Jump to content

താൾ:Ente naadu kadathal.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്തമായിരിക്കുമെന്നു മാത്രമല്ലാ, രാജദ്രോഹമോ രാജാധികാരദ്വേഷമോ ഇല്ലാത്ത ഒരു രാജ്യത്ത് അവയെ ഒതുക്കുന്നതിന്നായുള്ള ഒരു നിയമം കൊണ്ടുവരുന്നതിന്റെ ഒരേയൊരു ഫലം, അവയിലൊന്നിലേക്കു ജനങ്ങളെ പ്രേരിപ്പിക്കുകയായിരിക്കുന്നതുമാണ്" -ഇപ്രകാരമാണ് 'സ്റ്റാർ' മി. ആചാരിയെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അർത്ഥം ഏറെ സ്പഷ്ടം തന്നെയല്ലൊ. ഈ സംസ്ഥാനത്തിന്റെ നില ഇപ്രകാരമായിരിക്കുന്ന സ്ഥിതിക്ക് മി. ആചാരിയുടെ ആവേഗത്തെ ബ്രിട്ടീഷ് ഗവണ്മെന്റു വിവേകമെന്നു തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കാം. മി. ആചാരിയുടെ നടത്തയെയും നടപടികളെയും പറ്റി പരുഷവചനങ്ങൾകൊണ്ട് ആക്ഷേപം പറയുന്ന പത്രങ്ങൾ തിരുവിതാംകൂറിലുണ്ട്. പക്ഷേ ആ വക പത്രങ്ങളുടെ സാരത്തെ മാർദ്ദവപ്പെടുത്താനായിരിക്കാം സ്റ്റാർ 'താത്കാലികമായ ഒരു വ്യവസ്ഥ ചെയ്യേണ്ടിയിരിക്കുന്നുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നു.' എന്നുകൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ കാര്യം സാധിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഒരു പത്രാധിപയോഗം കൂടണമെന്നു 'സ്റ്റാർ'ഉത്സാഹിച്ചതെന്നും പറഞ്ഞിരിക്കുന്നു. സ്റ്റാറിന്റെ ഈ അഭിപ്രായം സെപ്തംബർ 1-ാം തിയതിയിലെ ലക്കത്തിലാണു പുറപ്പെടുവിച്ചിട്ടുള്ളതെന്നും, തലേദിവസമായ ആഗസ്റ്റ് 31-ാം തീയതിയാണ് പത്രാധിപയോഗത്തിനായുള്ള ക്ഷണക്കത്തുകൾ അയച്ചു തുടങ്ങിയതെന്നും, അതിനു തലേന്നാൾ ആഗസ്റ്റ് 30-ാം തീയതിയായിരുന്നു ദിവാൻജിയുടെ വ്യപദേഷ്ടാക്കളായ സർക്കാരച്ചുകൂടം സൂപ്രേണ്ട് മി.സി.വി. രാമൻപിള്ളയും 'സുഭാഷിണി' പത്രാധിപർ മി. പി.കെ. ഗോവിന്ദപ്പിള്ളയും സ്റ്റാർ പ്രവർത്തകനെ കണ്ടു ചില ആലോചനകൾ നടത്തിയതെന്നുമുള്ള വസ്തുതകളെ വായനക്കാർ ഓർത്തുകൊൾവാൻ അപേക്ഷ. പത്രാധിപയോഗത്തിന്റെ ആലോചന ദിവാൻജിയുടെ രക്ഷയെ ഉദ്ദേശിച്ചുണ്ടായതാണെന്നും, തിരുവിതാംകൂറിലെ പത്രങ്ങളുടെ രക്ഷയെ അത്രമേൽ സഹായിക്കാനായിട്ടായിരുന്നില്ലെന്നും ഊഹിക്കുന്നതിനു മറ്റു തെളിവുകൾ ആവശ്യമെങ്കിൽ ഞങ്ങൾ പിന്നാലെ അറിയിച്ചുകൊള്ളാം. എന്നാൽ മി. ആചാരിയുടെ വ്യപദേഷ്ടാക്കളുടെ പേരും ഉത്സാഹവും ഇന്നതാണെന്നു 'സ്വദേശാഭിമാനി' വെളിപ്പെടുത്തിയത് ഇവരുടെ ആശയെ ഭംഗപ്പെടുത്തി എന്ന് അറിയുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു. ഇവരുടെ ഉത്സാഹം, ദിവാൻജിയെ ഒരു വൈഷമ്യത്തിന്റെ കൊമ്പുകളിൽനിന്നു രക്ഷപ്പെടുത്താനായിരുന്നില്ലയോ? പ്രസ്സാക്ട് കൊണ്ടുവരുന്നതിനു മി. ആചാരിക്കു തത്കാലം അപാടവം ഉണ്ടെന്നും, എന്നാൽ, പ്രസ്സാക്ട് കൊണ്ടുവരുമെന്നു ചെയ്ത വീരവാദത്തെ ഉടൻ സാധിക്കാതെയിരിക്കുന്നതു തനിക്ക് അഭിമാനഹാനികരമാണെന്നു കാണുകയും, ഇവ രണ്ടിനെയുമോ ഒന്നിനെയോ തട്ടിനീക്കി സ്വസ്ഥതപ്പെടുത്തുന്നതിനു തന്നോടു പത്രപ്രവർത്തകന്മാർ ഒരു യോഗം കൂടി യാചിക്കുന്നതായാൽ ആ യാചനയെ ആധാരമാക്കിക്കൊണ്ടു പ്രസ്സാക്ടിനെ പിൻവലിച്ചതായി സമാധാനപ്പെടാമെന്നു മി. ആചാരിയുടെ വ്യപദേഷ്ടാക്കാൾ നിശ്ചയിക്കയും ചെയ്തതിന്റെ ഫലമായിട്ടല്ലയോ പത്രാധിപയോഗാലോചനയെ മുട്ടയിട്ടത് എന്നണു സംശയം. എന്നാൽ, കഷ്ടം! മി. ആചാരിയോ വ്യപദേഷ്ടാക്കളോ മുട്ടയിട്ടതും, മി. സി.വി. രാമൻപിള്ളയും കൂട്ടരും അടയിരുന്നതുമായ ഈ തന്ത്രം അവരുദ്ദേശിച്ച സ്വരൂപത്തിലുള്ള സന്താനത്തെ വിരിച്ചെടുക്കാൻ സാധിക്കാതെപോയതു ശോചനീയംതന്നെയാകുന്നു.⚫


(1910 സെപ്തംബർ 12)


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/35&oldid=159002" എന്ന താളിൽനിന്ന് ശേഖരിച്ചത്