Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദ്രതീരം.

ഈ സംസ്ഥാനത്തിനു ൧൬൮-മൈൽ സമുദ്രതീരം ഉണ്ടു്. ഇതു തിരമറിഞ്ഞു വീഴുന്ന കടൽക്കരയിൽനിന്നും ഒരു ഫർലാംഗ് വീതിയിൽ കുറവില്ലാത്തപരന്നുതാണമണൽപ്രദേശമാണു്. അവിടവിടെ ഉറച്ചു് അല്പം ഉന്തിനിൽക്കുന്ന മുനമ്പു് ഉണ്ടു്. കന്യാകുമാരി, മുട്ടം, കോവളം, വർക്കല, തങ്കശ്ശേരി മുതലായ മുനമ്പുകൾ (കോടികൾ) ഉറപ്പുള്ളവയാണു്. സമുദ്രതീരം മിക്കവാറും തെങ്ങുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കടപ്പുറത്തെ മണലിന്റെനിറം സാധാരണയായി മഞ്ഞൾ കലർന്ന ഒരു ഇരുണ്ട നിറമാണെങ്കിലും ഇവിടത്തെ സമുദ്രതീരത്തു ചിലയിടങ്ങളിൽ പലനിറത്തിലുള്ള മണൽ കാണുന്നുണ്ടു്. കന്യാകുമാരിയിലെ മണൽ തരത്തിലും നിറത്തിലും നാനാവിധമായിട്ടുള്ളതാണു്. ഇരുണ്ട ചുവപ്പുനിറത്തിലുള്ള ഒരുതരം മണൽ ഇവിടുന്നു അന്യരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുണ്ടു്. "മാണോസൈറ്റു്" എന്നാണു് ഇതിന്റെ പേരു്. ഇതു് അവിടെ പലകൈത്തൊഴിലുകൾക്കും ഉപകരിക്കുന്നുണ്ടത്രേ. കൊല്ലത്തിനു വടക്കു, കുറേദൂരം കറുത്തിരുണ്ടതും മിനുസമുള്ളതുമായ ഒരുവക നല്ല പൊടിമണൽ ഉണ്ടു്. ഒപ്പുകടലാസ്സു ധാരാളമായി വന്നുതുടങ്ങുന്നതിനു മുമ്പു് എഴുതിയ മഷി ഉണക്കുന്നതിനു് ഈ മണൽ ഉപയോഗപ്പെടുത്തി വന്നിരുന്നു. തിരുവനന്തപുരത്തിനു പടിഞ്ഞാറുഭാഗത്തു പരന്നുകിടക്കുന്ന ശുദ്ധവെള്ളയായും നേർമ്മയായും ഉള്ള പൊടിമണൽ കാഴ്ചയ്ക്കു കൗതുകകരമായിട്ടുള്ളതാണു്. ഇതിനെ രസികൻകുന്നെന്നാണു് വിളിച്ചു വരുന്നതു്.

തുറമുഖങ്ങൾ. ഈ സംസ്ഥാനത്തിൽ നെടുനീളത്തിൽ കിടക്കുന്ന സമുദ്രതീരത്തെ മുറിച്ചു വിടുവിക്കുന്നതിനായി അനേകം നദീമുഖങ്ങളും കായൽ സംബന്ധിച്ച ഏതാനും അഴികളും ഉണ്ടു്. നദികളുടെ മുഖം പരന്ന ചെറിയ കായലുകളുടെ സ്ഥിതിയെ പ്രാപിച്ചിരിക്കുന്നു. വലിയ തുറമുഖങ്ങൾ അധികമില്ലെങ്കിലും കാറ്റും പിശറുമുള്ളകാലങ്ങളിൽ കപ്പലിനു രക്ഷ നല്കത്തക്കതായ സ്ഥലങ്ങൾ ഏതാനും ഉണ്ടു്. ഇവയിൽവച്ചു ഏറ്റവും പ്രധാനമായതു് ആലപ്പുഴയാണു്. ഇവിടെ കരയിൽനിന്നും മൂന്നുമൈൽ അകലെയായി ഒരു ചിറ സമുദ്രത്തിനുള്ളിലുണ്ടു്. ചെളിയാൽ നിർമ്മിതമായ ഈ ചിറ പുറക്കാട്ടിനു തെക്കുവരെ ഉദ്ദേശം ആറുമൈൽ നീളത്തിൽ നീണ്ടുകിടക്കുന്നു. ഭയങ്കരമായ കാറ്റുള്ളപ്പോൾ കപ്പലുകൾക്കു് ഇവിടെ നിർഭയമായി നിൽക്കാം. കൊല്ലം കുളച്ചൽ, അഞ്ചുതെങ്ങു്, വിഴിഞ്ഞം, പൂവാറു്, മണക്കുടി ഇവയും തുറമുഖങ്ങളാണു്. തിരുവനന്തപുരം പട്ടണത്തിനു പടിഞ്ഞാറുള്ള 'വ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/31&oldid=160088" എന്ന താളിൽനിന്ന് ശേഖരിച്ചത്