താൾ:Geography textbook 4th std tranvancore 1936.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവശ്യത്തിനു തക്കവണ്ണംപോലും ഉണ്ടാകാത്തതിനാൽ ഏറ്റുമതി ചെയ്യപ്പെടുന്നില്ല. തേങ്ങ, കൊപ്ര, വെളിച്ചെണ്ണ, കയറു്, ചകരി, കരിപ്പുകട്ടി, ശർക്കര, മരച്ചീനി, കൂവപ്പൊടി, വെട്ടുപാക്കു്, നല്ലമുളകു്, ഏലം, തേയില, റബ്ബർ, കൂന്തുരുക്കം, തടി, തോൽ, പുളി, പാത്രങ്ങൾ, ഉപ്പുമീൻ, എണ്ണക്കുരുക്കൾ മുതലായവയാണു് പ്രധാന ഏറ്റുമതിച്ചരക്കുകൾ.

ഇറക്കുമതിച്ചരക്കുകൾ:-അന്യരാജ്യങ്ങളിൽ നിന്നു് ഇവിടെ കൊണ്ടുവരപ്പെടുന്ന സാമാനങ്ങൾക്കു് ഇറക്കുമതിച്ചരക്കുകൾ എന്നു പേർപറയുന്നു. ഇവ ഈ സംസ്ഥാനത്തുള്ളതുകൊണ്ടു മതിയാകാഞ്ഞതുകൊണ്ടോ തീരെ ഇല്ലാത്തതുകൊണ്ടോ ഇവിടത്തെ ഉപയോഗത്തിനായി അന്യരാജ്യങ്ങളിൽനിന്നു കിട്ടുന്നവയാണു്. അവ നെല്ലു്, ജവുളി (തുണിച്ചരക്കു്) സ്ഫടികസാമാനങ്ങൾ, കടലാസു്, കത്തികൾ, മദ്യങ്ങൾ, മരുന്നുകൾ, പുകയില, യന്ത്രങ്ങൾ, നാഴികമണി, കുട, വ്യഞ്ജനം, മണ്ണെണ്ണ, നൂൽ, ഉപ്പു് മുതലായവയാണു്.

ഇപ്പോഴത്തെ കണക്കിൻപ്രകാരം ഈ സംസ്ഥാനത്തിലെ ആകെ കച്ചവടത്തുക പതിനാറുകോടിയിൽ ചില്വാനം രൂപയാണു്. അതിൽ ഏകദേശം പകുതിവീതം ഇറക്കുമതികൾക്കും കണക്കാക്കിയിരിക്കുന്നു. ഈ ചരക്കുകൾക്കു തീരുവ (ചുങ്കം) ഏർപ്പെടുത്തിയിട്ടുണ്ടു്. ഇവ മുഖ്യമായി പുകയില, കറുപ്പു്, മദ്യം മുതലായ ഇറക്കുമതിച്ചരക്കുകൾക്കും കൊപ്ര, വെളിച്ചെണ്ണ, ഏലം മുതലായ ഏറ്റുമതിച്ചരക്കുകൾക്കും ആണു്. ഇവയിൽനിന്നുള്ള തീരുവ ഈടാക്കുന്നതിനു ചവുക്കകൾ ഏർപ്പെടുത്തിയിട്ടുണ്ടു്. പ്രധാന ചവുക്കസ്ഥലങ്ങൾ അരൂക്കുറ്റിയും ആരുവാമൊഴിയുമാണു്. ഉപ്പു് സർക്കാർമുഖാന്തിരം വരുത്തി പണ്ടകശാലകളിൽ ശേഖരിച്ചു വിറ്റുവരുന്നു. തീരുവ ഇനത്തിൽ ഉദ്ദേശം നാല്പതുലക്ഷം രൂപാ മുതലെടുക്കുന്നുണ്ടു്.

സംസ്ഥാനത്തിനുള്ളിൽ സാമാനങ്ങൾ ശേഖരിച്ചു് അവിടവിടെയായി കച്ചവടം നടത്തുന്നതിനു് അനേകം ചന്തകൾ ഏർപ്പെടുത്തിയിട്ടുണ്ടു് ഇവയിൽ പ്രധാനപ്പെട്ടവ തെക്കൻ തിരുവിതാംകൂറിൽ തിങ്കളാഴ്ചച്ചന്ത, കനകമൂലച്ചന്ത (വടശ്ശേരിച്ചന്ത) കളീക്കവിളച്ചന്ത ഇവയും വടക്കു ശാസ്താംകോട്ട, ചങ്ങനാശ്ശേരി മാഞ്ഞാലി ഇവയുമാണു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/49&oldid=160107" എന്ന താളിൽനിന്ന് ശേഖരിച്ചത്