നിക്കുന്നവരെ "ചാലയം ഓട്ടക്കാർ" എന്നു വിളിക്കുന്നു. ചാലയം എന്നതു ശിവാലയം എന്നതിന്റെ തത്ഭവമാണെന്നു വിചാരിക്കാം. മലയാളക്കരയിലെ ഹിന്ദുക്കൾക്കു് ആണ്ടിൽ മൂന്നു ആഘോഷദിനങ്ങൾ ഉണ്ടു്. അവ ചിങ്ങമാസത്തിലെ ഓണവും, ധനുമാസത്തിലെ തിരുവാതിരയും മേടമാസത്തിലെ വിഷുവുമാകുന്നു.
ക്രിസ്തുമതം:-ഇൻഡ്യയിൽ മറ്റെങ്ങും ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിനു വളരെ മുമ്പുതന്നെ ഈ സംസ്ഥാനത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നു മാത്രമല്ല യേശുക്രിസ്തുവിന്റെ ൧൨ ശിഷ്യന്മാരിൽ ഒരാളായ സെന്റുതോമസു് എന്ന മഹാൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം ചില പള്ളികൾ സ്ഥാപിച്ചു എന്നും ഒരു ശ്രുതിയുണ്ടു്. ഇതു് അത്ര അടിസ്ഥാനമില്ലാത്തതെന്നാണു ചിലരുടെ അഭിപ്രായം. ഇവിടത്തെ ആദ്യത്തെ ക്രിസ്ത്യാനികൾ ആയിരത്തിഅറുനൂറുവർഷത്തിനുമുമ്പു ഇവിടെ വന്നു താമസിച്ച കാനായിത്തൊമ്മൻ തുടങ്ങിയ സിറിയാദേശക്കാരായ സുറിയാനിക്രിസ്ത്യാനികളാണു്. പിന്നീടു് പോർട്ടുഗീസുകാരുടെ കാലം മുതൽ മിഷ്യനറിമാരുടെ പ്രവേശനത്തോടുകൂടി മറ്റു ക്രിസ്ത്യാനികളും ഉണ്ടായിത്തുടങ്ങി. ശരാശരി നോക്കിയാൽ ഇവിടെ ഉള്ളിടത്തോളം ക്രിസ്ത്യാനികൾ അന്യസംസ്ഥാനങ്ങളിൽ ഇല്ല. ഇവരുടെ ഇടയിൽ പ്രധാനമായി മൂന്നു വർഗ്ഗക്കാരുണ്ടു്.
൧. ലത്തീൻകാർ, ൨. സുറിയാനി, ൩. പ്രോട്ടസ്റ്റന്റു്.
ലത്തീൻകാർ:-ഇവരെ മിക്കപേരും ആദ്യമിഷ്യനറിമാരായ പോർട്ടിഗീസുജാതിക്കാരാൽ ക്രിസ്ത്യാനികളാക്കപ്പെട്ടവരുടെ സ