Jump to content

താൾ:Dharmaraja.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യത് കേശവപിള്ളയുടെ മനസ്സിനെ ചഞ്ചലിപ്പിച്ചു. ആ ചോദ്യങ്ങൾക്കുണ്ടായ മറുപടികൾ മഹാരാജാവിന് ആ സന്ദർഭത്തിൽ സന്തോഷപ്രദമായിരുന്നില്ല. ആ സംവാദം അവസാനത്തിൽ ഹരിപഞ്ചാനനന്റെ ഉദ്യമങ്ങളെക്കുറിച്ചു പ്രത്യക്ഷമായിത്തന്നെ അനുകൂലപ്രതികൂലവാദമായി പരിണമിച്ചു. ബാല്യത്തിൽ ഊർജ്ജിതമായും അനന്തരം ശാസനംകൊണ്ടു ശമിതമായി ശേഷിച്ചും അയാളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ദ്രുതകോപം കേശവപിള്ളയെ ആ സന്ദർഭത്തിലും അനർത്ഥഗർത്തത്തിൽ ചാടിച്ചു. ഹരിപഞ്ചാനനന്റെ മതപ്രചരണോദ്യമങ്ങൾ ദ്രാഹശ്രമങ്ങൾ മാത്രമാണെന്ന് അയാൾ വർണ്ണിച്ചു. പൂർവരാത്രിയിൽത്തന്നെ എന്തെങ്കിലുമൊരു ദുഷ്കൃതി സംഭവ്യമെന്നു താൻ കാണുന്നതായി ഹരിപഞ്ചാനനൻ യുവരാജാവിനോടു പറഞ്ഞതും മഹാരാജാവ് ആ രാജകുമാരനിൽനിന്നു ധരിച്ചിരുന്നു. അങ്ങനെയുള്ള ദിവ്യനെ ഭത്സിക്കുന്നതു മതധിക്കാരമാണെന്ന് മഹാരാജാവിനു തോന്നി. ഇങ്ങനെ സംശയിക്കപ്പെട്ട അപരാധത്തിനു ശിക്ഷയായി. “കുറച്ചുദിവസത്തേക്കു കേശവൻ ഇവിടെ വരണമെന്നില്ല. സാധനങ്ങളെ ഇങ്ങോട്ടയച്ചാൽ മതി. എന്തോ ആകപ്പാടെ കഷ്ടകാലംതന്നെ!” എന്നു തിരുവുള്ളക്കേടായും ഒടുവിൽ പശ്ചാത്താപസൂചകമായും മതനിഷ്ഠനായ മഹാരാജാവിൽനിന്ന് ഒരു കൽപനയുണ്ടായി.

രാജ്യഭ്രംശത്തിനു തുല്യമായി തന്നാൽ ഗണിക്കപ്പെട്ട ഈ ശിക്ഷ താൻതന്നെ കൊലപാതകകർത്താവെന്നു സംശയിച്ചതുകൊണ്ടുണ്ടായതെന്ന്, കോപാന്ധമായ ആ സമയത്തിൽ കേശവപിള്ള വിചാരിച്ചുപോയതിനാൽ, അയാളുടെ മുഖത്തുണ്ടായിരുന്ന വിളർച്ചയും വിവശതയും മുഴുവൻ നീങ്ങി, രാജസന്നിധിയിൽ അനുവദിക്കപ്പെട്ടിട്ടില്ലാത്തതായ മുഖപ്രസാദത്തോടുകൂടി തന്റെ മടിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന അനന്തമുദ്രമോതിരത്തെ എടുത്ത്, “എന്നാൽ തെളിവുപോലും പൂർത്തിയായിരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട്, അതിനെ തിരുമുമ്പിൽ സമർപ്പണം ചെയ്തു. തന്റെ നേത്രങ്ങൾ തന്നെ വഞ്ചിക്കുന്നുവോ എന്നുള്ള വിചാരത്തോടുകൂടി നോക്കി, അതു തന്റെ മുമ്പിൽ പ്രത്യക്ഷമാകുന്ന ഒരു ഭയങ്കരവസ്തുതന്നെ എന്നു മഹാരാജാവു നിശ്ചയംവരുത്തി. എന്നിട്ട്, “ഇവിടെ വേണ്ട, ദുഃശകുനവലയത്തെ നീ തന്നെ കൊണ്ടുപോ” എന്നു മനഃപൂർവ്വമായ ജുഗുപ്സയോടും ഉദ്വേഗത്തോടും കല്പിച്ചു. കേശവപിള്ള അതിനുത്തരമായി ഒന്നും ഉണർത്തിക്കാതെ, ‘ഇതുതാൻ അവസാനമാം പ്രണാമം’ എന്നു സങ്കൽപിച്ചപോലെ തൊഴുതു വിടവാങ്ങി.

മോതിരത്തെ രണ്ടാമതും അണ്ണാവയ്യൻ തന്റെ ദ്രവ്യശക്തികൊണ്ടു കൈവശപ്പെടുത്തുകയും, അതിനെ കരസ്ഥമാക്കുന്നതിനു കേശവപിള്ള ചെയ്ത യത്നത്തിനിടയിൽ ജീവഹാനിക്കു സംഗതിവരികയും ചെയ്തു എന്നു മഹാരാജാവ് അനുമാനിച്ചു. എന്നാൽ ഇങ്ങനെയുള്ള അനുമാനത്തിനു വിപരീതമായി, ചില തെളിവുകൾ മറ്റൊരാളെ കുറ്റക്കാരനായി ചൂണ്ടിക്കാണിക്കയും ചെയ്യുന്നു. ഈ സ്ഥിതികളിൽ ഗൂഢമായുള്ള ഒരു പ്രാഥമികവിചാരണ താൻതന്നെ നടത്തിക്കളയാമെന്നു മഹാരാജാവു നിശ്ചയിച്ചു. അതിനാൽ കേശവപിള്ളയെ പുറത്താക്കിയുണ്ടായ കല്പനയെ റദ്ദുചെയ്യാതെയും, എന്നാൽ അതിനെ പ്രസിദ്ധീകരിക്കാതെയും, ചിലമ്പിനേത്തു ചന്ത്രക്കാറന്റെ മരുമകനെ പിടിക്കുന്നവർ അയാളെ യാതൊരു ഉപദ്രവവും അസഹ്യതയും ഏല്പിക്കാതെ തന്റെ മുമ്പിൽ ഹാജരാക്കിയതിന്റെ ശേഷമേ അനന്തരവിചാരണകൾ നടത്താവൂ എന്ന് ഒരു അടിയന്ത്രക്കല്പന പുറപ്പെടുവിച്ചു.


അദ്ധ്യായം പത്ത്
“. . . . . . . . . . . . . . . . . . . . . പ്രതിക്രിയ
ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ
പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ട്”

തന്റെ പ്രിയഭാഗിനേയന്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്രജാസ്വാതന്ത്ര്യത്തിനു ഹാനികരവുമായ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/83&oldid=158581" എന്ന താളിൽനിന്ന് ശേഖരിച്ചത്