Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഹൈറേഞ്ചസ്" എന്നു വിളിക്കുന്നതു്. ഇതു തേയിലത്തോട്ടങ്ങൾക്കു പ്രസിദ്ധപ്പെട്ടിരിക്കുന്നു. ലക്ഷത്തിൽ ചില്വാനം ഏക്കർ സ്ഥലത്തു് തേയില കൃഷിയുണ്ടു്. പേരുകേട്ട "കണ്ണൻദേവൻ" തോട്ടങ്ങൾ ഇവിടെയാണു്. ഹൈറേഞ്ചസ്സിന്റെ വടക്കുകിഴക്കേ ചരിവാണു് അഞ്ചുനാടു്. ഇവിടത്തെ ശീതോഷ്ണാവസ്ഥ ഉരുളക്കിഴങ്ങു മുതലായ പ്രത്യേക കൃഷികൾക്കു് ഉതുകുന്നവയാണു്.

അഗസ്ത്യകൂടം-ആനമുടി കഴിഞ്ഞാൽ പൊക്കം കൂടിയതു് ഇതാണു്. ആറായിരത്തിൽപരം അടി പൊക്കമുണ്ടു്. കിടപ്പു നെയ്യാറ്റുങ്കരത്താലൂക്കും നെടുമങ്ങാടും കൂടിച്ചേർന്ന കിഴക്കേ അറ്റത്താണു്. ഇവിടെ കുറച്ചു മുമ്പു് ഒരു നക്ഷത്രബംഗ്ലാവുണ്ടായിരുന്നു. സംസ്ഥാനത്തിൽ ആദ്യം സ്ഥാപിച്ച നക്ഷത്രബംഗ്ലാവു് ഇതാണു്. ഇവിടത്തെ ആശ്രമവാസിയായിരുന്ന അഗസ്ത്യമഹർഷിയിൽനിന്നാണു് അഗസ്ത്യകൂടം എന്ന പേരു് സിദ്ധിച്ചിട്ടുള്ളതു്. ഇപ്പോഴും ഇതു് ഋഷികളുടെ ആശ്രമസ്ഥലമാണെന്നു ഗണിക്കപ്പെട്ടുവരുന്നു. ഇതിൽ നിന്നും നെയ്യാറും, കരമനയാറും ഉത്ഭവിക്കുന്നു.

മഹേന്ദ്രഗിരി-ഇതു തെക്കേ അറ്റത്തെ പൊക്കംകൂടിയ കൊടുമുടിയാകുന്നു. ഏകദേശം അയ്യായിരം അടി ഉയരമുണ്ടു്. ഇതിൽനിന്നും താമ്രവർണ്ണിയാറു് ഉത്ഭവിച്ചു് ഈ സംസ്ഥാനത്തിൽകൂടി ഒഴുകുന്നു. "ഹനുമാൻനദി" എന്നു പേരുള്ള മറ്റൊരാറു് ഇതിൽനിന്നും പുറപ്പെട്ടു തെക്കുകിഴക്കായി ഒഴുകി തിരുനൽവേലിയിലേക്കു പോകുന്നു. സമീപത്തുള്ള അശമ്പുമല കാപ്പിത്തോട്ടങ്ങൾക്കു പ്രസിദ്ധപ്പെട്ടതായിരുന്നു. ഇപ്പോൾ തേയിലക്കൃഷി നടത്തിവരുന്നു. മഹേന്ദ്രഗിരിയിൽ നിന്നാണു് ഹനുമാൻ ലങ്കയിലേക്ക് കുതിച്ചതെന്നു് ഒരു ഐതിഹ്യമുണ്ടു്.

മൊട്ടച്ചിമല-ഇതു മഹേന്ദ്രഗിരിയുടെ വടക്കുപടിഞ്ഞാറാണു്. ൪,൫൦൦ അടി പൊക്കമുണ്ടു്. ഇതിനു സമീപത്താണു് പ്രസിദ്ധപ്പെട്ട "മുത്തുക്കുഴിവയൽ" ഉന്നതതടം. ഭൂമി വളരെ ഫലപ്രദമാകകൊണ്ടാണു് ഈ പേരു കൊടുത്തിട്ടുള്ളതു്. ഇവിടെ സർക്കാർവക ഒരു ബംഗ്ലാവുണ്ടു്.

പീരുമേടു്-ഇതു വടക്കുകിഴക്കേ ഭാഗത്തുള്ള പ്രധാന സുഖവാസസ്ഥലമാണു്. വേനല്ക്കാലത്തു വളരെ യൂറോപ്യന്മാർ ഇവിടെ എത്തി താമസിക്കുന്നുണ്ടു്. ഈ ഉന്നതതടത്തിനു ശരാശരി മൂവായിരം അടി പൊക്കമുണ്ടു്. ഇതിനു ചുറ്റും തേയി



"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/12&oldid=160067" എന്ന താളിൽനിന്ന് ശേഖരിച്ചത്