Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊങ്കിണികൾ:-(ഒൻപതിനായിരം) ഇവർ കൊങ്കണദേശത്തുനിന്നു വന്നിട്ടുള്ളവരാണു്. ഇവരെ ഗൗഡസാരസ്വതർ എന്നും വിളിക്കാറുണ്ടു്. കച്ചവടമാണു് മുഖ്യതൊഴിൽ. ഇവരുടെ വക ആലപ്പുഴ, ചേർത്തല മുതലായ സ്ഥലങ്ങളിൽ തിരുമല ദേവസ്വത്തിലുൾപ്പെട്ട ക്ഷേത്രങ്ങൾ ഉണ്ടു്.

ഈഴവർ:-(എട്ടു ലക്ഷത്തി എഴുപതിനായിരത്തോളം ഉണ്ടു്.) ജനസംഖ്യയിൽ ഹിന്ദുവർഗ്ഗത്തിൽ ഒന്നാമത്തെ സ്ഥാനം ഇവർ വഹിക്കുന്നു. ഇതു നായന്മാരുടെ സംഖ്യയെക്കാൾ അല്പം കൂടുതലാണു്. ഇവർ സിലോണിൽ നിന്നു് ഇവിടെ വന്നു കുടിയേറിപ്പാർത്തവരാണെന്നു ഗണിക്കപ്പെട്ടിരിക്കുന്നു. ഈഴം, സിംഹളം എന്നിവ സിലോണിന്റെ പഴയ പേരുകളാകുന്നു. കൃഷിയും കച്ചവടവുമാണു് പ്രധാന തൊഴിലുകൾ. ഇവർ വ്യവസായശീലന്മാരാകയാൽ അനേക കൈത്തൊഴിലുകളെ സ്വീകരിച്ചുവരുന്നു. അവകാശക്രമം മക്കവഴിയും മരുമക്കവഴിയും രണ്ടുതരത്തിലുണ്ടു്. എന്നാൽ ഇപ്പോൾ മരുമക്കവഴി കുറഞ്ഞും മക്കവഴി കൂടിയും വരുന്നു. ഇവർ വൈദ്യം, ജ്യോതിഷം മുതലായവ അഭ്യസിക്കുന്നതിനു താല്പര്യമുള്ളവരാണു്. പ്രമാണികളിൽ ചിലർക്കു മൂപ്പൻ, ചാന്നാൻ, പണിക്കർ എന്ന സ്ഥാനപ്പേരുകൾ ഉണ്ടു്. ഇവരുടെ വക "ശ്രീനാരായണധർമ്മപരിപാലനയോഗം" മൂലം സമുദായത്തിനു വലിയ ഉണർച്ച ഉണ്ടായിട്ടുണ്ടു്.

ചാന്നാന്മാർ:-(അഞ്ചരലക്ഷം) ഇവർ തെക്കൻതിരുവിതാംകൂറിലേ അധികമുള്ളു. ആകൃതിയും വേഷവും ഭാഷയും തമിഴുരീതിതന്നെ. പനയേറ്റവും കൃഷിയുമാണു് പ്രധാന തൊഴിലുകൾ. കല്ക്കുളം, അഗസ്തീശ്വരം ഈ താലൂക്കുകളിലാണു് അധികം പാർത്തുവരുന്നതു്. ഈ വർഗ്ഗത്തിൽനിന്നു വളരെപ്പേർ ക്രിസ്ത്യാനികളായിട്ടുണ്ട്.

പുലയരും പറയരും:-ഏഴുലക്ഷത്തിൽ കൂടുതൽ ഉണ്ട്. ഈ രണ്ടിൽ പുലയരാണു് അധികം ഉള്ളത്. പറയരുടെ ഇരട്ടിയിലധികം പുലയരാണു്. ഇവർ ഈ സംസ്ഥാനത്തു പുരാതനകാലം മുതല്ക്കേ ഉള്ളവരാണെന്നു വിചാരിക്കപ്പെട്ടിരിക്കുന്നു. നിലംപുരയിടങ്ങളിൽ കൃഷിപ്പണി നടത്തുന്നതു് ഇവരാണു്. ഒരു കാലത്തു ഇവർ അടിമകളായി ഗണിക്കപ്പെട്ടിരുന്നു. എന്നൽ ഇപ്പോൾ സ്വാതന്ത്ര്യമുള്ളവരായിത്തീർന്നിട്ടുണ്ടു്. വളരെ പുരാതനകാലത്തു ഇവരിൽ ചില്ലറ നാടുവാഴികൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്തിനടുത്തുള്ള "പുലയനാർകോട്ട"യും നെടുമങ്ങാടുള്ള "ഉഴമലയ്ക്ക"ലും, കൊക്കോതമംഗലവും, കൊല്ലത്തിനടുത്തുള്ള ചാത്ത

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/63&oldid=160122" എന്ന താളിൽനിന്ന് ശേഖരിച്ചത്