ര്യജീവിതമോ, അടിയന്റെമേൽ ഇപ്പോൾ ആരോപിച്ചിരിക്കുന്ന അതിരൂക്ഷമായ ഭൂഷണത്തെ ന്യായീകരിക്കുന്നതായി അടിയനു തോന്നുന്നില്ല എന്നു പറഞ്ഞ് അടിയന് സ്വയം തൃപ്തിപ്പെടാം."
12. ദിവാന്മാർക്കെതിരെയുള്ള ദുഷിച്ച ആക്രമണങ്ങൾക്കു പുറമേ, തിരുവിതാംകൂർ ഗവർമെന്റിനും എല്ലാ വിഭാഗത്തിലുംപെട്ട ഉദ്യോഗസ്ഥന്മാർക്കും എതിരായും പൊതുവിൽ ഒട്ടനവധി ആരോപണങ്ങളും `സ്വദേശാഭിമാനി' നടത്തിയിരുന്നു. `സ്വദേശാഭിമാനി' യുടെ അഭിപ്രായത്തിൽ, ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ പൊതുവേ അഴിമതിക്കാരാണ്. (99) തിരുവിതാംകൂർ ഭരണകോയ്മയുടെ കുലംദൈവംതന്നെ അധർമം ആയിരിക്കുന്നു. (100) ഉദ്യോഗനിയമങ്ങൾ പൊതുവെ വില്പപനച്ചരക്കായിരിക്കുന്നു; (101) ഗവൺമെന്റ്, കൊട്ടാരംസേവകരുടെ കൊള്ളകളെയും തോന്ന്യാസങ്ങളെയും, പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും പണം ചിലവുചെയ്യുന്നു; (102) കൊട്ടാരംസേവകരുടെ പണക്കൊതിയുടേയും അനീതിയുടേയും അസ്ഥിവാരത്തിലാണ് ഭരണം നിലകൊള്ളുന്നത്. മാത്രമല്ല, നിരവധി ഉദ്യോഗസ്ഥർ അസന്മാർഗ്ഗികളുമാണ്; (103) സ്വഹിതൈഷിയും പൊതുധനം ധൂർത്തടിക്കുന്നതുമാണ് ഗവർമെന്റ്; (104) മേലധികാരികളുടെ കൗടില്യം, അനീതി തുടങ്ങിയവകളാൽ കീഴ്ജീവനക്കാർ ആത്മവിശ്വാസമില്ലാത്തവരായിത്തീർന്നിരിക്കുന്നു. (105) ലിസ്റ്റിൽപ്പെടുത്താവുന്ന അനേകം കൊള്ളക്കാർ മേലേക്കിടയിലുള്ള ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിൽ ഉണ്ട്; അവർ കൊള്ളയും കൊലയും നിർബാധം തുടരുകയും ചെയ്യുന്നു; ഇതിനു നിദാനം ധർമരാജ്യത്തെ സേവക സമ്പ്രാദായം പിടിച്ചടക്കുകയും. ചില രാഷ്ട്രീയ `ജ്യോതിസ്സു' കളുടെ ദുഷ്കർമങ്ങളെ വെള്ള പൂശുന്നതിൽ ഗവർമെന്റ് ഒതുങ്ങിക്കൂടുകയും ചെയ്തിരിക്കുന്നതുകൊണ്ടാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു; (106) ചില മുഖ്യ ഉദ്യോഗസ്ഥന്മാർ സഞ്ചാരപ്പടിക്കുള്ള കള്ള ബില്ലുകൾ അയക്കുന്നു; (107) ഉദ്യോഗമണ്ഢലം പൊതുവിൽ അഴിമതിയുടേയും അസാന്മാർഗ്ഗിക പ്രവർത്തിയുടേയും കൂത്തരങ്ങായിത്തീർന്നിരിക്കുന്നു; (108) കൊട്ടാരംസേവകരുടെ ഇടപെടൽകൊണ്ടു ഭരണം ദുഷിച്ചിരിക്കുന്നു; (109) എല്ലാ ആളുകളിലും നിയമം ഒന്നുപോലെ നടപ്പാക്കാൻ ഇന്നത്തെ മഹാരാജാവിന്റെ കീഴിൽ ദിവാൻജിമാർക്കു ധൈര്യമില്ല; (110) ഗവർമെന്റ് ഉദ്യോഗസ്ഥന്മാർ കൊട്ടാരം സേവകരുടെ അടിമകളാണ്; (111) എഡ്യുക്കേഷൻ കോഡിന്റെ നയം അനർഥകരവും ദുഷ്ഫലങ്ങളുളവാക്കുന്നതുമാണ്; (112) റൗഡിത്തരങ്ങൾ അടിച്ചമർത്താൻ ശക്തിയില്ലാത്ത ഗവർമെന്റ്; (113) അനാവശ്യ സംഭരണങ്ങൾക്കും, സംസ്ഥാനാതിഥികൾക്ക് അനർഹങ്ങളായ സ്വീകരണങ്ങൾ നല്കിയും ഗവർമെന്റ് പണം ദുർവ്യയം ചെയ്യുന്നു. (114) ഉദ്യോഗസ്ഥന്മാർ അഴിമതിക്കാരും അസന്മാർഗ്ഗികളുമാണ്. (115) അങ്ങനെ പലതും തുടർന്നു പ്രസ്താവിച്ചിരിക്കുന്നു.
13. `സ്വദേശാഭിമാനി', തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ സാമാന്യമായ ആക്രമണങ്ങൾ നടത്തുന്നതുകൊണ്ട് തൃപ്തിപ്പെടുന്നില്ല. പല ഉദ്യോഗസ്ഥന്മാരെയും പേരെടുത്തുപറഞ്ഞ് വിശദാംശങ്ങളിലേക്കു കടന്ന് ആക്രമിക്കുന്നു.
സീനിയർ ദിവാൻപേഷ്കാർ മി. എസ്. പത്മനാഭയ്യർ, `സ്വദേശാഭിമാനി' യുടെ അഭിപ്രായത്തിൽ, ഏറ്റവുമധികം കുറ്റം ചുമത്തപ്പെടേണ്ടവരായ ഉദ്യോഗസ്ഥന്മാരിൽ ഒരാളാണ്. കുറ്റം ചുമത്തിയിരിക്കുന്നതോ, ഭയങ്കരമായ അനീതിക്കും, നീചമായ സ്വാർഥതയ്ക്കും. `സ്വദേശാഭിമാനി' ഇങ്ങനെ തുടരുന്നു; വിവിധ ഡിപ്പാർട്ടുമെന്റുകളിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ദ്രോഹങ്ങൾ സ്ഥപിക്കുന്നതിന് വസ്തുതകളും കണക്കുകളും എത്ര വേണമെങ്കിലും സമാഹരിക്കാൻ കഴിയും; (116) സംസ്ഥാന ഉദ്യോഗസ്ഥമേധാവിത്വമണ്ഡലത്തെ ഞെട്ടിപ്പിക്കുമാറു കുപ്രസിദ്ധരായവരുടെ കൂട്ടത്തിലെ ഒരുവനാണ്; (117) ഔദ്യോഗികസ്ഥാനം ദുർവിനിയോഗപ്പെടുത്തി; പബ്ലിക് റവന്യുവിൽ അപഹരണം നടത്തി. (118) എന്നാൽ