വേമ്പനാട്ടു കായലിനോടു ചേർക്കുന്നു. തണ്ണീർമുക്കം കൈതപ്പുഴ മുതലായ ഭാഗങ്ങൾ അപകടസ്ഥാനങ്ങളാണു്. നമ്മുടെ ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി ഈ പട്ടണങ്ങളും കൊച്ചിയും തമ്മിലുള്ള ഗതാഗതസൗകര്യത്തിനു് ഇതിൽകൂടി ആവിബോട്ടു നടത്തപ്പെടുന്നു. കരയ്ക്കുസമീപം ഈ കായലിന്റെ ചില ഭാഗങ്ങൾ ചിറയിട്ടെടുത്തു് പുഞ്ചക്കൃഷിചെയ്തുവരുന്നു. ഈ കായലിൽ ഒന്നു രണ്ടു ദ്വീപുകൾ ഉണ്ടു്. അവയിൽ വലതു് പാതിരാമണലാണു്. പള്ളിപ്പുറവും പെരുമ്പളവും വേമ്പനാട്ടുകായലിൽ ദ്വീപുകളുടെ കൂട്ടത്തിൽ ഗണിക്കത്തക്കവയാണു്. കൊച്ചീലഴി ഇതിനെ സദാ സമുദ്രത്തോടു യോജിപ്പിക്കുന്നു. അഴിക്കുള്ളിൽകൂടി വൻകപ്പലുകളെ അകത്തുകടത്തി കച്ചവടത്തെ അഭിവൃദ്ധമാക്കുന്നതിനു തുറമുഖപ്പണികൾ മിക്കവാറും തീർന്നുകഴിഞ്ഞിട്ടുണ്ടു്. ഇതുനിമിത്തം യൂറോപ്പു് അമേരിക്ക മുതലായ ഖണ്ഡങ്ങളുമായി കപ്പൽവ്യാപാരത്തിനു ശക്തികൂടിവരുന്നു.
൯. കൊടുങ്ങല്ലൂർകായൽ:-ഇതു തിരുവിതാംകൂറിനും കൊച്ചിക്കും ഇടയ്ക്കുള്ള ഒരു കായലാണു്. പറവൂർത്താലൂക്കിന്റെ വടക്കാണു് കിടപ്പു്. വേമ്പനാട്ടുകായലിനെ കൊടുങ്ങല്ലൂരിനോടു യോജിപ്പിക്കുന്നതു വീതി നന്നാക്കുറഞ്ഞു നെടുനീളത്തിലുള്ള ഒരു ജലാശയമാണു്.
൧൦. ശാസ്താംകോട്ടക്കായൽ:-ഇതിന്റെ കിടപ്പു സമുദ്രതീരത്തല്ല. അഷ്ടമുടിക്കായലിനു വടക്കുകിഴക്കുമാറി കുന്നത്തൂർ താലൂക്കിലാണു്. വെള്ളം ഉപ്പുള്ളതല്ല. ഈ സംസ്ഥാനത്തെ ശുദ്ധജലതടാകങ്ങളില്‌വച്ചു വലുതു് ഇതാണു്. തോവാളത്താലൂക്കിലെ താഴക്കുടികുളവും, കല്ക്കുളം താലൂക്കിലെ മേക്കോട്ടുകുളവും ചെറിയ തടാകങ്ങളാണെന്നു പറയത്തക്ക വലിപ്പമുള്ളവയാണു്.
മേൽ വിവരിക്കപ്പെട്ട കായലുകളിൽ അഷ്ടമുടിയും വേമ്പനാടും മാത്രമേ സദാ സമുദ്രത്തോടു തൊട്ടുകിടക്കുന്നുള്ളു. മറ്റു കായലുകൾ ഏറക്കുറെ വർഷകാലത്തു പൊഴിമുറിഞ്ഞു സമുദ്രവുമായി യോജിച്ചിരിക്കും. അഷ്ടമുടിയെ യോജിപ്പിക്കുന്ന അഴിക്കു നീണ്ടകര അഴിയെന്നും വേമ്പനാട്ടിനെ യോജിപ്പിക്കുന്നതിനു കൊച്ചീലഴിയെന്നുമാണു് പേരുകൾ. നീണ്ടകര അഴിക്കു കുറുക്കെ ഇപ്പോൾ പാലം പണിയിച്ചിട്ടുണ്ടു്. പൊഴികളിൽ പ്രധാനപ്പെട്ടവ പരവൂരും കായംകുളവുമാണു്. വടക്കുപടിഞ്ഞാറേ ഭാഗത്തു കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും ഇടയ്ക്കു് അതിർത്തിയിൽ അന്തകാരഅഴി കിടക്കുന്നു.