'ശുദ്ധവായു ശ്വസിക്കുക' എന്നതാണു് ആദ്യത്തെ നിയമം. അതിനു താമസിക്കുന്ന വീട്ടിൽ ധാരാളം ശുദ്ധവായു കടക്കുന്നതിനു വേണ്ടത്ര വാതായനങ്ങൾ ഉണ്ടായിരിക്കണം. രാത്രികാലങ്ങളിൽ ജനലുകൾ അടച്ചിട്ട മുറിയിൽ കിടന്നുറങ്ങരുതു്. ഗ്രഹത്തിന്റെ പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ മലിനപദാത്ഥങ്ങൾ വീട്ടിനടുത്തു കിടന്നു ചീയുകയും അതിൽ തട്ടിയ ദുഷിച്ച വായു ശ്വസിക്കുവാൻ ഇട വരുകയുംചെയ്യും.
'ശുദ്ധ ജലമേ കുടിക്കാവൂ' എന്നതാണു രണ്ടാമത്തെ നിയമം. ജലത്തിൽ പ്രായേണ പലതരം മാലിന്യങ്ങൾ അലിഞ്ഞും അലിയാതെയും കലർന്നിരിക്കും.
വെള്ളം തിളപ്പിച്ചാൽ അതിലെ രോഗാണുക്കൾ നശിക്കുകയും ആകുന്ന സമയംകൊണ്ടു ലയിക്കാത്ത വസ്തുക്കൾ അതിന്റെ അടിയിൽ താഴുകയും ചെയ്യും. തിളപ്പിച്ചാറ്റി ഉപയോഗിക്കുവാൻ ഏവൎക്കും എളുപ്പത്തിൽ കഴിയുന്നതുമാണ്.
ഭക്ഷണം മിതവും ഹിതവുമായിരിക്കണം. അതു കൃത്യസമയത്തു കഴിക്കുകയും വേണം. കഴിക്കുന്ന ഭക്ഷണത്തിൽ ദേഹപോഷണത്തിന്നാവശ്യമായ എല്ലാ അംശങ്ങളും ഉണ്ടായിരിക്കണം. ഒരിക്കൽ ഭക്ഷണം കഴിച്ചാൽ അതു ദഹിച്ച ശേഷമേ പിന്നൊരിക്കൽ ഭക്ഷണം കഴിക്കാവൂ.