Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവിതാംകൂറിലേക്കു പ്രത്യേകമായി ഒരു റെയിൽവഴിയും തീർന്നിട്ടുണ്ടു്. ഇതു തെക്കേഇൻഡ്യൻ റെയിൽപ്പാതയുടെ തെക്കേ അറ്റമാകുന്ന തിരുനൽവേലിയിൽനിന്നും ചെങ്കോട്ടവഴി തിരുവനന്തപുരത്തു വന്നചേരുന്നു. തിരുവനന്തപുരംമുതൽ ചെങ്കോട്ടവരെയുള്ള ആഫീസുകൾ:-

തിരുവനന്തപുരം (തമ്പാനൂർ), പേട്ട, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, ചിറയിൻകീഴു്, കടയ്ക്കാവൂർ, അകത്തുമുറി, വർക്കല, കാപ്പിൽ, ഇടവാ, പരവൂർ, മയ്യനാടു്, കൊല്ലം, കിളികൊല്ലൂർ, കുണ്ടറ, ഏഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ഇടമൺ, തെന്മല, ആര്യങ്കാവു്, ഭഗവതിപുരം, ചെങ്കോട്ട ഇവയാകുന്നു.

സഹ്യപർവ്വതനിരങ്ങളിലുള്ള ഒരു ഇടുക്കുവഴിയായ ആ‌ര്യങ്കാവിൽ കൂടിയാണു് ഈ പാത മലയ്ക്കിപ്പുറം കടന്നുവരുന്നതു്. ഈ ഇടുക്കിനു ൬൫൦ അടി പൊക്കമേയുള്ളൂ. ഇരുവശങ്ങളും മൂവായിരം അടിക്കു മേൽ പൊക്കം കൂടിയവയാണു്. റെയിൽവണ്ടി പോകുന്നതിനായി ഇതിനു സമീപം അഞ്ചിടത്തു മലകൾ തുരന്നു് തുരങ്കങ്ങൾ ഉണ്ടാക്കീട്ടുണ്ടു്. അവയിൽ വലുതു കിഴക്കേ അറ്റത്തുള്ള ആര്യങ്കാവു തുരങ്കമാണു്. ഇതിനു് ൨൮൦൦ അടി നീളമുണ്ടു്. പുനലൂർ മുതൽ ചെങ്കോട്ടവരെ മലവഴി പോകുന്ന ഭാഗത്തിനു ഘട്ടഖണ്ഡം എന്നു പറയുന്നു. ചിലപ്പോൾ ഇവിടെ മുമ്പിലും പുറകിലും ഓരോ എഞ്ചിൻ തൊടുത്തിയാണു് വണ്ടി ഓടിക്കുന്നതു്.

സംസ്ഥാനത്തുള്ള റെയിൽആഫീസുകളിൽ വച്ചു് ഏറ്റവും വലുതു് തിരുവനന്തപുരം (തമ്പാനൂർ) സ്റ്റേഷനാകുന്നു. ഇവിടെ വൻതുക ചെലവാക്കി ഗംഭീരമായ ഒരു കെട്ടിടം പണികഴിച്ചിട്ടുണ്ടു്. കൊല്ലത്തെ സ്റ്റേഷൻ മുമ്പു പട്ടാളം കിടന്നിരുന്ന മൈതാനസ്ഥലത്താണു്. സ്റ്റേഷനിൽ മഹാരാജാവു് തിരുമനസ്സുകൊണ്ടു് എഴുന്നള്ളുമ്പോൾ വിശ്രമിക്കുന്നതിനായി ഒരു ചെറിയ കൊട്ടാരവും പണിയിച്ചിരിക്കുന്നു. പ്രധാന സ്റ്റേഷനിൽനിന്നു് ആശ്രാമത്തു റസിഡണ്ടുബംഗ്ലാവിനു സമീപമുള്ള പുള്ളിക്കടവുവരെ ഒരു ശാഖ നീട്ടിയിട്ടുണ്ടു്. ഈ ശാഖവഴി വണ്ടിയിൽനിന്നു വള്ളത്തിലേയ്ക്കും വള്ളത്തിൽനിന്നു വണ്ടിയിലേയ്ക്കും സാമാനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനു സൌകര്യമാണു്. ഈ റെയിൽപ്പാതകൊണ്ടു തിരുവിതാംകൂറിന്റെ ഏറ്റുമതി ഇറക്കുമതി മുതലായവയ്ക്കു വളരെ എളുപ്പമുണ്ടെന്നു മാത്രമല്ല, കൊച്ചീതുറമുഖംമുതൽ തിരുവിതാംകൂർവഴി തിരുനെൽ‌വേലി, തൂത്തുക്കുടി, കൊളമ്പു മുതലായ സ്ഥലങ്ങൾവരെയുള്ള കച്ചവടത്തിനു് അഭിവൃദ്ധിയും സിദ്ധിക്കുന്നുണ്ടു്. തെക്കേഅറ്റത്തു തിരുവനന്തപുരംമുതൽ കൊല്ലത്തെ പ്രധാന സ്റ്റേഷൻവരെയുള്ള ദൂരം ൩൮ മൈലാണു്. കൊല്ലംമുതൽ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/55&oldid=160113" എന്ന താളിൽനിന്ന് ശേഖരിച്ചത്