പ്പുഴ, തേവള്ളി മുതലായ ഭാഗങ്ങൾ ഓളംകൊണ്ടും കാറ്റു് പിശറു് മുതലായവകൊണ്ടും അപകടകരങ്ങളാകുന്നു. ഇവയുടെ കരയ്ക്കുള്ള തേവള്ളിക്കൊട്ടാരം, ആശ്രാമത്തു റസിഡൻസി, കുരുവിപ്പുഴ ബംഗ്ലാവു് മുതലായ കെട്ടിടങ്ങൾ വിശേഷാലങ്കാരങ്ങൾ ആണു്. ഈയിടെ സ്ഥാപിച്ച "കുണ്ടറ" പിഞ്ഞാൺവ്യവസായശാല അഷ്ടമുടിയുടെ തെക്കുകിഴക്കെക്കരയിൽ സ്ഥിതിചെയ്യുന്നു. കൊല്ലംതോടു പരവൂർക്കായലിനെ അഷ്ടമുടിയോടു ചേർക്കുന്നു. അഷ്ടമുടിയുടെ കരകളും കാഴ്ചയ്ക്കു മനോഹരങ്ങളാണു്. നീണ്ടകര അഴി ഇതിനെ സദാ സമുദ്രത്തോടു യോജിപ്പിക്കുന്നു. നീണ്ടകര അഴിക്കു കുറുക്കെ ഈയിടെ പണിതീർക്കപ്പെട്ട വലിയ ഇരുമ്പുപാലം സംസ്ഥാനത്തെ എൻജിനീയർവേലകളിൽ മാന്യസ്ഥാനത്തെ അർഹിക്കുന്ന ഒന്നാണു്. ഈ അഴിയിൽകൂടി പത്തേമാരികൾ പോക്കുവരത്തുചെയ്യുന്നു. ഇതിനു പാലത്തിൽ വിശേഷസൂത്രപണികൾ ചെയ്തിട്ടുണ്ടു്.
൭. കായംകുളത്തുകായൽ:-ഇതു കരുനാഗപ്പള്ളി കാർത്തികപ്പള്ളി ഈ താലൂക്കുകളിൽ കിടക്കുന്നു. പരന്നതും ആഴമില്ലാത്തതുമാണു്. ഈ കായലിന്റെ അഴിയിൽകൂടി ചെറുതരം ഉരുക്കൾ ഉള്ളിൽകടന്നു മുൻപു് കായംകുളംപട്ടണത്തിലെ കച്ചവടത്തിനു പ്രസിദ്ധിയുണ്ടാക്കിയിരുന്നു. പണ്ടു് ഈ കായലിൽ കള്ളന്മാരുടെ ശല്യമുണ്ടായിരുന്നിട്ടുണ്ടു്. "കായംകുളം കൊച്ചുണ്ണി", "ആറാട്ടുപുഴ വേലായുധൻ" എന്ന പേരുകൾ ഇപ്പോഴും ഭയത്തെ ഉണ്ടാക്കുന്നവയാണു്. മുമ്പു് ഇതിന്റെ കരയിൽ ഒരു ചെറിയപോലീസ്സുസ്റ്റേഷനും അവിടവിടെ രണ്ടുമൂന്നു കാവൽസ്ഥലങ്ങളും ഉണ്ടായിരുന്നു. ഇതിനു ചുറ്റുമുള്ള കരകൾ കൃഷിക്കു പ്രസിദ്ധപ്പെട്ടവയാണു്. സമീപവാസികൾ മിക്കവാറും സമ്പന്നന്മാരാകുന്നു. ചവറ, പന്മന മുതലായ തോടുകളും മഞ്ഞപ്പാടം, പൊന്മന, ആയിരംതെങ്ങു് എന്ന കായലുകളും അഷ്ടമുടിയെ കായംകുളത്തോടു യോജിപ്പിക്കുന്നു.
൮. വേമ്പനാട്ടുകായൽ:-ഇതു് അമ്പലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ചേർത്തല ഈ താലൂക്കുകളുടെമദ്ധ്യേകിടക്കുന്നു. കൊച്ചീസംസ്ഥാനത്തിന്റെ തെക്കെഅറ്റം ഇതിനെ തൊട്ടാണു് കിടക്കുന്നതു്. ഇതിനു ഏകദേശം ൩൦-മൈൽ നീളമുണ്ടു്. ശരാശരി വീതി ൯-മൈൽ. ഈ സംസ്ഥാനത്തിലുള്ള കായലുകളിൽ വെച്ചു് ഏറ്റവും വലുതു് ഇതാണു്. തൃക്കുന്നപ്പുഴത്തോടു്, തോട്ടപ്പള്ളി, കരുമാടി ഈ തോടുകളും പമ്പാനദിയുടെ ശാഖകളായ പൂക്കൈതയാറും പള്ളാത്തുരുത്തിയാറും കായംകുളത്തു കായലിനെ