Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

(എച്ച്) എം.സി. റോഡിൽ മൂവാറ്റുപുഴനിന്നു് ഒരു ശാഖ കിഴക്കോട്ടുതിരിച്ചു നേര്യമംഗലത്തുവച്ചു പുതുതായി പണികഴിച്ച പാലത്തിൽകൂടി പെരിയാർ കടന്നു മന്നാൻകണ്ടം വഴി മൂന്നാറിലേയ്ക്കു പോകുന്നു. ദൂരം ൫൮ മൈൽ. മൂന്നാറിൽനിന്നു വടക്കുകിഴക്കേ കോണിൽ ചിന്നാർ അതിർത്തി കടന്നു ഒരു റോഡ് ബ്രിട്ടീഷ് സ്ഥലത്തുകൂടി കോയമ്പത്തൂരേയ്ക്കു പോകുന്നു. ചിന്നാറുവരെ ദൂരം ൩൭ മൈൽ.

ഇവകൂടാതെ പറയത്തക്ക രീതിയിൽത്തന്നെ സംസ്ഥാനത്തിന്റെ കിഴക്കൻ മലഞ്ചരിവുകളിൽകൂടി തെക്കുവടക്കു നീളത്തിൽ മിക്കവാറും ഇടങ്ങളിൽ റോഡു പോകുന്നുണ്ടു്. ഈ കിഴക്കൻ റോഡുകളിൽ പ്രാധാന്യംകൂടിയതു രണ്ടാണു്.

(1) തെക്കൻമെയിൻറോഡിൽ നാഗർകോവിൽനിന്നു പുറപ്പെട്ടു ഭൂതപ്പാണ്ടി, അഴകിയപാണ്ടിപുരം, പൊന്മന, കുലശേഖരം, തൃപ്പരപ്പു്, കോവില്ലൂർ, ആര്യനാട് ഇവയിൽകൂടി കടന്നു പാലോടിനു സമീപത്തുവച്ചു ചെങ്കോട്ടറോഡിൽ ചേരുന്നു. ദൂരം ൬൦-മൈൽ.

(2) കൊല്ലം-ചെങ്കോട്ടറോഡിൽ പുനലൂർനിന്നും വടക്കോട്ടു ഒരു റോഡു പുറപ്പെട്ടു പത്തനാപുരം, കോന്നി, റാന്നി, മണിമല ഇവയിൽകൂടി കാഞ്ഞിരപ്പള്ളിയിൽ എത്തുന്നു. അവിടെ വച്ചു കോട്ടയം-കുമിളിറോഡു് കടന്നു് ഈരാറ്റുപേട്ടയിൽകൂടി പടിഞ്ഞാറോട്ടുതിരിഞ്ഞു പാലായിൽ എത്തി തൊടുപുഴവഴി ചെന്നു മൂവാറ്റുപുഴവച്ചു് എം.സി. റോഡിൽ ചേരുന്നു. ദൂരം ൯൯ മൈൽ.

വഴിയാത്രക്കാരുടേയും മറ്റും സൌകര്യത്തിനായിട്ടു് അവിടവിടെ വഴിയമ്പലങ്ങളും ചുമടുതാങ്ങികളും സ്ഥാപിച്ചിട്ടുണ്ടു്. പ്രധാന സ്ഥലങ്ങളിൽ മുസാവരിബംഗ്ലാവുകളും സത്രങ്ങളും പണി കഴിപ്പിച്ചിരിക്കുന്നു. എല്ലാ പ്രധാന റോഡുകളിലുംകൂടി ഇപ്പോൾ മോട്ടോർവാഹനങ്ങൾ ധാരാളം സഞ്ചരിക്കുന്നുണ്ടു്.

ജലമാർഗ്ഗങ്ങൾ

ജലമാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടവ:- തോടു്, ആറു്, കായൽ ഇവയിൽകൂടി തിരുവനന്തപുരം മുതൽ വടക്കോട്ടു പറവൂർ വരെ സമുദ്രതീരത്തുള്ള മാർഗ്ഗമാണു്. തിരുവനന്തപുരത്തുനിന്നു തിരിച്ചു മുറയ്ക്കു ചാക്കയിൽതോടു്, വേളീക്കായൽ, ചാന്നാങ്കരത്തോടു്, കഠിനംകുളംകായൽ, ചിറയിൻകീഴ്‌തോടു്, അഞ്ചുതെങ്ങിൽകായൽ, വർക്കലത്തോടു്, നടയറക്കായൽ, പരവൂർതോടു്, പരവൂർക്കായൽ, കൊല്ലംതോടു്, അഷ്ടമുടിക്കായൽ, ചവറയിൽത്തോടു്,

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/53&oldid=160111" എന്ന താളിൽനിന്ന് ശേഖരിച്ചത്