താൾ:Ente naadu kadathal.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിർത്തിക്കു പുറമേ തുടങ്ങി തിരുനൽവേലിവരെയുള്ള കൂലി മാത്രമേ എന്നോടു വസൂൽ ചെയ്തിരുന്നുള്ളു. അക്രമികളായ മറവന്മാരുടെ ശല്യത്തെ ഭയപ്പെട്ട് സാധാരണയായി തപാൽവണ്ടികൾ കൂട്ടുകൂടി പോകാറുള്ളതിന്മണ്ണം ഞങ്ങളും പത്തുമണി കഴിഞ്ഞാറെ കൂട്ടുവണ്ടികളൊന്നിച്ചു പേട്ടയിൽ നിന്നു പുറപ്പെട്ടു.

വില്ലുവെച്ച വണ്ടി ആയിരുന്നു അതെങ്കിലും, നിരത്തിന്റെ നിരപ്പില്ലായ്മകൊണ്ടും, വണ്ടിയുടെ ഉലച്ചൽകൊണ്ടും, അത് ‌'എല്ലൊടിപ്പൻ' വണ്ടി ആയിത്തിർന്നിരുന്നു. കുറേദൂരം കഴിഞ്ഞപ്പോൾ തുടങ്ങി കരക്കാറ്റു കുറേശ്ശെ വീശി. മുന്നോട്ടു പോകുന്തോറും, കാറ്റിന്റെ ഊക്കും കയറിത്തുടങ്ങി. ഏതായിട്ടും ഞങ്ങൾ ഉറങ്ങി ഉറങ്ങിയില്ലാ എന്ന അവസ്ഥയിൽ, വണ്ടിയുടെ ഉലച്ചിൽകൊണ്ട് ഇടംവലം ഉരുണ്ടുകിടക്കുകയായിരുന്നു. കാറ്റിന്റെ ഊക്ക് അതിപ്രചണ്ഡമായി കണ്ടു, വണ്ടിയെ തള്ളിമറിക്കുമോ എന്നുകൂടെ ഞങ്ങൾ ശങ്കിച്ചു. നേരം രണ്ടുമണി കഴിഞ്ഞിരിക്കുമെന്നു തോന്നുന്നു. ആരുവാമൊഴിക്കോട്ടയ്ക്കു സമീപമെത്താറായി. വണ്ടിക്കു കടന്നുപോവാൻ വേണ്ടുംവണ്ണം സൗകര്യമില്ലാത്ത പ്രകാരത്തിൽ, വഴിനടുവിൽ രണ്ടുമൂന്നു വലിയ വണ്ടികൾ പാടേ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഇവ കാറ്റടിച്ചു മറിഞ്ഞു പോയവയായിരുന്നു. ഇവയുടെ ഉടലിന്റെ വലിപ്പംകൂടെയും കാറ്റിന് അഗണ്യമായി തോന്നിയിരുന്ന അവസ്ഥയ്ക്ക്, "വിന്ധ്യനെയിളക്കുവെൻ, സിന്ധുകൾ കലക്കുവെൻ" എന്നു കാഹളം ഊതി നടക്കുകയായിരുന്നു ആ കാറ്റ് എന്നു പറയുന്നതിൽ അതിശയോക്തി ദോഷാരോപത്തിന് അവകാശമുണ്ടാകയില്ല. കോട്ടവാതിൽ സമീപിക്കാറായപ്പോൾ, രാത്രി, അക്രമികളുടെ ശല്യത്തിൽനിന്നു യാത്രക്കാരെ രക്ഷിപ്പാനായി 'പട്രോൾ' ചുറ്റുന്ന ആയുധപാണികളായ പൊലീസുകാരെ കാണുകയും, അവർ ബ്രിട്ടീഷ് പൊലീസുകാരുടെ കാവൽസ്ഥലംവരെ ഞങ്ങളെ അനുചരിക്കുകയും ചെയ്തു. അവിടെവെച്ച് ഇൻസ്പെക്ടറും സ്റ്റേഷനാഫീസറും സഹതാപപൂർവം യാത്രപറഞ്ഞു പിരിഞ്ഞു. തലേനാൾ രാത്രിയിൽ ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ കുപ്പായക്കീശയിൽനിന്നെടുത്തിരുന്നതും, ഓരോ സ്റ്റേഷനിലെയും ഇൻസ്പെക്ടർമാരെ മുറയ്ക്ക് ഏല്പിച്ചിരുന്നതുമായ ചെറിയ പേനാക്കത്തി മിസ്റ്റർ ഗുലാംഘോസ് ആ വിവരം പറഞ്ഞ് എന്നെ ഏല്പിക്കുകയും ചെയ്തു.

പൊലീസുകാരുടെ ബന്തവസ്സിൽ എനിക്കു യാതൊരു ക്ലേശവും തട്ടാതെയിരിപ്പാൻ അവർ വേണ്ടതൊക്കെ സൗകര്യത്തിൽ ഏർപ്പാടു ചെയ്തിരുന്നു എന്നു പറയാതിരിപ്പാൻ ഞാൻ വിചാരിക്കുന്നില്ല. ഞങ്ങളുടെ യാത്രയിൽ അവർ എന്നെ ഉദ്ദേശിച്ചും എന്നോടായിട്ടും എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. ഞാൻ ആരുവാമൊഴിക്കോട്ടയ്ക്കു പുറമേ കടന്നതിന്റെ ശേഷം എന്താണ് ചെയ്യേണ്ടത് എന്നാകട്ടെ, എന്തു ചെയ്യരുതെന്നാകട്ടെ, അവരിലാരും എന്നെ തെരിയപ്പെടുത്തീട്ടുണ്ടായിരുന്നില്ല. എന്നെ എന്തിനായിട്ടാണ് തിരുവിതാംകൂറിനു പുറമേക്കയച്ചിരിക്കുന്നതെന്നും അവരാരും എന്നെ അറിയിച്ചിട്ടുമില്ലാ. എന്നെ ഇപ്രകാരം പുറത്തേക്കയപ്പാൻ അവരെ അധികാരപ്പെടുത്തിയ രേഖകളേയും കാണിച്ചിട്ടില്ലാ. "എപ്പോൾ പുറപ്പെടാം?" എന്നു തലേനാൾ ഞാനായിട്ട് അവരോടു ചോദിച്ചിരുന്നതിനാൽ അവർക്കും കിട്ടിയിരുന്ന കല്പനങ്ങളെ ഞാൻ മനസ്സിലാക്കിയിരുന്നതായി അവർ സംഭാവനം ചെയ്തിരുന്നിരിക്കാം എന്ന് ഊഹിക്കയല്ലാതെ മറുവഴിയില്ലാ.

തിരുവിതാംകൂർ സർക്കാരധികൃതന്മാരുടെ അധീനതയിൽനിന്നു പിരിഞ്ഞ സ്ഥലം തുടങ്ങി കുറേ ദൂരമത്രയും മറവൻമാരുടെ ശല്യമുണ്ടാകാറ് പതിവുള്ള ദിക്കാണ്. അതിനാൽ, മിസ്റ്റർ ഗുലാംഘോസ്, സ്നേഹവിഷയത്തിൽ, എന്റെയും എന്റെ അനുയായികളുടെയും രക്ഷയെ കരുതി, ബ്രിട്ടീഷ് പൊലീസ് സിൽബന്തികളിലൊരാളെ പ്രത്യേകം ശിപാർശി ചെയ്ത് ഒരുമിച്ചയച്ചിരുന്നു. രാവിലെ ഉദ്ദേശം നാലുമണി സമയത്തായിരുന്നു ഞങ്ങൾ ആ സന്ധിപ്പു വിട്ടത്. നേരം പുലരുന്നതുവരെ ആ സിൽബന്തി കൂടെയുണ്ടായിരുന്നു. കാലത്ത് (സെപ്റ്റംബർ 28-ന്) എട്ടുമണിക്ക് പണകുടിയിലും, ഉച്ചയ്ക്കു നാങ്ക

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/54&oldid=159023" എന്ന താളിൽനിന്ന് ശേഖരിച്ചത്