Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. പുല്ലുവർഗ്ഗങ്ങൾ-മുള, ഈറൽ, ഒട്ടൽ, ചൂരൽ മുതലായി അനേകമാതിരി ഇവിടെയുണ്ടു്. നേര്യമംഗലം പള്ളിവാസൽ റോഡിനിരുപുറത്തും ഈറൽക്കാടുകൾ ബഹുദൂരം പരന്നുകിടക്കുന്നു. ഈറൽ കടലാസുണ്ടാക്കുന്നതിനു് ഉചിതമായിട്ടുള്ളതാണു്. മലഞ്ചരിവുകളിലും കുന്നിൻപുറങ്ങളിലും പുൽത്തൈലം വാറ്റി എടുക്കുന്നതിനുള്ള പുല്ലുകൾ വളരുന്നു.

൫. ഔഷധവർഗ്ഗങ്ങൾ:-ഈ വകയ്ക്കു് ഉപയോഗമുള്ള മരങ്ങളും ചെടികളും ഇവിടെ ഉള്ളിടത്തോളം അന്യസ്ഥലങ്ങളിൽ ഉണ്ടാകുന്നില്ല. കടുക്ക, താന്നി, നെല്ലി, കാഞ്ഞിരം, വയമ്പു്, ചിറ്റരത്ത, ദേവതാരം, ചന്ദനം, വേപ്പു്, ജാതിക്കാ, ഏലം, കൊടുവേലി എന്നും മറ്റും അസംഖ്യം ഔഷധവർഗ്ഗങ്ങൾ ഇവിടെ ധാരാളമുണ്ടു്.

ജന്തുക്കൾ

സസ്യവർഗ്ഗങ്ങളെപ്പോലെ വൻമൃഗങ്ങളും ചെറുതരം ജന്തുക്കളും പക്ഷികളും പാമ്പുകളും അനേകജാതിയിൽ അസംഖ്യം ഇവിടെയുണ്ടു്. ആനയും കടുവായും കാട്ടുപോത്തും നായാട്ടുകാരായ യൂറോപ്യന്മാരെ കൂടക്കൂടെ ഇവിടേയ്ക്കു് ആകർഷിക്കുന്നു. കരടി, പുലി, പന്നി, മാൻ, ചെന്നായ്, കുറുക്കൻ, കുരങ്ങു, മുയൽ മുതലായവ വനങ്ങളിൽ മിക്കയിടത്തും ഉണ്ടു്.

ഭരണം

ഈ സംസ്ഥാനത്തിൽ വനംവക കാര്യങ്ങളുടെ അന്വേഷണത്തിനായി ഒരു വനംവക ഡിപ്പാർട്ടുമെന്റു് അല്ലെങ്കിൽ സഞ്ചായം ഡിപ്പാർട്ടുമെന്റ് ഏർപ്പെടുത്തീട്ടുണ്ടു്.

ഇതിന്റെ മേലധികാരി കൺസർവേറ്റർ എന്ന ഉദ്യോഗസ്ഥനാണു്. ഏകദേശം പതിന്നാലുലക്ഷം രൂപാ ആണ്ടുതോറും വനംവകയിൽനിന്നു് ഈ ഡിപ്പാർട്ടുമെന്റു മുഖാന്തിരം മുതലെടുക്കപ്പെട്ടുവന്നു. ഇപ്പോൾ അല്പം കുറവാണു്. രാജ്യരക്ഷയ്ക്കു് വനങ്ങൾ എത്രയും ആവശ്യമാകകൊണ്ടു് അവയ്ക്കു നാശമുണ്ടാകാതെ സൂക്ഷിച്ചു രക്ഷിക്കയാണു് ഈ ഡിപ്പാർട്ടുമെന്റിലെ ഒരു പ്രധാനജോലി. ജനങ്ങൾ ബോധിച്ചതുപോലെ വനത്തിനുള്ളിൽ കടന്നു നാശം ചെയ്യാതിരിപ്പാനായി വനങ്ങളിൽ ഏതാനും സ്ഥലങ്ങൾ ഒഴിച്ചിടപ്പെട്ടിട്ടുണ്ടു്. ഇവയ്ക്കു റിസർവ് എന്നാണു പേരു്. ഇതിനുള്ളിൽ അനുവാദംകൂടാതെ ആർക്കും കടന്നു വിറകുപോലും എടുത്തുകൂടാത്തതാകുന്നു. ആകെയുള്ള റിസർവ് ഏകദേശം രണ്ടായിരം ചതുരശ്രമൈൽസു സ്ഥലമാണു്. ഏരൂർ, കുളത്തൂപ്പുഴ, റാന്നി, കോന്നി, മലയാറ്റൂർ ഇവയാണു് മുഖ്യ റിസർവുകൾ. ഡി

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/44&oldid=160102" എന്ന താളിൽനിന്ന് ശേഖരിച്ചത്