താൾ:Dharmaraja.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ഉപഗമമായിരുന്നു. എങ്കിലും തന്റെ യൗവനാരംഭത്തിലെ വിപ്ലവങ്ങൾ എങ്ങനെ തന്റെ ഭാഗ്യസ്ഥിതിക്കു വ്യാഴോദയമായി ഭവിച്ചുവോ, അങ്ങനെയുള്ള ജ്യോതിശ്ചക്രപരിവർത്തനം കൊണ്ടുതന്നെ, അപമാനകരമായ ഈ സംഭവവും തന്റെ ഭാഗ്യഭാസ്കരനെ ‘സ്വോച്ചഗത’നാക്കി സംക്രമിപ്പിച്ചേക്കാമെന്ന് ലോഭാകുലിതനായി ആ മഹാപ്രഭു സമാശ്വസിച്ചു. എന്നാൽ, തൽക്കാലസ്ഥിതികളുടെ രൂക്ഷമായ പാരമാർത്ഥ്യം അയാളുടെ അന്തഃപ്രദേശത്തെ വ്യാകുലപ്പെടുത്തി. തന്റെ കീർത്തിക്കും പ്രതാപത്തിനും മാന്യതയ്ക്കും നേരിട്ട ധിക്കൃതിക്ക് ഭൂമിയുടെ നാനാഭാഗങ്ങളിലും പ്രതിധ്വനിക്കുമാറുള്ള ഒരു പ്രതിക്രിയ ബലിഷ്ഠനായ താൻ നിർവ്വഹിക്കേണ്ടതാണെന്ന് അത്യുൽക്കടമോഹമാകുന്ന സന്നിപാതജ്വരത്തിന്റെ മൂർച്ഛയിൽ അയാൾ സങ്കല്പിക്കുകയും ചെയ്തു. ഭൂകമ്പാരംഭംപോലെ നാഭിനാളംമുതൽ ഒരു ദീർഘനിശ്വാസംചെയ്ത് ചന്ത്രക്കാറൻ അശരണനെന്നപോലെ ഊർദ്ധ്വമുഖനായി നിന്നപ്പോൾ, ആകാശവീഥിയെ ശാന്തമായി തരണംചെയ്യുന്ന ചന്ദ്രൻ അയാളുടെ നേത്രഗോളങ്ങളിൽ പ്രതിബിംബിച്ച് അവയെ രണ്ടു ചന്ദ്രപോതങ്ങളെന്നപോലെ പ്രകാശിപ്പിച്ചു. പ്രേക്ഷകന്മാരായ ജനങ്ങൾ, ആ പൈശാചദർശനം കൊണ്ടു ഭയാതുരന്മാരായി, ആ ദുർമ്മദന്റെ കോപാഗ്നിയിൽ ശലഭദശയെ പ്രാപിച്ചുപോകാതെ അവിടെനിന്നും ജവഗമനം തുടങ്ങി. എന്നാൽ ചന്ത്രക്കാറന്റെ നേത്രശശാങ്കന്മാരുടെ പരിവേഷദ്വന്ദ്വം പിണഞ്ഞിടഞ്ഞു ലസിക്കും വണ്ണം ഉമ്മിണിപ്പിള്ളയായ കണ്ടകവല്ലി അദ്ദേഹത്തെ താണ്ഡവപ്രദക്ഷിണം ചെയ്തുകൊണ്ടു നിന്നു. വൃദ്ധ മുതലായവരുടെ വാസസ്ഥലത്തുവച്ചുണ്ടായ മഹാപരിതാപകരമായ സംഭവത്തിൽ അവരോട് അനുകമ്പാഭാവമൊന്നും കാണിക്കാതെയും, അങ്ങനെ ഒരു വകക്കാരുണ്ടെന്നുള്ള സംഗതിപോലും ഗണിക്കാതെയും, ഋഷഭപ്രകൃതനായിത്തന്നെ ചന്ത്രക്കാറൻ, ഈശനാകട്ടെ ബ്രഹ്മനാകട്ടെ തന്നോടപ്രിയം പ്രവർത്തിച്ച ധൂർത്തനെ വൈരനിര്യാതനംകൊണ്ടു ക്ഷണേന അശ്രുപാനംചെയ്യിക്കുന്നുണ്ടെന്നു ശപഥംചെയ്ത് ചിലമ്പിനേത്തേക്കു തിരിച്ചു.

വൃദ്ധ മുതലായവരോട് ചന്ത്രക്കാറൻ കാണിച്ച മര്യാദാലോപത്തെ തന്റെ സ്വന്തരീതിയിൽ ഉദാരശീലനായ ഉമ്മിണിപ്പിള്ള പരിഹരിച്ചു. മന്ത്രക്കൂടംവിട്ട് തനിക്കു ശർമ്മദനായുള്ള അളിയപ്പെരുമാളെ തുടരുന്നതിനുമുമ്പിൽ തന്റെ പ്രചോദനത്താൽ കേശവൻകുഞ്ഞുള്ളേടം അറിഞ്ഞു സ്വകാമപ്രാപ്തിക്കു പ്രതിബന്ധമായ ആ യുവാവിനെ രാജഭൃത്യന്മാർ മാറ്റുകകൊണ്ട് അയാൾ ഉല്ലാസഭരിതനായിത്തീർന്നിരുന്നു. തന്റെ ശരീരവല്ലരികത്വത്തിന്റെ സരസതയെ അതിശയമായി സ്ഫുടീകരിച്ചും, ഏതു സരസാംഗനാഹൃദയഭിത്തിയേയും കരണ്ടു നശിപ്പിപ്പാൻ നിപുണമൂഷികനാണെന്നു നടിച്ചും മീനാക്ഷിയുടെ നേർക്ക്, “ആരെന്നാലും രക്ഷിപ്പാനിനി അപരൻ വരുമോ കേണാളെ” എന്നു വിജയസന്ദേശമായും, വൃദ്ധയുടെ നേർക്ക്, “എന്തറിഞ്ഞു മമ ശീലഗുണങ്ങളും ബുദ്ധിവിലാസവും” എന്നു ഭത്സനമായും, കുപ്പശ്ശാർ നിൽക്കുമെന്നു വിചാരിച്ചിരുന്ന സ്ഥലത്തെ നോക്കി “വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ” എന്നു ഗർവ്വദ്യോതകമായും ഓരോ നോട്ടങ്ങളെ പ്രക്ഷേപണം ചെയ്തു. കുപ്പശ്ശാരുടെ ഒരു പൊടിയെങ്കിലും അവിടെ ഇല്ലാതിരുന്നത് ഉമ്മിണിപ്പിള്ളയുടെ ആയുർബലം ശേഷിച്ചതുകൊണ്ടായിരുന്നു.

മീനാക്ഷി സാമാന്യേന തന്റെ വംശമഹത്വത്തിനൊത്തവിധം ധീരസിംഹപ്രകൃതിയായിരുന്നു എങ്കിലും, തനിക്കു ദൈവഗത്യാ സിദ്ധിച്ച കാമുകന്റെ സംഗതിയിൽ ഹൃദയമാർദ്ദവം കൊണ്ട് ഹരിണീസ്വഭാവയായിത്തീർന്നിരുന്നു. ആ യുവാവിനെ ഒരു ലളിതദിവ്യസമ്പത്തായി ധ്യാനിച്ച്, ആ ബാലിക മാനസപൂജ ചെയ്തുവന്നിരുന്നു. സമ്പൽസമൃദ്ധിയും ശൃംഗാരപരമാനന്ദാനുഭൂതിയും കാമിച്ചുത്ഭവിക്കുന്നതല്ലായിരുന്നു മീനാക്ഷിയുടെ പ്രണയം. ആ കന്യക ആ യുവാവിനെ ഭർത്തൃസ്ഥാനത്തിൽ സങ്കൽപനംചെയ്തു വരിച്ചത് തന്റെ ഐഹികദേഹിക്ക് ഒരു ആധാരപുരുഷനായും, രാസക്രീഡാരഹസ്യാന്തർഭൂതമായ ആത്മസമ്മേളനസ്വാരസ്യദനായും ആയിരുന്നു. ആ യുവാവും താനും പരസ്പരസർവ്വസ്വതയെ കൈക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മദേശമായ നാട്ടുമ്പുറത്ത് വൃക്ഷസങ്കലിതമായുള്ള വിജനസ്ഥലത്തിൽ രമ്യമായുള്ള ഒരു ഭവനത്തിൽ അതിന്റെ നായികാസ്ഥാനം വഹിച്ച്, വിശ്രമാവസരങ്ങളിൽ അദ്ദേഹത്തിന്റെ സാഹിത്യ ചാതുരിയെ ആസ്വദിച്ചും, തനിക്കു സിദ്ധമായുള്ള സംഗീതാമൃതത്താൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/84&oldid=158582" എന്ന താളിൽനിന്ന് ശേഖരിച്ചത്