താൾ:Geography textbook 4th std tranvancore 1936.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പാൎട്ടുമെന്റിന്റെ മറ്റു ജോലികളിൽ പ്രധാനം ആനയെ പിടിച്ചു പഴക്കുക; തടികൾ വെട്ടിമുറിച്ചു വില്പിക്കുക; ഏലം, ദന്തം, തേൻ, മെഴുകു, പശ മുതലായതു ശേഖരിക്കുക; വനത്തിനുള്ളിൽ ഗതാഗതത്തിനു വഴികൾ ഉണ്ടാക്കുക; സൌകൎയ്യമുള്ളിടത്തു തേക്കു മുതലായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക ഇവയാണു്. കാട്ടിൽ സ്വാഭാവികമായി വളരുന്ന തേക്കുതടി അനവധിയായി ആണ്ടുതോറും വെട്ടി ഇറക്കപ്പെട്ടുപോയാൽ കാലക്രമേണ അതിനു കുറവു വരുമെന്നു ശങ്കിച്ചിട്ടാണു് ചിലേടത്തു വലിയ തേക്കുതോട്ടങ്ങൾ ഗവൎമ്മെന്റിൽനിന്നു തന്നെ ഉണ്ടാക്കി സംരക്ഷിച്ചുപോരുന്നതു്. ഇവയിൽ പ്രധാനം കോന്നിയിലും മലയാറ്റൂരും ഉള്ള തോട്ടങ്ങൾ അത്രേ.

നവീനശാസ്ത്രരീതികൾ അനുസരിച്ചു വനംവക സാധനങ്ങളെ പെരുമാറുന്നതിനു സൗകൎയ്യപ്പെടുത്തുന്നപക്ഷം ഇവിടെത്തന്നെ കടലാസ്സു്, സോപ്പു്, മെഴുകുതിരി, ഔഷധങ്ങൾ, ചായങ്ങൾ, വാർണീഷ്, സുഗന്ധദ്രവ്യങ്ങൾ മുതലായവയ്ക്കു കൈത്തൊഴിൽശാലകൾ സ്ഥാപിക്കുന്നതിനും തന്മൂലം രാജ്യത്തിന്നും ജനങ്ങൾക്കും ക്ഷേമം വർദ്ധിക്കുന്നതിനും ഇടയുണ്ടു്. സോപ്പുണ്ടാക്കുന്നതിനു പലേടത്തും ശാലകൾ സ്ഥാപിച്ചുകാണുന്നതു് സ്തുത്യർഹമാണു്.


അദ്ധ്യായം ൮.

തൊഴിൽ.

തിരുവിതാംകൂറിലെ മുഖ്യതൊഴിൽ കൃഷിതന്നെ. കച്ചവടം കൈത്തൊഴിൽ മുതലായവ ചുരുക്കമാണു്. ആകെയുള്ള ജനസംഖ്യയിൽ മുക്കാൽഭാഗവും കൃഷിക്കാരാണു്. സ്വദേശികളിൽ കച്ചവടക്കാർ അധികംപേർ ഇല്ല. പ്രധാന കൈത്തൊഴിലുകളെ താഴെ വിവരിക്കുന്നു.

൧. വസ്ത്രം നെയ്യുക:-ഇരണിയൽ, കോട്ടാർ, ഉണ്ണാവിളക്കട, അമരവിള, ബാലരാമപുരം, കുന്നത്തൂർ, കൊല്ലം, കോട്ടയം, പറവൂർ ഇവിടങ്ങളിൽ വസ്ത്രം നെയ്യുന്നു. പട്ടാൎയ്യർ, പട്ടുനൂൽക്കാർ, ചാലിയന്മാർ, ഈഴവർ, ചെട്ടികൾ മുതലായ ജാതിക്കാരാണു് ഇതു സാധാരണമായി നടത്തിവരുന്നതു്. പട്ടാൎയ്യന്മാർ പണ്ടു ചേരമാൻപെരുമാളാൽ കാശിയിൽനിന്നു് ഇവിടെ കൊണ്ടുവരപ്പെട്ടവരാണെന്നു പറഞ്ഞുവരുന്നു. കോട്ടാർ കവണികളും

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/45&oldid=160103" എന്ന താളിൽനിന്ന് ശേഖരിച്ചത്