താൾ:Geography textbook 4th std tranvancore 1936.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൻവൃക്ഷങ്ങളേയും പല വിധത്തിൽ ഉപയോഗമുള്ള മറ്റു ചെടികളേയും രക്ഷിച്ചു വളർത്തുന്നു.

എഫ്. ശത്രുക്കളിൽനിന്നുള്ള ആക്രമണത്തെ തടയുന്നതിനു സഹായമായിരിക്കുന്നു.

സസ്യാദികൾ.

ഈ വനത്തിലുള്ളതുപോലെ ബഹുവിധ സസ്യാദികൾ മറ്റു അധികം സ്ഥലത്തുണ്ടോ എന്നുള്ളതു സംശയമാണു്. ഏകദേശം എണ്ണൂറു പ്രത്യേകജാതിയിലുള്ള ചെടികളും മരങ്ങളും ഇവിടെ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. സസ്യാദികൾ തഴച്ചു വളരുന്നതിനു പല കാരണങ്ങളുമുണ്ടു്. അവയിൽ പ്രധാനം:-ഭൂമിയുടെ നന്മ, ഉച്ചത്തിലുള്ള സൂര്യനിൽനിന്നും നേരിട്ടുവരുന്ന നല്ലവെളിച്ചം, സാമാന്യമായ ചൂടു്, ആവശ്യത്തിനുതക്കവണ്ണമുള്ള മഴ ഇവയാണു്. വനത്തിലെ സസ്യങ്ങളെ പല വർഗ്ഗങ്ങളായി ഗണിക്കാം:-

൧. വീടുപണികൾക്കും മറ്റുമുള്ള വൻവൃക്ഷങ്ങൾ:-തേക്കു്, ഈട്ടി, തമ്പകം, കരിന്താളി ഇവയാണു് പ്രധാനവൃക്ഷങ്ങൾ. തേമ്പാവു്, ചന്ദനം, മരുതു, കടമരം, അകിൽ, ആഞ്ഞിലി, മയില, പാതിരി, മഞ്ഞക്കടമ്പു്, മലമ്പുന്ന ഇവയും ഉപയോഗപ്പെടുത്താറുണ്ടു്. ഇവിടത്തെ തേക്കു വിശേഷപ്രസിദ്ധിയുള്ളതാണു്. വളരെ മുമ്പുതന്നെ കപ്പൽ‌പണിക്കും മറ്റും അന്യരാജ്യങ്ങളിലേയ്ക്കു് ഇവിടെനിന്നും തേക്കുതടി അയയ്ക്കപ്പെട്ടിട്ടുണ്ടു്. ഈട്ടിയും കരുന്താളിയും ഉറപ്പും മിനുസവുമുള്ള തടികളാകകൊണ്ടു കസേര, മേശ മുതലായ സാമാനങ്ങൾക്കു് ഉപയോഗിപ്പെടുത്തുന്നു.

൨. പശയ്ക്കും ചായങ്ങൾക്കും ഉപയോഗമുള്ളവ:-വേങ്ങ, വേപ്പു്, കരുവേലം, പയിൻ, കാട്ടുചേരു്, ചപ്പങ്ങു്, മഞ്ചാടി ഇവയാണു്. വേങ്ങപ്പശയിലും ചപ്പങ്ങയിലും നിന്നു വിലയേറിയ നല്ല ചുവന്ന ചായങ്ങൾ ഉണ്ടാക്കപ്പെടുന്നു. പയിനിൽനിന്നുള്ള കുന്തുരുക്കവും കാട്ടുചേരിന്റെയും കരുവേലത്തിന്റേയും പശകളും വാർണീഷ് ഉണ്ടാക്കുന്നതിനു നല്ലതാണു്.

൩. നാരുവർഗ്ഗങ്ങൾ:-ഇവിടെ നാരെടുക്കാവുന്നതായി അനേകം ചെടികൾ വനത്തിലുണ്ടു്. അവയിൽ പ്രധാനം വക്ക, ചണം, കൈയൂൺ, പരുത്തി, കൈത, പുലിമാഞ്ചി, നാഗവല്ലി, ആനക്കറ്റവാഴ ഇവയാണു്. വക്കനാരുകൊണ്ടു ഉണ്ടാക്കപ്പെട്ടിട്ടുള്ള വടമാണു് ആനയെക്കൊണ്ടു തടിപിടിപ്പിക്കുന്നതിനു വിശേഷമായി ഉപയോഗിക്കാറുള്ളതു്. മറ്റു നാരുകൾ കയറുകൾക്കും ചാക്കു് വിരി മുതലായവയ്ക്കും ഉപയോഗപ്പെടുത്താം.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/43&oldid=160101" എന്ന താളിൽനിന്ന് ശേഖരിച്ചത്