താൾ:Geography textbook 4th std tranvancore 1936.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്മനത്തോടു്, ആയിരംതെങ്ങുതോടു്, കായംകുളംകായൽ, തൃക്കുന്നപ്പുഴത്തോടു്,അമ്പലപ്പുഴത്തോടു്, പള്ളാത്തുരുത്തിയാറു്, (പമ്പയുടെ ഒരു ശാഖയാണു്) വേമ്പനാട്ടുകായൽ ഇവയിൽകൂടി എറണാകുളം കടന്നു പറവൂർ വടക്കേ അതിർത്തിയിൽചെന്നു കൊച്ചീസംസ്ഥാനത്തിലേക്കു പോകുന്നു. വടക്കു് തിരൂർ റെയിൽവേ ആഫീസ്സുവരെ വള്ളം വഴി പോകാവുന്നതാണു്. തിരുവനന്തപുരം മുതൽ കൊല്ലംവരെ ദൂരം ൪൦ മൈൽ. ആലപ്പുഴവരെ ൮൯ മൈൽ. കൊച്ചി വരെ ൧൩൨ മൈൽ. പറവൂർ അതിർത്തിക്കു ൧൫൦-മൈൽ.

ഈ പ്രധാന കൈവഴിയിൽനിന്നു കായംകുളത്തുവച്ചു് ഒരു ശാഖ പിരിഞ്ഞു പത്തിയൂർ, കരിപ്പുഴ, വീയപുരം, രാമങ്കരി, ചങ്ങനാശ്ശേരി ഇവിടങ്ങളിൽക്കൂടി കോട്ടയത്തേക്കു പോകുന്നു. തോടുകൾ അധികം ഉള്ളതു കുട്ടനാട്ടിലാണു്. വള്ളത്തിന്റെ സഹായംകൂടാതെ ഒരു രണ്ടുനാഴിക ദൂരമെങ്കിലും കുട്ടനാട്ടിൽ സഞ്ചരിക്കാൻ സാധിക്കയില്ല. ഇവിടെയുള്ള സ്ത്രീകൾകൂടെ വള്ളംതുഴയുന്നതിനു സാമർത്ധ്യമുള്ളവരാണു്.

തിരുവനന്തപുരത്തിനു തെക്കു് ഒരു പ്രസിദ്ധപ്പെട്ട തോടു വെട്ടപ്പെട്ടിട്ടുണ്ടു്. ഇതു പൂവാറ്റുനിന്നും സമുദ്രതീരത്തുകൂടി തേങ്ങാപ്പട്ടണം വഴി കുളച്ചൽവരെ എത്തിയിട്ടുള്ള അനന്തവിൿടോറിയാമാർത്താണ്ഡൻ ക്യനാൽ ആകുന്നു. ഈ പേരു സിദ്ധിച്ചതു് അനന്തശായിയായ ശ്രീപത്മനാഭസ്വാമിയുടെ നാട്ടിൽ വിൿടോറിയാ ചക്രവർത്തിനിയുടെ ഭരണകാലത്തു മാർത്താണ്ഡവർമ്മമഹാരാജാവിനാൽ കഴിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണു്. ചുരുക്കിപ്പറയുന്നതു് എ. വി. എം. തോടു് എന്നാണു്. ഇടയ്ക്കിടെ നികന്നു പോയിട്ടുള്ളതിനാൽ ഈ തോടുകൊണ്ടു് ഇപ്പോൾ അധികം പ്രയോജനമില്ല.

ആവിവണ്ടിപ്പാത.

പരിഷ്കൃതരാജ്യത്തിലെ മുഖ്യ ഗതാഗതമാർഗ്ഗമാകുന്ന ആവിവണ്ടിപ്പാതയും ഈ രാജ്യത്തു നടപ്പിൽ വന്നിട്ടുണ്ടു്. ഷൊറണൂർനിന്നു എറണാകുളത്തേക്കുള്ള കൊച്ചിറെയിൽപ്പാതയുടെ ഒരു ഭാഗം ഈ സംസ്ഥാനത്തുകൂടി പോകുന്നു. ഇതു മിക്കവാറും അങ്കമാലി മുതൽ ആലുവാവഴി ഇടപ്പള്ളി കടന്നുവരുന്ന ഭാഗമാണു്. തിരുവിതാംകൂറിൽകൂടി ഈ പാത പോകുന്ന ആകെ ദൂരം ൧൮-മൈലാകുന്നു. അങ്കമാലിയും ആലുവായും ഇടപ്പള്ളിയും തിരുവിതാംകൂറിൽചേർന്ന ആഫീസുകളാണു്. അങ്കമാലിക്കും ആലുവായ്ക്കും മദ്ധ്യേ കൊച്ചിയിൽചേർന്ന ചൊവ്വരസ്റ്റേഷനും ഉണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/54&oldid=160112" എന്ന താളിൽനിന്ന് ശേഖരിച്ചത്