ഹങ്ങൾ അതേപടി ഇതോടൊന്നിച്ചു സമർപ്പിക്കുന്നു.
ദിവാന് സംരക്ഷണം-ന്യായമായ സംരക്ഷണം, അതിലധികമൊന്നും അടിയൻ ആവശ്യപ്പെടുന്നില്ല-ലഭ്യമാക്കുക എന്ന പ്രശ്നം അത്യധികം പ്രാധാന്യമുള്ളതായിത്തീർന്നിരിക്കുന്നു. അതുകൊണ്ട്, തിരുമനസ്സുകൊണ്ടു നേരിട്ടുതന്നെ റസിഡന്റുമായി എഴുത്തുകുത്തിലേർപ്പെടണമെന്നും അദ്ദേഹത്തിന്റെ സഹകരണവും സഹായവും നേടണമെന്നും ബഹുമാനപൂർവം തിരുമനസ്സിനെ ഉപദേശിക്കുവാൻ അടിയൻ ധൈര്യപ്പെടുന്നു. 'സ്വദേശാഭിമാനി'യുടെ ആക്രമണങ്ങൾ വ്യക്തിപരമായും എനിക്കെതിരായിട്ടാണെന്നതിനാൽ, മറ്റേതൊരു ഗവണ്മെന്റുദ്യോഗസ്ഥനുമെതിരായുള്ള ആക്രമണങ്ങളേയും കൈകാര്യം ചെയ്യുമ്പോഴത്തെ ആ നിഷ്‌പക്ഷ മനോഭാവത്തോടെ ഉപദേശിക്കാനാവാത്ത, ഏതാണ്ടൊരു നിർഭാഗ്യാവസ്ഥയിലാണു അടിയൻ. സാധാരണ നിയമങ്ങൾ അനുസരിച്ചുള്ള യോഗ്യമായ സംരക്ഷണം ലഭിക്കാൻ സാധ്യതയില്ലാത്ത, ഒരുപക്ഷേ, മഹാരാജാവു കഴിഞ്ഞാൽ മറ്റൊരു വ്യക്തി ദിവാൻ മാത്രമാണ്. 'സാധാരണ' എന്ന പദം അടിയൻ ബോധപൂർവ്വം തന്നെ ഉപയോഗിക്കുകയാണ്. എന്തെന്നാൽ, അടിയൻ ഒരു സ്വകാര്യവ്യക്തിയായിരുന്നുവെങ്കിൽ, ഇതുപോലുള്ള ആക്രമണങ്ങളെ അവജ്ഞയോടെ തള്ളിക്കളയാനുള്ള മനോഭാവമില്ലെങ്കിൽ ഈ അപവാദകനെ കോടതി കയറ്റുമായിരുന്നു. എങ്ങനെയായാലും, ഇന്ന് അടിയൻ വഹിക്കുന്ന സ്ഥാനം ഒരു പരാതിക്കാരനായോ, വാദിയായോ തിരുമനസ്സിലെ കോടതികളിൽ പ്രത്യക്ഷപ്പെടാൻ അടിയനു വിലക്കു കല്പിക്കുന്നു. അതുകൊണ്ട് ഈ ദ്രോഹത്തിനുള്ള പരിഹാരം എന്ത് എന്ന ചോദ്യം ഉത്ഭവിക്കുന്നു. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിനു തിരുമനസ്സിനെ സഹായിക്കുന്നതിൽ മി. കാറിന്റെ ഉപദേശം വിലയേറിയതായിരിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു."
"ഈ ആക്രമണങ്ങൾ തികച്ചും വിദ്വേഷപൂർണ്ണമാണെന്ന്, തീർത്തും പകവീട്ടലാണെന്ന് തിരുമനസ്സിലേക്ക് നന്നായിട്ടറിയാം. പൊതുവായി പറയുന്ന ദോഷാരോപണത്തെ പൊതുനിഷേധം കൊണ്ടു മാത്രമേ നേരിടാൻ പറ്റൂ. എന്നാൽ, ഭാഗ്യത്തിന് ഈ ആക്രമണങ്ങളിൽ വ്യക്തമായും നിഷേധിക്കാവുന്ന ചില പ്രത്യേക എണ്ണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാമത്, തിരുമനസ്സിലെ പുത്രിയുടെ വിവാഹം സംബന്ധിച്ചുള്ളതാണ്. ആ അടിയന്തിരത്തിൽ അടിയൻ സംബന്ധിച്ചതാകട്ടെ തിരുമനസ്സിൽ നിന്നും, ഔദ്യോഗികമായി അതിൽ സംബന്ധിക്കണമെന്നും, അത് മംഗളമായി നടത്താൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. ആ അവസരത്തിൽ അടിയൻ എങ്ങനെ പെരുമാറിയെന്നും തിരുമനസ്സിലേക്ക് ബോധ്യമുണ്ട്. എന്നിട്ട്, അടിയൻ അവിടെ ഹീനമായി പെരുമാറി എന്നു പറയുന്നു. ഈ പ്രസ്താവന എത്രകണ്ട് വ്യാജമാണെന്ന കാര്യം അറിയാനുള്ള ഉത്തമോപാധി മറ്റാരേക്കാളും തിരുമനസ്സിലേക്കുണ്ട്. രണ്ടാമത്, ജൂബിലിദിനത്തിൽ ഘോഷയാത്ര കാണുന്നതിന് ഫോർട്ടു ഗേൾസ് സ്കൂളിന്റെ ബാൽക്കണിയിൽ ഉണ്ടായിരുന്നതു സംബന്ധിച്ചാണ്. തിരുമനസ്സിലെ ചീഫ് ജസ്റ്റിസ് മി. കൃഷ്‌ണൻ നായർ, ദിവാൻ പേഷ്‌കാർ മി. സുബ്രഹ്മണ്യയ്യർ തുടങ്ങിയ ഏഴെട്ട് ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ മാത്രമായിരുന്നു അടിയൻ. അടിയങ്ങളോടൊപ്പം, ബാൽക്കണിയിൽ സജ്ജീകരിച്ചിരുന്ന കസേരകളിൽ ഇരുന്നിരുന്ന ഏതാനും യൂറോപ്യൻ വനിതകളും ഉണ്ടായിരുന്നു. സ്ക്രീൻവച്ച് മറച്ചിരുന്ന പ്രത്യേകസ്ഥലത്തായിരുന്നു ഹിന്ദുവനിതകൾക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ആ അവസരത്തിലെ അടിയന്റെ പെരുമാറ്റങ്ങൾ നിന്ദാർഹങ്ങളായിരുന്നു എന്ന പ്രസ്താവന അടിയനിൽ അത്യധികം ആശ്ചര്യമാണ് ഉളവാക്കിയത്. മുൻപു പറഞ്ഞതുപോലെ, പൊതുവായി ആക്രമണങ്ങൾ നടത്തുക എപ്പോഴും എളുപ്പമുള്ള കാര്യമാണ്. എന്നാൽ, അടിയനെ സംബന്ധിച്ചിടത്തോളം, അടിയന്റെ പൊതുജീവിതമോ, സ്വകാ