പ്രസ്സ് ലാ
ദിവാൻ മി. രാജഗോപാലാചാരി തന്റെ നടത്തയെയും നടപടികളെയും പറ്റി ആക്ഷേപം പറയുന്ന പത്രങ്ങളുടെ നേർക്ക് ഇളക്കുന്നതിലേക്കായി ഇന്നത്തെ നിയമനിർമാണസഭയാകുന്ന കൊല്ലവേലപ്പുരയിൽവച്ച് കാച്ചി അടിച്ച് പ്രയോഗിക്കുവാൻ ആഗ്രഹിച്ചിരുന്ന പ്രസ്സാക്ടായുധത്തെ ഉലയിൽ വെപ്പാൻ തക്ക കൈക്കരുത്തു കുറഞ്ഞിട്ടോ എന്തോ, അതിനെ വെളിയിൽ എടുക്കാതെ വച്ചുകളയേണ്ടി വന്നത് സ്മരണീയമായ സംഭവംതന്നെയാകുന്നു. തിരുവിതാംകൂറിലെ പത്രങ്ങളെ അമർത്തുന്നതിനായി മി. ആചാരി ഒരു പ്രസ് ആക്ട് കൊണ്ടുവരുന്നു എന്നുംമറ്റും ചില സഹജീവികൾ വിലപിക്കുകയും, അങ്ങനെയൊരു നിയമം കൊണ്ടുവരരുതേ എന്നു മുറവിളിയോടെ യാചിക്കയും ചെയ്തതിന്റെ ഫലമായിട്ടായിരിക്കുമോ മി. ആചാരി തന്റെ ആയുധത്തെ അടിച്ചു മൂർച്ച കൂട്ടുന്നതിന് ഉത്സാഹിക്കാതെ അടങ്ങിയതെന്നു ഞങ്ങൾക്കു നിശ്ചയമില്ലാ. പത്രങ്ങളുടെ സ്വാതന്ത്ര്യത്തെ കുറയ്ക്കുന്നതിന് ഒരു നിയമം കൊണ്ടുവരേണ്ട ആവശ്യകത ഈ സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും, ഇവിടത്തെ പത്രങ്ങളിൽ ചിലതിനു സ്വരഭേദം ഉണ്ടെന്നല്ലാതെ, യാതൊന്നും രാജദ്രോഹകരമോ രാജാധികാരധ്വംസകമോ ആയ പ്രസംഗം ചെയ്യുന്നില്ലെന്നും, ജനസമുദായം നിശ്ശേഷം രാജഭക്തന്മാരും സമാധാനപ്രിയന്മാരും ആണെന്നും പരക്കെ സമ്മതമായ സംഗതികളായിരിക്കെ, മി. ആചാരി ഒരു പുതിയ നിയമം കൊണ്ടുവരുന്ന പക്ഷത്തിൽ അതു തന്റെ സ്വകാര്യവൈരനിര്യാതനത്തിന്നായിട്ടല്ലാതെ, പൊതുജനക്ഷേമാർത്ഥമായിരിക്കുന്നതല്ലാ എന്നു ഞങ്ങൾ ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ തത്ത്വം മി. ആചാരിക്കു പക്ഷേ, ഇപ്പോൾ ബോധ്യപ്പെട്ടിരിക്കാനിടയുണ്ടെന്നുള്ളതിനു ഗവണ്മെന്റിന്റെ വിശ്വസ്തതയെ സമ്പാദിച്ചിട്ടുള്ള 'വെസ്റ്റേൺ സ്റ്റാറിന്റെ' സെപ്തംബർ 1-ാം തിയതിയിലെ മുഖപ്രസംഗം സൂചന തന്നിട്ടുമുണ്ട്. "തിരുവിതാംകൂർ സംസ്ഥാനത്തു ജനക്കലക്കമോ രാജ്യക്ഷോഭമോ ഒരിക്കലും ണ്ടായിട്ടില്ല. ഈ സംസ്ഥാനത്ത് ഒരു കോൺഗ്രസോ, കോൺഫെറൻസോ ഉണ്ടായിട്ടില്ലാ. ഈ സംശ്ഥാനത്ത് രാജാധികാരധ്വംസനമോ, രാജദ്രോഹമോ സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാ... അതിനാൽ, നിയമമനുസരിച്ചു നടക്കുന്ന ഒരു ജനതതിയെ അമർത്തുന്നതിന് എന്തെങ്കിലും നിയമം കൊണ്ടുവരുന്നത് അയു