നേരിയിലും കുറേ വിശ്രമിച്ചു സൂര്യാസ്തമയം കഴിഞ്ഞ്, ഉദ്ദേശം ഏഴുമണിസമയം തിരുനൽവേലിയിലെത്തി, യാത്രയുടെ ദുർഘടങ്ങളും കഴിഞ്ഞു.
തിരുനൽവേലിയിൽ ഏതാനും ദിവസം താമസിച്ചു. അതിനിടയ്ക്ക് എന്റെ ഭാര്യയും കുട്ടികളും ചില ബന്ധുക്കളും സ്നേഹിതൻമാരും വന്നു ചേരുകയും 'സ്വദേശാഭിമാനി' ആഫീസും വീടും പൊലീസുകാർ ശോധന ചെയ്തതു സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടില്ലായിരുന്ന വിവരങ്ങൾ ഒക്കെ അറിയിക്കുകയും ചെയ്തു.
സെപ്റ്റംബർ 27-ന് ചൊവ്വാഴ്ച കാലത്തായിരുന്നു വീടു ശോധന ചെയ്തത്. എന്നെ നാടുകടുകടത്തിയിരിക്കുന്ന വിവരം അന്നു രാവിലെ മാത്രം അറിഞ്ഞു വ്യസനിച്ചവരായ ഒട്ടേറെ ജനങ്ങൾ, എന്റെ സ്വന്തം ആളുകളെ കാണ്മാനും സഹതാപത്തെ അറിയിപ്പാനുമായി ചെന്നുചേരുന്നുണ്ടായിരുന്നു. പൊലീസ് സൂപ്രേണ്ടും എന്നെ നെയ്യാറ്റിങ്കരയോളം അനുഗമിച്ച ഇൻസ്പെക്ടർമാരും മറ്റു ചില പൊലീസ് ജീവനക്കാരും വീടുശോധനയ്ക്കായി എത്തുകയും, ആ സമയം കൂടെയുണ്ടായിരിപ്പാൻ എന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും അറിവുകൊടുത്ത് അവരെക്കൂടെ വരുത്തുകയും ചെയ്തിരുന്നു. വീട്ടിനുള്ളിലും പുറമേ റോട്ടിലും അനേകശതം ജനങ്ങൾ കൂട്ടംകൂടിയിരുന്നു. മിസ്റ്റർ ജോർജ് ആചാരം പറഞ്ഞു കേട്ടിട്ട്. "നിങ്ങൾക്കെന്താണ് ഇവിടെ വേണ്ടത്?" എന്നു ഗൃഹനായിക ചോദിച്ചപ്പോൾ, "നിങ്ങളുടെ ഭർത്താവിന്റെ എഴുത്തുഫയലുകളും, കടലാസുകളും, പുസ്തകങ്ങളും എവിടെയിരിക്കുന്നു എന്നു കാണിച്ചുതരാമോ? അവയെ എനിക്കു ശോധന ചെയ്യണം, എന്നു മിസ്റ്റർ ജോർജ് പറഞ്ഞു. അനന്തരം, തലേനാൾ അരക്കു മുദ്രവച്ചിരുന്ന മുറികളുടെ മുദ്ര പൊളിക്കാൻ സൂപ്രേണ്ടു സിൽബന്തികളോട് ആജ്ഞാപിക്കുകയും, ആദ്യമായി പുറമേ വരാന്തയിൽ ഉണ്ടായിരുന്നതും മുദ്രവെച്ചിരുന്നതല്ലാത്തതുമായ ഒരു മേശ തുറന്ന് അകത്തുണ്ടായിരുന്നവയൊക്കെ താഴത്തേക്ക് എടുത്തുവയ്ക്കയും ചെയ്തു. "പ്രൈവറ്റു കത്തുകൾ ഇവയിൽ വല്ലതുമുണ്ടെങ്കിൽ കാണിച്ചുതരുമോ? അവ ഞങ്ങൾക്കു കാണേണ്ട. അവയെ നിങ്ങൾ എടുത്തുകൊള്ളുക." എന്നു സൂപ്രേണ്ടു പറഞ്ഞു. "എനിക്കൊന്നും നിശ്ചയമില്ലാ, നിങ്ങൾക്കാവശ്യമുള്ളവയെല്ലാം എടുത്തിട്ടു ബാക്കി അതിലിട്ടേക്കുക," എന്നായിരുന്നു ഗൃഹനായികയുടെ മറുപടി. സൂപ്രേണ്ടു ചില കത്തുകൾ കാണിച്ചിട്ട്, "ഈ ഒപ്പ് ആരുടെതെന്നറിയാമോ?" എന്നു ചോദിച്ചു. "എനിക്കു നിശ്ചയമില്ല," എന്നു മറുപടി കിട്ടി.
"ശാരദയുടെ ലേഖനങ്ങളും അതു സംബന്ധിച്ച കത്തുകളും എവിടെ? ആ മാസിക നിങ്ങളല്ലേ നടത്തുന്നത്?"
"ഞാൻ അതിന്റെ പ്രസാധികമാരിലൊരാളാണ്. അതിലേക്കുള്ള ലേഖനങ്ങൾ മുതലായവ ചിലത് ആഫീസിലും ചിലത് ഇവിടെ ഈ മേശയ്ക്കുള്ളിലും ഉണ്ടായിരിക്കാം. നിങ്ങൾ എടുത്തുവച്ചിരിക്കുന്ന കൂട്ടത്തിൽ ചിലതു കാണും."
"സോമാലിലാൻഡിൽനിന്ന് ഈ കത്തയച്ചിരിക്കുന്ന ആൾ ആരാണ്?"
"ശാരദയുടെ വരിക്കാരിലൊരാളാണ്."
"അയാളെപ്പറ്റി എന്തറിയാം?"
"ശാരദയുടെ വരിക്കാരൻ എന്നല്ലാതെ ഒന്നുമറിവില്ലാ."
"നിങ്ങളുടെ ഭർത്താവിനു മദ്രാസിൽ സ്നേഹിതന്മാർ വല്ലവരും ഉണ്ടോ? അവർ ഇവിടെ വന്നു കാണാറുണ്ടോ?"