Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹിന്ദുമതം:-ജനസംഖ്യയിൽ ഏകദേശം മുക്കാൽഭാഗം ഈ മതത്തിൽ ഉൾപ്പെട്ടവരാണു്. ഇവിടത്തെ ഹിന്ദുക്കളുടെ ഇടയിൽ അന്യസ്ഥലങ്ങളിൽ ഉള്ളതുപോലെ വൈഷ്ണവന്മാരെന്നും ശൈവന്മാരെന്നുമുള്ള വ്യത്യാസം അധികം ഇല്ല. മിക്കവരും ശൈവപ്രസാദമാകുന്ന ഭസ്മവും, വൈഷ്ണവപ്രസാദമാകുന്ന ചന്ദനവും തൊടുന്നുണ്ടു്. ആളുകൾ പ്രായേണ ഈശ്വരഭജനത്തിൽ തൽപരന്മാരാണു്. ഏകാദശി, പ്രദോഷം മുതലായ വ്രതങ്ങൾ ശരിയായി അനുഷ്ഠിക്കുന്നതിനു് ഇവർക്കു പ്രത്യേകം ജാഗ്രതയുണ്ടു്. ഹിന്ദുക്കൾക്കു് ഈശ്വരാരാധന ചെയ്വാനുള്ള ക്ഷേത്രങ്ങൾ ശരാശരി നോക്കിയാൽ ഇവിടെ ഉള്ളതുപോലെ അന്യരാജ്യങ്ങളിൽ ഇല്ല. തെക്കൻതിരുവിതാംകൂറിലെ തെക്കതുകളും വടക്കൻതിരുവിതാംകൂറിലെ സർപ്പക്കാവുകളും ചെറിയ ക്ഷേത്രങ്ങളാണു്. ഇവിടെ പരദേവതമാർ കുടിയിരുപ്പുണ്ടെന്നാണു് വിശ്വാസം. ഓരോ കുടുംബത്തിലെ സുഖദു:ഖങ്ങൾ ഈ പരദേവതകളുടെ തൃപ്തി അനുസരിച്ചു് ഇരിക്കുമെന്നു് അഭിപ്രായമുള്ളതുകൊണ്ടു് ഈ ഭാഗങ്ങളെ ശുചിയായും ശുദ്ധമായും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവ കൂടാതെ ഓരോ കരയ്ക്കും പൊതുവായ ഓരോ ക്ഷേത്രം മിക്കവാറും എല്ലായിടത്തും ഉണ്ടു്. എന്നു മാത്രവുമല്ല, അനേകദേശങ്ങൾ ചേർന്ന താലൂക്കിനോ അതിന്റെ ഭാഗങ്ങൾക്കോ ഓരോ പ്രധാന ക്ഷേത്രവും ഉണ്ടായിരിക്കും. ഇവയ്ക്കു പുറമേ പല പ്രസിദ്ധപ്പെട്ട വലിയ ക്ഷേത്രങ്ങൾ ഈ സംസ്ഥാനത്തിൽ ഉണ്ടു്. ഇവയിൽ ഏറ്റവും പ്രധാനമുള്ളവ കന്യാകുമാരി, ശുചീന്ദ്രം, തിരുവട്ടാർ, അനന്തശയനം (തിരുവനന്തപുരം) തിരുവല്ലം, വർക്കല, ആറന്മുള, ചെങ്ങന്നൂർ, അമ്പലപ്പുഴ, വൈക്കം, ഏറ്റുമാനൂർ ഇവയാണു്. വൈക്കത്തെ ശിവക്ഷേത്രത്തിന്റെ പണി ഒരു മാതൃകാപണിയാകുന്നു. ശുചീന്ദ്രം വളരെ പുരാതനമായിട്ടുള്ള ഒരു ക്ഷേത്രമാണു്. തിരുവനന്തപുരത്തു കൊടിയേറ്റു്, വൈക്കത്തഷ്ടമി, ശുചീന്ദ്രത്തു തേരോട്ടം, ആറന്മുള ഉത്രിട്ടാതി,ഏറ്റുമാനൂർ ആറാട്ടു് എന്നിവയ്ക്കു വളരെ പ്രസിദ്ധിയുണ്ടു്. ഇവ കൂടാതെ വൈക്കത്തിനടുത്തുള്ള ഉദയനാപുരം കാവടി, ആലുവാ ശിവരാത്രി കുളച്ചലിനടുത്തുള്ള മണ്ടയ്ക്കാട്ടുകൊട മുതലായ ഉത്സവകാലത്തു് ഈ സ്ഥലങ്ങളിൽ നാനാഭാഗങ്ങളിൽ നിന്നും വന്നുകൂടുന്ന ജനങ്ങളുടെ സംഖ്യ ഒട്ടും ചില്ലറയല്ല. കന്യാകുമാരിയും വർക്കലയും പുണ്യതീർത്ഥസ്ഥലങ്ങളാണു്. രാജ്യത്തിന്റെ പൊതുരക്ഷയ്ക്കായി പടിഞ്ഞാറേ അതിരിൽ കടൽവാരത്തു് അവിടവിടെ ഭഗവതിക്ഷേത്രങ്ങളും കിഴക്കേ അതിരിൽ മലവാരത്തു് അവിടവിടെ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/67&oldid=160126" എന്ന താളിൽനിന്ന് ശേഖരിച്ചത്