Jump to content

താൾ:Ente naadu kadathal.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈമാതിരിയൊക്കെ സഹിക്കത്തക്കതാണ്" എന്നാണു വാദം. മാതൃകാനടത്ത അസാദ്ധ്യമാണെന്നു സമ്മതിക്കാം. അതുകൊണ്ട്, ആ നടത്തയെ മാതൃകയാക്കിവെച്ച് അതിനെ കഴിയുന്നിടത്തോളം പ്രാപിക്കുവാൻ പാടില്ലെന്നുണ്ടോ? എങ്കിലല്ലാതെ, അതിൽനിന്ന് അകന്നുപോകുന്നതിന് എന്തു ന്യായമാണുള്ളത്? നമ്മുടെ നാടു പരിഷ്കാരപ്പെട്ടിട്ടില്ലെങ്കിൽ ആ പരിഷ്കാരപദത്തെ പ്രാപിക്കുന്നതിനായി വേണ്ടതു പ്രവർത്തിക്കുന്നതിനുപകരം അപരിഷ്കാരത്തിൽ ചേർന്നവിധത്തിൽ പ്രവർത്തിച്ചാൽ, എങ്ങനെയാണു പരിഷ്കാരത്തിലെത്തുന്നത്? മുൻപറഞ്ഞതിനേക്കാളൊക്കെ സ്മരണീയമായ ഒരു വാദം കേൾക്കുക: "ദിവാൻജി നായന്മാർക്കു ഗുണം ചെയ്യാൻ വന്നിരിക്കുന്ന ആളാണ്; അതിനാൽ ഒരു നായരും അദ്ദേഹത്തിനുള്ള ദോഷത്തെ പറയരുത്." ഈ വാദമാണ് സ്വാർഥതത്പരൻമാർ പ്രയോഗിക്കുന്നത്. ദിവാൻജി നായന്മാർക്കു ഗുണം ചെയ്യാൻ വന്നിരിക്കുന്നു എന്ന സംഗതി തന്നെയും അദ്ദേഹം ചെയ്തിട്ടുള്ള ഗുണങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് തെളിയിക്കപ്പെടേണ്ടതായിരിക്കുന്നതേയുള്ളു. പിന്നെ നായന്മാർക്കു ഗുണംചെയ്യാൻ വന്നിരിക്കുന്നവരെയൊക്കെ, നായന്മാർ ദോഷം കണ്ടാലും ആരാധിക്കണമെന്നു നിബന്ധനയില്ലാത്ത സ്ഥിതിക്ക് ഈ വാദത്തിന്റെ ഉത്തരാർദ്ധവും നിരർത്ഥമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഒരു യുക്തിഭ്രമം നായന്മാരായ പത്രപ്രവർത്തകന്മാർ ആക്ഷേപം പറയരുത് എന്നതിലാകുന്നു. ഒരു പത്രത്തിന്റെ പ്രവർത്തകൻ നായർവർഗ്ഗത്തിൽ ജനിച്ചവനാണെന്നിരുന്നതാൽ, ആ പത്രം നായർപ്രതിനിധിയായി ഗണിക്കപ്പെടേണമോ? പത്രങ്ങൾ പൊതുജന പ്രതിനിധികളാണ്. പൊതുജനങ്ങളിൽ നായന്മാരും ഉൾപ്പെടും! എന്നാൽ നായന്മാരെക്കൊണ്ടുമാത്രം പൊതുജനങ്ങൾ ആകുന്നില്ലാ. ആസ്ഥിതിക്ക് ഒരു പത്രത്തിന്റെ അധിപതി, പൊതുജനപ്രതിനിധിയാണെങ്കിൽ, നായന്മാരുടെ മാത്രം പ്രതിനിധിയാകുന്നതെങ്ങനെ? ഈ വിചാരം ഇപ്പോഴത്തെ മരുമക്കത്തായ നായർത്തറവാടുകളിലെ ഇളമുറക്കാർ, തറവാട്ടുസ്വത്തു മുഴുവനും അവരിലോരോരുത്തന്റെയും മുതലാണെന്നു പറയുന്ന യുക്തിഭ്രമത്തെ അനുസരിച്ചുള്ളതായിരിക്കാം. വാസ്തവം അങ്ങനെയല്ലല്ലോ. ഇത്തരം ഭ്രമങ്ങൾ അസ്തമിച്ചാലല്ലാതെ പൊതുജനക്ഷേമപ്രവർത്തനം സുസാധമാകുന്നതല്ലാ. ⚫


(191 സെപ്തംബർ 2)


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/33&oldid=159000" എന്ന താളിൽനിന്ന് ശേഖരിച്ചത്