ണ്ഠിതരായി വണ്ടിയിലേക്കുതന്നെ നയനങ്ങളെ പതിപ്പിച്ചുകൊണ്ടു നിന്നിരുന്ന ആ ജനസംഘത്തിന്റെ ഇടയിൽനിന്ന്, "അങ്ങയെ വിട്ടുപിരിയുന്നതിൽ ഞങ്ങൾക്കുള്ള വ്യസനം എത്രയെന്നു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. അങ്ങയെ താമസിയാതെ ഞങ്ങളുടെയിടയിൽ തിരിച്ചുവന്നു കാൺമാൻ സംഗതി വരുത്തേണമേ എന്നു ഞങ്ങൾ ഈശ്വരനോടു പ്രാർത്ഥിക്കുന്നു." എന്ന്, ഒരാൾ, എന്നെ, "കണ്ണീർവീഴ്ത്തുമുടൻ നിറഞ്ഞിടുമതിൽ മധ്യത്തിലീക്ഷിച്ചു" കൊണ്ടും, തന്റെ പ്രസംഗാവസാന ഘട്ടത്തിൽ ഉൽക്ഷിപ്തഹസ്തനായി നേത്രങ്ങളെ ഉന്മീലനം ചെയ്ത് ആകാശത്തെ നോക്കിക്കൊണ്ടും, ഉച്ചത്തിൽ പറഞ്ഞു. "തരക്കേടില്ലാ," എന്നു മാത്രം പറവാനേ എന്നാൽ കഴിഞ്ഞുള്ളു. ഇത്രയും പറഞ്ഞിട്ട്, അവരോടൊക്കെ, ഭാവത്താൽ യാത്രചോദിച്ചിട്ട് പുറപ്പെടുകയും ചെയ്തു.
വൈകുന്നേരം ആറുമണിയോടുകൂടി കോട്ടാർ പൊലീസ്‌സ്റ്റേഷനു സമീപമെത്തി. സ്റ്റേഷനിൽ ഇൻസ്പെക്ടർ ഉണ്ടായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പാർപ്പിടത്തിലേക്കു പോയി. അവിടെയും അദ്ദേഹത്തെ ഉടനടി കാണ്മാൻ കഴിഞ്ഞില്ല. അദ്ദേഹം ഏതോ കേസു സംബന്ധിച്ച് അന്വേഷണത്തിനായി പോയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പാർപ്പിടത്തിൽ ചില പരിചയക്കാരെ കാണുകയും, അവർ കുശലപ്രശ്നങ്ങൾ ചോദിക്കുകയും ചെയ്തു. അവരാരും ഈ വാർത്ത അറിഞ്ഞിരുന്നില്ല. "എങ്ങോട്ടേക്കാണു പുറപ്പെട്ടിരിക്കുന്നത്?" എന്ന് അവർ എന്നോടു ചോദിച്ചതിന്, "തിരുവിതാംകൂർ അതിർത്തിക്കു പുറമേ പോകുവാൻ," എന്ന് സാധാരണമട്ടിൽ മറുപടിപറഞ്ഞതു നേരമ്പോക്കായിട്ടാണ് അവർ വിചാരിച്ചത്. അവരുടെ ചോദ്യത്തിനു വീണ്ടും അതേ മറുപടി പറയുന്നതു കേട്ട് അവർ അപവാര്യയായി, മിസ്റ്റർ തര്യനോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവരിലൊരാൾ, ഒരു സർക്കാരുദ്യോഗസ്ഥൻ-അവർ മിക്കവരും സർക്കാർ ജീവനക്കാരായിരുന്നു-എന്റെ അരികിലേക്ക് തിരിച്ചുവന്ന സമയം, അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് അശ്രുധാര ചിറപൊട്ടിവീഴാൻ ഭാവിക്കുന്നതും, സംസാരിക്കുന്നതിനു നാവ് അനക്കാൻ കഴിയാതെ അല്പം കുഴങ്ങുന്നതും ഞാൻ കണ്ടു. ആ സ്നേഹിതൻ, "കഷ്ടം! തിരുവിതാംകൂർ പഴയ കാലത്തേക്ക് തിരിച്ചുപോകയാണോ? ഇങ്ങനെയായാൽ ആളുകൾക്ക് രക്ഷയെവിടെ? സമാധാനമെവിടെ?" എന്നു ഗദ്ഗദാക്ഷരമായി വിലപിക്കുകയും തദനന്തരം മൗനമടയുകയും ചെയ്തു. "അല്പം മുമ്പു കിട്ടിയ 'മലബാർ ഹിറാൾഡ്' (Malabar Herald) പത്രത്തിൽ നിങ്ങളെപ്പറ്റി തിരുവനന്തപുരത്തുനിന്നുള്ള ഒരു കമ്പിവാർത്ത വായിച്ചതേയുള്ളു. മിസ്റ്റർ രാജഗോപാലാചാരിയുടെ ഭരണത്തെക്കുറിച്ചു മേലാൽ ആക്ഷേപം പറഞ്ഞാൽ നിങ്ങളെ പ്രഹരിക്കും എന്നു ഒരു വാറോല നിങ്ങൾക്കു കിട്ടിയതായിട്ടാണ് കമ്പിവാർത്ത. അതു വാസ്തവമാണോ?" "വാറോല കിട്ടിയതു വാസ്തവം തന്നെയാണ്." "എന്നാൽ ഇപ്പോൾ കാണിച്ചിരിക്കുന്ന നടപടിയുടെ അർത്ഥമെന്ത്?" "അർത്ഥം മറ്റൊന്നുമില്ല. ഞാൻ തിരുവിതാംകൂറിനു പുറമേ പൊയ്ക്കൊള്ളണമെന്നു മാത്രം." ഇപ്രകാരം ഞങ്ങളുടെ സംഭാഷണം തുടർന്നു. തലേന്നാൾ നടന്ന കഥകളൊക്കെ വിസ്തരിച്ചു. ഇതിനിടയിൽ ഇൻസ്പെക്ടർ മിസ്റ്റർ ഗുലാംഘോസ് വന്നുചേരുകയും, ഞങ്ങൾ ഉദ്ദേശം എട്ടുമണി സമയം അവരോട് യാത്ര പറഞ്ഞു കോട്ടാറ് വിട്ടുപോരുകയും ചെയ്തു. വഴിക്ക് നാഗരുകോവിലിൽ ഒരു സ്നേഹിതന്റെ സത്കാരം സ്വീകരിച്ചിട്ട് ഒഴുകിനാശ്ശേരിയിൽ തപാൽവണ്ടിപ്പേട്ടയിലെത്തി ഒരു തപാൽവണ്ടി ഏർപ്പാടു ചെയ്തു. ഉദ്ദേശം പത്തുമണി സമയംവരെ അവിടെ വിശ്രമിച്ചു.
ഒഴുകിനാശ്ശേരിയിൽനിന്ന് തിരുനൽവേലിക്കു പോകുന്ന തപാൽ വണ്ടികളിലൊന്നായിരുന്നു ഏർപ്പാടു ചെയ്തത്. തിരുവിതാംകൂർ അതിർത്തി കടക്കുന്നതു രാത്രിയിലായിരുന്നതിനാലും, അതിർത്തി വിട്ടാൽ വേറെ വണ്ടി കിട്ടുവാൻ സാദ്ധ്യമല്ലായ്കയാലും തിരുനൽവേലിക്കുതന്നെ നീളെ യാത്ര ചെയ്യാനുള്ള വ്യവസ്ഥയായിരുന്നു ഉത്തമപക്ഷമായിരുന്നത്. വണ്ടിക്കൂലി, അതിർത്തിവരേക്കും തിരുവിതാംകൂർ ഗവണ്മെന്റുവക ചെലവിലായിരുന്നു എന്നാണ് ഊഹിക്കേണ്ടിയിരിക്കുന്നത്. എന്തെന്നാൽ,