ന്നൂരും, കൊട്ടാരക്കരയുള്ള 'ചടയമംഗലവും' ഇവരുടെ വകയായിരുന്നു. ഇപ്പോഴത്തെ ഇവരുടെ സാമുദായികസ്ഥിതി വളരെ വ്യത്യാസപ്പെട്ടുവരുന്നു. ഇവരുടെ സാമുദായികപരിഷ്കരണത്തിനു പലരും ശ്രമിക്കുന്നുണ്ടു്. നെയ്യാറ്റിങ്കരത്താലൂക്കിൽ സ്ഥാപിച്ചിട്ടുള്ള ഇവരുടെ വക സധുപരിപാലനസംഘവും, തിരുവല്ലായിലെ ചേരമർമഹാജനസംഘവും, അഖിലേന്ത്യാ ഹരിജനസേവകസംഘവും ഇതിലേയ്ക്കു പ്രത്യേകം ഉതകുന്നവയാണു്. ഈ വർഗ്ഗത്തിൽ നിന്നു ചിലരെ നിയമസഭാമെംബറന്മാരായി തെരഞ്ഞെടുക്കയും ചെയ്തിട്ടുണ്ടു്.
കാട്ടുജാതിക്കാർ:- മൂവായിരത്തോളമേ കണക്കാക്കിയിട്ടുള്ളു. ഇവരെയും ഹിന്തുജനങ്ങളിൽ കൂട്ടാം. മലമുകളിലും മലഞ്ചരിവുകളിലും ആണു് ഇവർ താമസിക്കുന്നതു്. ഇവരിൽ വേലൻ, മലങ്കുറവൻ, മലവേടൻ, കാണിക്കാരൻ എന്നിങ്ങനെ പല ഇനക്കാരുമുണ്ടു്. കപ്പ (മരച്ചീനി) വാഴ മുതലായ കൃഷികൾ ഇവർ മലയിൽ ചെയ്യുന്നു. ഇവർ ക്രമേണ കുറഞ്ഞുവരുന്നു.
ഹിന്ദുവർഗ്ഗത്തിൽപ്പെട്ട ചില ജാതിക്കാർക്കു മുൻപുണ്ടായിരുന്ന അസമത്വങ്ങൾ എല്ലാം ഈയിടപ്രസിദ്ധപ്പെടുത്തിയ തിരുവെഴുത്തുവിളംബരം കൊണ്ടു നീക്കപ്പെടുകയും ജാതിഭേദംകൂടാതെസകലഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ലഭിയ്ക്കയും ചെയ്തിരിക്കുന്നു.
൨. ക്രിസ്തുമതത്തിലുൾപ്പെട്ടവർ:-
ഇവരെ മൂന്നു ഇനക്കാരായി ഗണിക്കാം.
(എ) നാട്ടുക്രിസ്ത്യാനികൾ ....(പതിനാറുലക്ഷം)
(ബി) യൂറേഷ്യന്മാർ ...............(ആറായിരം)
(സി) യൂറോപ്യന്മാർ ..................(അറുനൂറ്)
(ഏ) നാട്ടുക്രിസ്ത്യാനികൾ:-ഇക്കൂട്ടത്തിൽ ലത്തീൻ കത്തോലിക്കരും, സുറിയാനികളും, പ്രോട്ടസ്റ്റന്റുകാരും ഉൾപ്പെടുന്നു.
ലത്തീൻ കത്തോലിക്കക്കാർ അധികം താമസമുള്ളതു സമുദ്രതീരം സംബന്ധിച്ച താലൂക്കുകളിലാണു്. ഇവരുടെ ഭാഷ ഒരുമാതിരി ദുഷിച്ച മലയാളമാകുന്നു. കൃഷിക്കാർ ഇവരുടെ ഇടയിൽ കുറവാണു്. (ജനസംഖ്യ മൂന്നരലക്ഷത്തിൽ കൂടുതലുണ്ടു്.)
സുറിയാനികൾ:-ഇവർ വടക്കൻതാലൂക്കുകളിലാണു് താമസം. ഇവരുടെ തൊഴിൽ കൃഷിയും കച്ചവടവും മറ്റുമാണു്. ഇക്കൂട്ടത്തിൽ പുത്തൻകൂറ്റുകാർ, പഴയകൂറ്റുകാർ, ചർച്ചുമിഷ്യൻകാർ മുതലായ പ്രത്യേക സംഘക്കാർ ഉണ്ടു്. പുത്തൻകൂറ്റുകാർ നാലരലക്ഷത്തിൽ കൂടുതൽ ഉണ്ടു്. പഴയകൂറ്റുകാർ നാലരലക്ഷത്തോളമേയുള്ളു. ചർച്ചുമിഷ്യൻകാരുടെസംഖ്യ എൺപത്തിഅയ്യായിരമാണു്.