താൾ:Geography textbook 4th std tranvancore 1936.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പെട്ടവതന്നെ. ചൊവ്വില്ലാതെ വളഞ്ഞുതിരിഞ്ഞാണു കിടപ്പു്. കരകൾ വളരെ ഉറപ്പുള്ളവയും ഇടുങ്ങിയവയുമാണു്. ആഴം കൂടുതൽ ഉണ്ടു്. കാറ്റുള്ളപ്പോൾ ഇതിലെ കാറ്റും ഓളവും വളരെ വൈഷമ്യമുള്ളവയാണു്. വർഷകാലത്തു ചിലപ്പോൾ വള്ളങ്ങൾക്ക് അപകടം സംഭവിക്കാറുണ്ടു്. രണ്ടിനുംകൂടി തെക്കുവടക്കു നീളം നാലുമൈൽ വരും. കോഴിത്തോട്ടത്തെ ഇടവാക്കായലിനോടുചേർക്കുന്നതു വർക്കലത്തോടാണു്. ഇതിൽ രണ്ടു പ്രസിദ്ധ തുരങ്കങ്ങൾ ഉണ്ടു്. വർക്കലക്കുന്നു തുരന്നുണ്ടാക്കീട്ടുള്ള ഈ തുരങ്കങ്ങൾ വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും വളരെ സൗകര്യത്തെ കൊടുത്തിരുന്നു. വലിയ തുരപ്പിനു് ൨൩൬൪ അടിയും ചെറിയ തുരപ്പിനു് ൯൨൪ അടിയുമാണു നീളം. തെക്കേ തുരപ്പാണു് ചെറുതു്. ഇവ രണ്ടും പണികഴിപ്പിച്ചതു് ആയില്യംതിരുനാൾ മഹാരാജാവിന്റെ കാലത്താണു്. ഈ തുരപ്പിന്റെ തെക്കുവശത്തു സമുദ്രം ആക്രമിച്ചുവരുന്നു. അതിനെ തടുക്കാനായി അനവധി ദ്രവ്യം ചെലവുചെയ്തു എൻജിനീയർവേലകൾ നടത്തീട്ടുണ്ടു്. വർക്കലത്തോടും തുരപ്പുകളുംകൂടി ഏഴുമൈൽ നീളമുണ്ടു്. ഇവയുടെ പണിയും തൂക്കായുള്ള ഉറച്ച കരകളും അവയെ അലങ്കരിക്കുന്ന പന്ന, ഈന്തൽ, കൈത, ഞാറ മുതലായ ചെടികളും വളരെ മനോഹരങ്ങൾ ആണു്.

൫. പരവൂർക്കായൽ:-ഇതു കൊല്ലംതാലൂക്കിൽ ചേർന്നതാണു്. ഇതും ഇതോടു ചേർന്നുകിടക്കുന്ന ഇരവിപുരംകായലുംകൂടി അഞ്ചുമൈൽ നീളമുണ്ടു്. കിഴക്കേവശം കുന്നും, മറ്റുതീരങ്ങൾ മണൽപ്രദേശങ്ങളുമാണു്. നടയറക്കായലിനെ പരവൂരിനോടു ചേർക്കുന്നതു പരവൂർതോടാകുന്നു. പാർവ്വതിറാണിതിരുമനസ്സിലെ കാലത്താണു് ഈ തോടു വെട്ടിച്ചിട്ടുള്ളതു്. തോട്ടിന്റെ ഇരുകരകൾക്കും വളരെ പൊക്കമുണ്ട്. ഈ കായലിന്റെ കിഴക്കേക്കരയിൽ വടക്കുമാറി ഭൂമിക്കടിയിൽ സിമന്റുപാറയും തെക്കുമാറി കൽചുണ്ണാമ്പും ഉള്ളതായി അറിയപ്പെടുന്നു.

൬. അഷ്ടമുടിക്കായൽ:-ഇതും കൊല്ലംതാലൂക്കിൽ ചേർന്നതു തന്നെ. കിടപ്പു കിഴക്കുപടിഞ്ഞാറു നീളത്തിലാണു്. തിരുവിതാംകൂറിലെ മറ്റു കായലുകളെ അപേക്ഷിച്ചു് ഇതു് അഷ്ടമുടിയുടെ ഒരു വിശേഷയോഗ്യതയാകുന്നു. നീളം ൧൦-മൈൽ. ഇതിനു പല ഉൾക്കായലുകൾ ഉണ്ടു്. പ്രധാനമായി എട്ടു ശാഖകൾ ഉള്ളതുകൊണ്ടാണു് "അഷ്ടമുടി" എന്നു പറയുന്നതു്. അഷ്ടമുടിയുടെ കിഴക്കുള്ള കാഞ്ഞിരക്കോട്ടുകായൽ രുചിയും ഗുണവുമുള്ള മത്സ്യങ്ങൾക്ക് പ്രസിദ്ധപ്പെട്ടതാണു്. കൊല്ലത്തിനു സമീപം കുരുവി

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/28&oldid=160084" എന്ന താളിൽനിന്ന് ശേഖരിച്ചത്