ലത്തോട്ടങ്ങളും റബ്ബർത്തോട്ടങ്ങളും നാൾക്കുനാൾ അഭിവൃദ്ധിയായി വരുന്നു. "പീരുമേടു്" എന്ന പേരിനു് കാരണം ഇവിടെ പിയർമഹമ്മദു് എന്ന ഒരു തുലുക്കസന്യാസി ഉണ്ടായിരുന്നു എന്നതാണു്. ഇദ്ദേഹത്തിന്റെ ശവകുടീരം ഇവിടത്തെ കുട്ടിക്കാനത്തു കാട്ടിൽ കാണ്മാനുണ്ടു്. മഹാരാജാവു തിരുമനസ്സികൊണ്ടു് എഴുന്നള്ളിപ്പാർക്കുന്നതിനു കുട്ടിക്കാനത്തു ഒരു കൊട്ടാരം പണിയിച്ചിരിക്കുന്നു. മുപ്പുരമുടിയും വഞ്ചിരാമൻപടിയും ഇതിന്റെ കൊടുമുടികൾ ആകുന്നു.
പൊൻമുടി-അഗസ്ത്യകൂടത്തിനു വടക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു ഉന്നതതടമാണു്. സുഖവാസത്തിനായി യൂറോപ്യന്മാർ കൂടെക്കൂടെ ചെല്ലുന്നുണ്ടു്. ചുറ്റും തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചുവരുന്നു. ഇവിടെയും ഒരു കൊട്ടാരം പണിയിച്ചിട്ടുണ്ടു്.
ഏലമല-ഇതു ഹൈറേഞ്ചിനു തെക്കുതുടങ്ങി ഏകദേശം ചെങ്കോട്ടവരെ നീണ്ടുകിടക്കുന്നു. പീരുമേടുവരെയാണു് പ്രാധാന്യം കൂടുതൽ ഉള്ളതു്. ഇവിടത്തെ "ഏലം" കൃഷിയിൽനിന്നും വലുതായ ലാഭം ഗവർമ്മെന്റ്റിനു കിട്ടിവരുന്നു. പണ്ടു നായർപട്ടാളക്കാരാണു് 'കമാൻ' പോയി ഇവിടെ സൂക്ഷിച്ചുവന്നിരുന്നതു്. ഇപ്പോൾ ആ ജോലി നടത്തുന്നതു പോലീസുകാരാണു്.
ശബരിമലയും കുളത്തൂപുഴയും-പ്രധാനമായ ഓരോ ശാസ്താവിന്റെ ക്ഷേത്രത്തിനു പ്രസിദ്ധപ്പെട്ടിരിക്കുന്നു. ഈശ്വരഭജനത്തിനായി ആണ്ടുതോറും മകരവിളക്കിനു ശബരിമലയ്ക്കു് അസംഖ്യം ജനങ്ങൾ പോകുന്നു. ഈ ഭക്തന്മാരെ അയ്യപ്പന്മാർ എന്നു ശാസ്താവിന്റെ നാമധേയംകൊണ്ടു വിളിച്ചുവരുന്നു. ഇവിടത്തെ മുതലെടുപ്പു് കുറച്ചു മുമ്പുവരെ പന്തളം രാജാക്കന്മാർക്കായിരുന്നു. ഇപ്പോൾ സർക്കാരാണു് മുതലെടുക്കുന്നതു്.
മേല്പറഞ്ഞ പർവതങ്ങൾകൂടാതെ അത്രയും പൊക്കമുള്ളവയല്ലെങ്കിലും പ്രസിദ്ധി ധാരാളമുള്ളവയായി രണ്ടുമൂന്നു മലകൾകൂടിയുണ്ടു്. അവ അഗസ്തീശ്വരം താലൂക്കിലുൾപ്പെട്ട കന്യാകുമാരിക്കും ശുചീന്ദ്രത്തിനും മദ്ധ്യേ കിടക്കുന്നതും പച്ചമരുന്നുകൾക്കു പ്രസിദ്ധിയുള്ളതും പുണ്യസ്ഥലവുമായ മരുത്വാമല (മരുനൂവാഴുംമല) രാമരാവണയുദ്ധത്തിൽ മൂർച്ഛിച്ചു കിടന്ന ശ്രീരാമഭക്തന്മാരെ രക്ഷിക്കുന്നതിനായിട്ടു് ഔഷധങ്ങൾ നിറഞ്ഞ ഒരു കുന്നു പറിച്ചിളക്കിക്കൊണ്ടു ലങ്കയിലേക്കു പോകുംവഴി ഹനുമാന്റെ കൈയിൽ