പുരംമുതൽ വടക്കോട്ടുള്ള കായലുകൾ തോടുകളാലും ആറുകളാലും യോജിപ്പിക്കപ്പെട്ടിരിക്കുന്നു. തെക്കു രണ്ടു കായലുകളാണു പറയത്തക്കവയായിട്ടുള്ളതു്. അവ അഗസ്തീശ്വരം താലൂക്കിൽ ചേർന്ന മണിക്കുടിക്കായലും നെയ്യാറ്റുങ്കരത്താലൂക്കിൽ ചേർന്ന വെള്ളായണിക്കായലുമാകുന്നു. കുട്ടനാട്ടിൽ ചെയ്തുവരുന്നമാതിരി പുഞ്ചൿകൃഷി അപൂർവമായി വെള്ളായണിയിലും ചെയ്യാറുണ്ടു്. വടക്കോട്ടുള്ള കായലുകളെ തിരുവനന്തപുരംമുതൽ മുറയ്ക്കു താഴെ വിവരിക്കുന്നു.
൧. വേളീക്കായൽ:-ഇതു തെക്കുവടക്കു ഒരു നാഴിക നീളത്തിൽ കിടക്കുന്നു. കിഴക്കേക്കര പാറക്കൂട്ടങ്ങളോടുകൂടിയ ഒരു ചെറിയ കുന്നാണു്. ഈ കുന്നിന്റെ പേരു "പുലയനാർകോട്ട" എന്നാകുന്നു. ഇവിടെ ഒരു പുലയൻപ്രഭു ഉണ്ടായിരുന്നു എന്നും ചുറ്റുപാടും സ്ഥലങ്ങൾ അയാളുടെ അധീനത്തിലായിരുന്നു എന്നും കേൾവിയുണ്ടു്. ഇതിന്റെ താണ ചരിവിലും, മറ്റു കരകളിലും തെങ്ങിൻതോപ്പുകൾ ഉണ്ടു്. തിരുവനന്തപുരം പട്ടണത്തിൽനിന്നും നാലുനാഴികയിലധികം ദൂരമില്ലാത്തതുകൊണ്ടു വിശേഷദിവസങ്ങളിൽ പട്ടണവാസികളായ യുവാക്കൾ ഇവിടെ വള്ളംകളി മുതലായ ആഘോഷങ്ങൾ നടത്തുന്നതിനു് എത്താറുണ്ടു്. കായലും കുന്നും കാഴ്ചയ്ക്കു വളരെ മനോഹരങ്ങളാണു്. ഇതിനെ ചാക്കയിൽതോടു തിരുവനന്തപുരം പട്ടണത്തോടു ചേർക്കുന്നു.
൨. കഠിനകുളം:-ഇതു് തിരുവനന്തപുരംതാലൂക്കിന്റെ വടക്കേ അതിർത്തിയിലാണു്. നീളം ഏകദേശം മൂന്നുനാഴികയുണ്ടു്. ചാന്നാങ്കരത്തോടു വേളീക്കായലിനെ കഠിനംകുളത്തിനോടു ചേർക്കുന്നു. ഈ തോടു വെട്ടപ്പെട്ടതു് പാർവ്വതിറാണിയുടെ കാലത്താണു്. കരകളിൽ തെങ്ങുകൃഷിയുണ്ടു്.
൩. അഞ്ചുതെങ്ങിൽകായൽ:-ഇതു് ചിറയിൻകീഴുതാലൂക്കിന്റെ പടിഞ്ഞാറുഭാഗത്താണു്. ഇതിനു വടക്കാണു കോഴിത്തോട്ടംകായൽ. രണ്ടുംകൂടി രണ്ടുനാഴിക നീളമുണ്ടു്. ഇതിൽ വീഴുന്ന വാമനപുരം ആറ്റിന്റെ മുഖത്തുള്ള പൊഴിയെ "മുതലപ്പൊഴി" എന്നു വിളിക്കുന്നു. കഠിനംകുളംകായലിനെ ചിറയിൻകീഴുതോടു് അഞ്ചുതെങ്ങിനോടു ചേർക്കുന്നു. ഈ കായലുകളുടെ കരകളിൽ തെങ്ങുകൃഷി സാമാന്യത്തിലധികം നന്നായി ചെയ്യുന്നുണ്ടു്. ചുറ്റും താമസിക്കുന്ന ഈഴവർ പരിശ്രമശീലന്മാരാണു്. ഈ കായലിന്റെ പടിഞ്ഞാറുവശത്തുള്ള ഇടുങ്ങിയ കരയാണു് ബ്രിട്ടീഷുകാരുടെ വക അഞ്ചുതെങ്ങു്.
൪. ഇടവാ, നടയറ:-ഇവയും ചിറയിൻകീഴുതാലൂക്കിൽ ഉൾ